CinemaGeneralLatest NewsMollywoodNEWSWOODs

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ പോലിസ് തന്നെ

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’എന്ന ചിത്രത്തിന്റെ റിലീസ് ദിവസം. ആദ്യ ഷോയ്ക്കു മണി മുഴങ്ങി. ചിത്രത്തിൽ എസ് ഐ ആയി സ്‌ക്രീനിൽ തിളങ്ങുന്ന വ്യക്തിയുടെ അഭിനയം കണ്ടു മതിമറന്നു കണ്ടോ കൊള്ളാം എന്ന ഭാവത്തിൽ അടുത്ത സീറ്റിലിരിക്കുന്ന ആളെ നോക്കിയ ചേട്ടന് ഒരു സംശയം. ഈ ഇരിക്കുന്ന ആൾ തന്നെയല്ലേ സ്ക്രീനില്‍ ഉള്ളതും. തന്റെ സംശയം ഉറപ്പാക്കാനായി തല ചെരിച്ചൊന്നു നോക്കിയപ്പോൾ അദ്ദേഹം വീണ്ടും ഞെട്ടി. സിനിമയിൽ പോലീസ് വേഷത്തിലെത്തിയ പല മുഖങ്ങളും അടുത്തടുത്ത സീറ്റുകളിൽ ഇരിക്കുന്നു. ഒന്നുകൂടെ നോക്കിയപ്പോൾ അവർ ചിരിച്ചു. ആ ചിരിയിൽ അത് ഞങ്ങള്‍ തന്നെയാണെന്നുള്ള മറുപടി ഉണ്ടായിരുന്നു.

ഇത് കാഞ്ഞങ്ങാട്ടെ തിയേറ്ററിൽ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ദിലീഷ് പോത്തൻ ചിത്രം റിലീസ് ചെയ്ത ദിവസം നടന്ന രസകരമായ സംഭവമാണ്. റിലീസ് ദിവസം പതിവുകളെല്ലാം തെറ്റിച്ചു ആദ്യ ഷോയ്ക്കു തന്നെ ആദൂർ സിഐ സിബി കെ.തോമസിന്റെ നേതൃത്വത്തിൽ പൊലീസുകാർ എത്തിച്ചേർന്നത് വെറുതേ നേരമ്പോക്കിന് വേണ്ടിയല്ല. തങ്ങൾ അഭിനയിച്ച ചിത്രം ഒന്ന് കൺകുളിർക്കെ കാണാൻ വേണ്ടിയായിരുന്നു. ജീവിത പ്രതിസന്ധികൾക്കിടയിൽ എപ്പോഴോ മറന്ന ആ സ്വപ്നത്തിന്റെ വീണ്ടെടുക്കലിന് സാക്ഷ്യം വഹിക്കാനായിരുന്നു അവര്‍ എത്തിയത്.

കാസർഗോഡ് ഷേണി പൊലീസ് സ്റ്റേഷനിലെ എസ്ഐയായ സാജൻ മാത്യു എന്ന കഥാപാത്രമാണ് സിനിമയിൽ സിബി കെ.തോമസ് ചെയ്തത്. സിനിമയിലെത്താൻ ആഗ്രഹിച്ചു പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന സിബി പിന്നീട് അഭിനയ മോഹം ഉപേക്ഷിച്ചാണ് യൂണിഫോമണിഞ്ഞത്. ഇപ്പോൾ ശരിക്കും പോലീസായ ഇദ്ദേഹം യാതൊരുവിധ ശുപാർശകളോ മുൻപരിചയങ്ങളോ ഉപയോഗപ്പെടുത്താതെ നടന്മാർക്കു വേണ്ടിയുള്ള ഓഡിഷനിൽ പങ്കെടുത്താണ് സിനിമയിലേക്ക് എത്തിയത്.

സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ അടുത്തുനിന്ന ആളുടെ വക ഒരു ആശംസ “ഭാവിയുണ്ടുട്ടോ…. എന്ത് ചെയ്യുന്നു…?” ഞാൻ പറഞ്ഞു.. “പോലീസിലാണ്…” പിന്നെ ആളെ കണ്ടില്ല. ചിരിച്ചുകൊണ്ട് സിബി പറഞ്ഞു.
സംസ്ഥാനത്തെമ്പാടുമുള്ള 23പൊലീസുകാർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കാസർഗോഡ് ചിത്രീകരിച്ച സിനിമയിൽ ജില്ലയിലെ ഏഴ് പോലീസുകാർക്കാണ് അഭിനയിക്കാൻ അവസരം ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button