സമൂഹത്തില്‍ നിരന്തരം നടക്കുന്നതും ശ്രദ്ധകിട്ടേണ്ടതുമായ വിഷയങ്ങളില്‍ പ്രതികരിക്കാത്ത സാഹിത്യകാരന്മാരെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്. സാഹിത്യകാരന്മാര് വാ തുറക്കുന്നത് നവംബറിലും ഡിസംബറിലും മാത്രമാണെന്ന് സന്തോഷ് പണ്ഡിറ്റ് വിമര്‍ശിച്ചു. നഴ്സുമാര്‍ സമരം നടത്തുമ്ബോള്‍ പോലും ഒന്നു പ്രതികരിക്കാന്‍ തയ്യാറാവാത്ത സാഹിത്യകാരന്മാര് അടക്കമുള്ളവര്‍ അവാര്‍ഡ് നിര്‍ണയത്തിന്റെ തൊട്ടു മുമ്പുള്ള മാസങ്ങളില്‍ സെലക്ടീവ് വിഷയങ്ങളില്‍ പ്രതികരണവുമായി എത്താറുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃശൂരില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി എത്തിയതായിരുന്നു പണ്ഡിറ്റ്. നഴ്സ്മാര് നടത്തുന്ന സമരം ഡോക്ടറ്മാരാണ് നടത്തിയരുന്നതെങ്കില് രണ്ട് ദിവസം കൊണ്ട് തീര്‍ന്നേനെയെന്നും പണ്ഡിറ്റ് പറഞ്ഞു. ദാരിദ്ര്യം അനുഭവിക്കുന്നവരുടെ ദാരിദ്ര്യം വിറ്റ് കാശാക്കുന്നവരും നഴ്സുമാരുടെ വിഷയം ഭംഗിയായി അവതരിപ്പിച്ച് കീശ വീര്‍പ്പിക്കുന്നവരും നഴ്സുമാരുടെ സമരത്തെ അവഗണിച്ചെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ സന്തോഷ് പണ്ഡിറ്റിനെ മുദ്യാവാക്യ വിളികളോടെയാണ് നഴ്സുമാര്‍ സ്വീകരിച്ചത്. കേരളത്തിലുള്ള ബംഗാളികള്‍ക്ക് കിട്ടുന്ന ശമ്പളം പോലും വിദ്യാസമ്പന്നരായ നഴ്സുമാര്‍ക്ക് നല്‍കാത്തത് ദൗര്‍ഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നഴ്സുമാരുടെ സമര ഫണ്ടിലേക്ക് 25000 രൂപയും അദ്ദേഹം സംഭാവന ചെയ്തു. ഒരു പാട്ടും പാടിയ ശേഷമാണ് പണ്ഡിറ്റ് പോയത്. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ആരംഭിച്ച നഴ്സ്മാരുടെ സമരം 13 ദിവസം പിന്നിട്ടിരിക്കുകയാണ്.
Post Your Comments