CinemaGeneralMollywoodNEWS

സിനിമയിലെ വിലക്കില്‍ ആശങ്കപ്പെട്ട് അമല്‍ നീരദും അന്‍വര്‍ റഷീദും

അമല്‍നീരദ് അന്‍വര്‍ റഷീദ് ചിത്രങ്ങളുടെ ഭാവി പ്രതിസന്ധിയില്‍. മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച സമരത്തില്‍ പങ്കെടുത്തില്ല എന്ന കാരണത്താലാണ് ഇരുവര്‍ക്കും വിലക്ക്. അമല്‍ നീരദിന്റെ റിലീസ് ചെയ്ത പുതിയ ചിത്രമായ സി.ഐഐക്കും വിലക്ക് ഭീഷണി ഉയര്‍ന്നിട്ടുണ്ട്. അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ‘പറവ’ എന്ന ചിത്രത്തിന്‍റെ ഭാവിയും പ്രതിസന്ധിയിലാണ്. ഇരുവരും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ സിനിമ നേരിടാന്‍ പോകുന്ന വിലക്കിനെക്കുറിച്ച് വ്യക്തമാക്കിയത്.

അന്‍വര്‍റഷീദിന്റെയും അമല്‍ നീരദിന്റെയും വാക്കുകളിലേക്ക്

മേയ് അഞ്ചിനാണ് സി.െഎ.എ റിലീസ് ചെയ്തത്. ബാഹുബലി റിലീസ് ചെയ്തത് ഏപ്രില്‍ 28നാണ്. അന്യഭാഷാ സിനിമകള്‍ക്ക് നേരത്തെ മുതല്‍ മള്‍ട്ടിപ്പിള്‍ റിലീസ് സാധ്യമായിരുന്നെങ്കിലും മലയാള സിനിമകള്‍ക്ക് അത്തരത്തില്‍ റിലീസ് ചെയ്യാന്‍ അനുമതി ലഭിച്ചത് അടുത്തിടെയാണ്. ബാഹുബലി റിലീസ് ചെയ്തതോടെ സി.ഐ.എ പ്രദര്‍ശിപ്പിക്കാമെന്നു വാക്കാല്‍ പറഞ്ഞ പല തിയറ്ററുകളും അതില്‍നിന്നു പിന്മാറി. കോഴിക്കോട് അപ്സര തിയറ്ററുമായി 4 ഷോ കളിക്കാമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. റിലീസിന്റെ തലേന്ന് അവര്‍ പറഞ്ഞു, 3 ഷോയെ കളിക്കൂ 2 ഷോ ബാഹുബലി കളിക്കുമെന്ന്. ഉടമ്ബടി ലംഘനം കാണിച്ച്‌ അപ്പോള്‍ത്തന്നെ ഞങ്ങള്‍ അസോസിയേഷനില്‍ പരാതി കൊടുത്തു. എന്നാല്‍ സി.ഐ.എ ഇറങ്ങി 3 ദിവസം കഴിഞ്ഞപ്പോള്‍ ബാഹുബലി 3 ഷോയും ഞങ്ങളുടെ സിനിമ രണ്ടു ഷോയുമാക്കി. ഹോള്‍ഡ് ഓവറായാല്‍ മാത്രമെ ഒരു പടം മാറ്റാന്‍ പറ്റൂ. സി.ഐ.എ ഹോള്‍ഡ് ഓവറായില്ലെന്നു മാത്രമല്ല ആദ്യ 3 ദിവസം ഹൗസ്ഫുള്‍ ആയാണ് ഓടിയതും. ഷോകളുടെ എണ്ണം രണ്ടാമതും കുറച്ചപ്പോള്‍ വീണ്ടും കത്തു കൊടുത്തു. എന്നാല്‍ ഈ രണ്ടു കത്തുകളും സംബന്ധിച്ച്‌ ഒരു നടപടിയും അവിടെ നിന്നുണ്ടായില്ല. ഒന്നു രണ്ട് ആളുകള്‍ ഫോണില്‍ വിളിച്ച്‌ ‘ഞങ്ങള്‍ നോക്കിക്കോളാം’ എന്നൊക്കെ പറഞ്ഞതല്ലാതെ സിനിമയെ സഹായിക്കുന്ന ഒരു നടപടിയും അവരുടെ ഭാഗത്തു നിന്നുണ്ടായില്ല.

മെയ് 16ന് ഞങ്ങളുടെ ഓഫിസ് നമ്ബറിലേക്ക് (എന്റെയോ അന്‍വറിന്റെയോ മൊബൈലിലേക്കല്ല) ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഓഫിസിലെ മാനേജരായ മോഹനന്‍ എന്നയാള്‍ വിളിച്ച്‌ 19ാം തീയതി മുതല്‍ മള്‍ട്ടിപ്ലെക്സ് സമരമാണ്. പടം കൊടുക്കാന്‍ പാടില്ല എന്നു പറഞ്ഞു. സാധാരണ ഒരു സമരം വരുമ്ബോള്‍ അപ്പോള്‍ തിയറ്ററില്‍ ഓടുന്ന സിനിമകളെ ഒഴിവാക്കാറാണ് പതിവ്. ഒന്നു രണ്ടു വര്‍ഷത്തെ അധ്വാനം കൊണ്ട് ഉണ്ടാക്കിയ ചിത്രമാണ്. മള്‍ട്ടിപ്ലെക്സുകളില്‍നിന്നു മാറ്റിയാല്‍ നഷ്ടം നേരിടും. സി.ഐ.എ ഇറങ്ങി രണ്ടാം ദിവസം പൈറേറ്റഡ് കോപ്പി ഇറങ്ങിയതാണ്, അതിനു പിന്നാലെ സിനിമ മാറ്റുക കൂടി ചെയ്താല്‍ അതു കനത്ത നഷ്ടമാകും. ഇതെല്ലാം കാണിച്ച്‌ മൂന്നാമതൊരു കത്തു കൂടി അസോസിയേഷനു കൊടുത്തു. പക്ഷേ അതിനും മറുപടി ലഭിച്ചില്ല. കത്തോ അറിയിപ്പോ ഒന്നുമില്ലാതെ ഒരു സമരം. നാളെ ഒരു പ്രശ്നമുണ്ടാകുമ്ബൊ തെളിവ് ഉണ്ടാകാതിരിക്കാനാവണം, ഒരു അറിയിപ്പും ഒരു കാലത്തും ലഭിച്ചിട്ടില്ല.

ബാഹുബലി പോലൊരു വലിയ സിനിമ റിലീസ് ചെയ്യുന്നു. അതിനും നോമ്ബിനും മഴയ്ക്കുമിടയിലുള്ള ചെറിയ ഒരു സമയത്താണ് ഈ ചിത്രം റിലീസ് ചെയ്തത്. രണ്ടാം ദിവസം ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പിയുമിറങ്ങി. അങ്ങനെയൊരു അവസ്ഥയില്‍ സമരത്തില്‍നിന്ന് ഞങ്ങളെ ഒഴിവാക്കണം എന്നാണ് ഞങ്ങള്‍ കത്തില്‍ പറഞ്ഞിരുന്നത്. അഞ്ചാം തീയതി ഞങ്ങള്‍ കൊടുത്ത പരാതിയില്‍ ഒരു തീര്‍പ്പും കല്‍പ്പിക്കാത്ത സംഘടന പെട്ടെന്നൊരു ദിവസം, ഓടിക്കൊണ്ടിരിക്കുന്ന സിനിമ പിന്‍വലിക്കണം എന്ന് ഒരു ഔദ്യോഗിക അറിയിപ്പു പോലുമില്ലാതെ ആവശ്യപ്പെടുന്നത് അനീതിയല്ലേ ?ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഒരു ബെനിഫിഷ്യറി സംഘടനയാണ്. അതിലെ അംഗങ്ങളുടെ ഗുണത്തിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ഒരു പ്രസ്ഥാനം. ഞങ്ങളാരും സമരത്തിന് എതിരല്ല. ഇങ്ങനെയൊരു സമരം വരുന്നുണ്ടെന്ന് മൂന്നു മാസം മുമ്ബോ, ഒരു മാസം മുമ്ബോ, 15 ദിവസം മുമ്ബോ എങ്കിലും അറിയിച്ചിരുന്നെങ്കില്‍ ഞങ്ങളും ഒപ്പം നിന്നേനെ. മലയാള സിനിമയില്‍ ഇപ്പോള്‍ മാര്‍ക്കറ്റിങ്ങിനു വേണ്ടി ലക്ഷങ്ങളാണ് മുടക്കുന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ച തികയും മുമ്ബ് ചിത്രം മാറ്റണമെന്ന് പറഞ്ഞാല്‍ അതെങ്ങനെ അംഗീകരിക്കാനാവും ഒരു ചര്‍ച്ചയും നടത്താതെ, ഓടിക്കൊണ്ടിരിക്കുന്ന സിനിമ നിര്‍ത്തണം എന്നു പറയുന്നത് ആ സിനിമയെ കൊല്ലുന്നതിനു തുല്യമാണ്. അതുകൊണ്ട് ആ അപ്രഖ്യാപിത സമരത്തില്‍ പങ്കെടുക്കാതെ ഞങ്ങള്‍ സി.ഐ.എ മള്‍ട്ടിപ്ലെക്സില്‍ ഓടിച്ചു. രക്ഷാധികാരി ബൈജു എന്ന ചിത്രവും സമരത്തില്‍ പങ്കെടുക്കാതെ മള്‍ട്ടിപ്ലെക്സിലെ ഷോ തുടര്‍ന്നു. പിന്നീടിറങ്ങിയ ഗോദ, കെയര്‍ഫുള്‍, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ എന്നീ സിനിമകളും മള്‍ട്ടിപ്ലെക്സില്‍ കളിച്ചു. അച്ചായന്‍സ്, രാമന്റെ ഏദന്‍തോട്ടം എന്നീ ചിത്രങ്ങള്‍ മള്‍ട്ടിപ്ലെക്സില്‍ കളിച്ചുമില്ല. അങ്ങനെ അഞ്ചു സിനിമകള്‍ സമരത്തില്‍ പങ്കെടുത്തില്ല. രണ്ടു സിനിമകള്‍ പങ്കെടുത്തു. പക്ഷേ നഷ്ടം വന്നത് മലയാള സിനിമയ്ക്കു മാത്രം.

സമരത്തില്‍ പങ്കെടുക്കാതെ മള്‍ട്ടിപ്ലെക്സില്‍ ഞങ്ങള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തുടര്‍ന്നതോടെ, പിന്നീട് സിനിമ പ്രദര്‍ശിപ്പിക്കേണ്ട ബി, സി ക്ലാസ് തിയറ്ററുകളില്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനില്‍നിന്നു വിളിച്ച്‌ ‘ഈ ചിത്രം പ്രദര്‍ശിപ്പിക്കരുത്, വിലക്കാണ്’ എന്നു പറഞ്ഞു. അങ്ങനെ 49 തിയറ്ററുകളിലെ റിലീസ് കഴിഞ്ഞ 42 ദിവസമായി അസോസിയേഷന്‍ തടഞ്ഞു വച്ചിരിക്കുകയാണ്. പെരുന്നാളിനോട് അനുബന്ധിച്ച്‌ മലബാറിലെ പല തിയറ്ററുകളും ചിത്രം പ്രദര്‍ശിപ്പിക്കാമെന്നു അറിയിക്കുകയും പോസ്റ്റര്‍ വരെ ഒട്ടിക്കുകയും ചെയ്തു. എന്നാല്‍ അസോസിയേഷനില്‍നിന്ന് വിളിച്ച്‌ സി.ഐ.എയ്ക്ക് വിലക്കാണ് പ്രദര്‍ശിപ്പിക്കരുത് എന്ന് പറഞ്ഞു. വിലക്കു ലംഘിച്ചാല്‍ ഇനി മറ്റു സിനിമകള്‍ ലഭിക്കില്ലെന്നു ഭീഷണിയും.

കുറച്ചു നാള്‍ മുന്‍പും ഇതു പോലൊരു സമരം മലയാള സിനിമയില്‍ ഉണ്ടായിരുന്നു. അന്ന് സമരം തീര്‍ന്നതിനോടൊപ്പം ഒരു കോര്‍ കമ്മിറ്റി കൂടി രൂപീകരിക്കപ്പെട്ടു. മുന്നറിയിപ്പില്ലാത്ത സമരങ്ങള്‍ ഇനി ഉണ്ടാവില്ല, സിനിമകള്‍ കളിക്കാതിരിക്കില്ല എന്നൊക്കെയായിരുന്നു അന്ന് ആ കമ്മിറ്റി നല്‍കിയ ഉറപ്പുകള്‍. അതിനാല്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായപ്പോള്‍ ഞങ്ങള്‍ കോര്‍ കമ്മിറ്റിക്കും പരാതി കൊടുത്തു. കോര്‍ കമ്മിറ്റി അങ്ങനെ ഞങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചു. ദിലീപുള്‍പ്പടെയുള്ള കോര്‍ കമ്മിറ്റി അംഗങ്ങള്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഞങ്ങള്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പരാതി കൊടുത്ത കാര്യമൊന്നും കോര്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് അറിയില്ലായിരുന്നു.ആ ചര്‍ച്ചയില്‍ ഞങ്ങള്‍ നേരത്തെ പരാതി കൊടുത്തതും അപ്സര തിയറ്ററിന്റെ വിഷയവുമൊക്കെ പറഞ്ഞു. അതൊക്കെ പരിഹരിക്കാം എന്നവര്‍ ഉറപ്പു നല്‍കി. ആ സമയത്ത് മള്‍ട്ടിപ്ലെക്സ് സമരവും ഏതാണ്ട് ഒത്തുതീര്‍പ്പാക്കിയിരുന്നു. അന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലെ ചലച്ചിത്ര രാമകൃഷ്ണന്‍ എന്ന ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹി ഞങ്ങളോടു പറഞ്ഞത് ‘സമരം ഒത്തുതീര്‍പ്പായി, നിങ്ങളുടെ പരാതികള്‍ക്കും പരിഹാരം ഉണ്ടാക്കിത്തരാം. പക്ഷേ നിങ്ങള്‍ സിനിമ പിന്‍വലിക്കണം’ എന്നാണ്. സമരം ഒത്തുതീര്‍പ്പായെങ്കില്‍ പിന്നെന്തിനാണ് സിനിമ പിന്‍വലിക്കുന്നതെന്ന് ഞങ്ങള്‍ ചോദിച്ചു. പക്ഷേ അതിന് അവര്‍ക്ക് ഉത്തരമില്ലായിരുന്നു. ഒടുവില്‍ ‘നിങ്ങളുടെ പരാതികള്‍ പരിഹരിക്കാം, നിങ്ങളെ ബന്ധപ്പെട്ടോളാം’ എന്നു പറഞ്ഞു ചര്‍ച്ച പിരിഞ്ഞു. അതു കഴിഞ്ഞ് രണ്ടാഴ്ചയായി. ഇതു വരെ ആരും വിളിച്ചുമില്ല. ഒന്നും പരിഹരിച്ചുമില്ല. ഈ മീറ്റിങ്ങിനു ശേഷം ബാക്കിയുള്ള സിനിമകളുടെ വിലക്ക് അവര്‍ നീക്കി. അവരുടെ ചിത്രങ്ങള്‍ ബി, സി ക്ലാസ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. പക്ഷേ ഞങ്ങളെ മാത്രം ഇപ്പോഴും വിലക്കിയിരിക്കുകയാണ്. കോര്‍ കമ്മിറ്റി അംഗങ്ങളോട് അന്വേഷിച്ചപ്പോള്‍ ഞങ്ങളെക്കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്.

ഈ വിലക്കുകള്‍ നിയമപരമല്ല. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ നോട്ടിസ് നല്‍കി പുറത്താക്കാം. അല്ലാതെ ഫോണ്‍ വിളിച്ച്‌ അവരുടെ സിനിമ പ്രദര്‍ശിപ്പിക്കരുത് എന്നുപറയുന്നത് ശരിയല്ലല്ലോ. വിലക്കിയോ എന്നു ചോദിച്ചാല്‍ വിലക്കി. തെളിവുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല. സമരവും വിലക്കും അപ്രഖ്യാപിതമാണ്. ലെവി അടച്ചാണ് നമ്മളൊക്കെ സംഘടനയില്‍ അംഗങ്ങളായി നില്‍ക്കുന്നത്. എന്നാല്‍ ഒരു അപ്രഖ്യാപിത സമരം നടത്തുന്നതു പോലുള്ള നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന സമയത്ത്, അപ്പോള്‍ ഓടുന്ന സിനിമയുടെ നിര്‍മാതാവെന്ന നിലയില്‍ ഒരു വാക്കെങ്കിലും ചര്‍ച്ച ചെയ്യാന്‍ വിളിക്കേണ്ടേ. വിലക്കുകള്‍ എല്ലായ്പ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ട് ഉണ്ടാവുന്നു എന്നാരും ചിന്തിക്കുന്നില്ല. അപ്രഖ്യാപിത സമരങ്ങള്‍ വരുന്നതെപ്പോഴാണ് ? ഞങ്ങളുടെ സിനിമകള്‍ ഉള്ളപ്പോള്‍. അസോസിയേഷന്റെ നേതൃത്വത്തിലുള്ളവരുടെ സിനിമകള്‍ ഉള്ളപ്പോള്‍ സമരമില്ല എന്ന അവസ്ഥ. റമസാന്‍ സിനിമകള്‍ റിലീസ് ചെയ്യാറായപ്പോഴേക്ക് സമരം പെട്ടെന്ന് ഒത്തുതീര്‍ന്നതിന്റെ പിന്നിലെ രഹസ്യം എന്താണ് ? ഇങ്ങനെയൊരു സമരം ഉണ്ടാവുമെന്ന് നേരത്തെ അറിയാമായിരുന്നവര്‍ റിലീസ് മാറ്റി വച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്. അന്യഭാഷാ ചിത്രങ്ങള്‍ റിലീസ് ചെയ്യാനെടുക്കുന്ന താല്‍പര്യം കാണിച്ചില്ലെങ്കിലും അല്‍പം കരുണയെങ്കിലും ഞങ്ങളുടെ ഈ പാവം സിനിമകളോട് കാണിക്കേണ്ടതല്ലേ? നിത്യ മേനോന് വിലക്കുണ്ടായിരുന്ന സമയത്ത് അവരെ ബാച്ചിലര്‍ പാര്‍ട്ടിയിലും ഉസ്താദ് ഹോട്ടലിലും അഭിനയിപ്പിച്ചതിന് പിഴ അടച്ചവരാണ് ഞങ്ങള്‍. എല്ലാ സംഘടനകളിലും ഞങ്ങള്‍ പരാതി കൊടുത്തു. കോര്‍ കമ്മിറ്റി, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, ഫെഫ്ക എന്നിങ്ങനെ എല്ലാവര്‍ക്കും. കോര്‍ കമ്മിറ്റി നേതൃത്വത്തിലുള്ള ദിലീപ് എല്ലായിടത്തും സമരത്തിനെതിരായാണ് പറഞ്ഞത്. എന്നിട്ടും ഞങ്ങള്‍ക്ക് നീതി കിട്ടിയില്ല. ഈ സമരം അപക്വമായ തീരുമാനമായിരുന്നെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. സമരം വരുന്നുണ്ടെന്ന് ആര്‍ക്കറിയാം ആര്‍ക്കറിയില്ല എന്ന് നമുക്കറിയില്ല. ഞങ്ങളോടാരും പറഞ്ഞിട്ടില്ല.രക്ഷാധികാരി ബൈജു വളരെ നല്ല അഭിപ്രായം നേടിയ സിനിമയായിരുന്നു. സമരം മൂലം അതിനുണ്ടായ നഷ്ടം ചില്ലറയല്ല. ഇതു സംബന്ധിച്ച്‌ സാംസ്കാരിക വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി കൊടുക്കാനാണ് ഞങ്ങളുടെ തീരുമാനം. ഈ സംഘടനയില്‍നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കില്ല. പറവ എന്ന വരാനിരിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കരുതെന്നും എ ആന്‍ഡ് എ എന്ന ഞങ്ങളുടെ വിതരണക്കമ്ബനിക്ക് വിലക്കാണെന്നും അസോസിയേഷനില്‍നിന്നു തിയറ്ററുകളില്‍ വിളിച്ചു പറയുകയാണ്.

ഞങ്ങള്‍ പരമ്ബരാഗത നിര്‍മാതാക്കളോ വലിയ പണമുള്ള വീട്ടിലെ ആളുകളോ അല്ല. സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളാണ്. ഏതൊരു സാധാരണക്കാരനും സിനിമ നിര്‍മിക്കാനും വിതരണം ചെയ്യാനും കഴിയുമെന്ന് തെളിയിച്ചു കൊടുക്കാന്‍ ഞങ്ങള്‍ക്കായി. പുതിയ ചെറുപ്പക്കാര്‍ വരുന്നതു കൊണ്ടാണ് മലയാള സിനിമ നന്നാവുന്നത്. വിലക്കു കൊണ്ട് സിനിമയില്‍നിന്നു ഞങ്ങളെ പുറത്താക്കാമെന്നാരും വിചാരിക്കേണ്ട. ഞങ്ങള്‍ ഇനിയും സിനിമകള്‍ ചെയ്യും. ഇതു ഞങ്ങള്‍ രണ്ടു പേരുടെ മാത്രം സ്വരമല്ല. മാറ്റം ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ മലയാള സിനിമയില്‍ ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button