പ്രവീണ്‍.പി നായര്‍
‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയ്ക്ക് ശേഷം പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങിയ നാമമാണ് ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെത്. റിയലസ്റ്റിക് അന്തരീക്ഷത്തില്‍ നിന്ന്കൊണ്ട് കൊമേഴ്സിയല്‍ ട്രീറ്റ്മെന്‍റ് ഭംഗിയായി ഉപയോഗിച്ച ചിത്രമായിരുന്നു ‘മഹേഷിന്റെ പ്രതികാരം’. നിരൂപക ശ്രദ്ധ നേടിയ ചിത്രം ബോക്സോഫീസിലും ഹിറ്റ് രചിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രത്തെ പ്രശംസിച്ച് മോഹന്‍ലാലടക്കമുള്ള പല താരങ്ങളും രംഗത്ത് വന്നു. ആദ്യ ചിത്രത്തിന്‍റെ ജനസ്വീകാര്യതയില്‍ നിന്ന് രണ്ടാം ചിത്രത്തിലെത്തുമ്പോള്‍ ദിലീഷ് പോത്തനു ഉത്തരവാദിത്വത്തിന്‍റെ കനം വര്‍ദ്ധിക്കുകയാണ്. സന്ദീപ്‌സേനനും, അനീഷ്‌എം തോമസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും പത്രപ്രവര്‍ത്തകനായ സജീവ് പാഴൂരിന്റെതാണ്.
ഒരിക്കലും മഹേഷിന്റെ പ്രതികാരത്തിലൂടെയല്ല തൊണ്ടി മുതലിന്റെ വഴി തേടേണ്ടത്. മഹേഷിന്റെ പ്രതികാരത്തെ മഹേഷിന്റെ പ്രതികാരമായി കാണാനും, തൊണ്ടിമുതലിനെ തൊണ്ടിമുതലായി കാണാനുമുളള ബോധമാണ് പ്രേക്ഷകരില്‍ ആദ്യം ഉണ്ടാകേണ്ടത്.
നമ്മുടെ സമൂഹത്തില്‍ ഇടയ്ക്കിടെ അരങ്ങേറാറുള്ള മാലമോഷണത്തെ വിഷയമാക്കിയുള്ളതാണ് തൊണ്ടി മുതലിന്റെ പ്രമേയം. ഒരു ഹ്രസ്വചിത്രത്തിന് യോജിക്കുന്നതായ ചെറുവിഷയത്തെ അസ്സലായ സിനിമാരൂപമാക്കി അവതരിപ്പിച്ചതാണ് തൊണ്ടിമുതലിന്റെ മികവ്. തൊണ്ടിമുതലില്‍ കാണുന്നത് പോലെയുള്ള റിയലസ്റ്റിക് സമീപനം പലചിത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടതാണെങ്കിലും ചിത്രത്തിന്‍റെ പുതുമയുള്ള കഥാസന്ദര്‍ഭം പ്രേക്ഷകനെ ആകര്‍ഷിച്ചിരുത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്. സ്വാഭാവിക ശൈലിയിലുള്ള പടം പിടുത്തതിനു മുന്നില്‍ നെടുവീര്‍പ്പിട്ടു സമയം കഴിച്ചിരുന്നവരൊക്കെ തൊണ്ടിമുതലിനെ കാര്യമായി പരിഗണിച്ചു എന്നത് ശ്രദ്ധേയമാണ്. കാരണം ഏതൊരു മലയാളിക്കും അത്രത്തോളം സ്വീകര്യമാകുന്നതും, ഇഷ്ടമാകുന്നതുമായ സിമ്പിള്‍ പ്ലോട്ടാണ് ചിത്രത്തിലേത്.
ദമ്പതികളായ പ്രസാദിന്റെയും,ശ്രീജയുടെയും ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ ഒരേട് മനോഹരമായി അവതരിപ്പിച്ച ദിലീഷ് പോത്തന്‍ ചിത്രത്തിന്റെ തിരക്കഥയോട് ഒരു സംവിധായകനെന്ന നിലയില്‍ പൂര്‍ണ്ണമായി നീതി പുലര്‍ത്തിയിട്ടുണ്ട്. ചിത്രത്തിലെവിടെയും വൈകാരികത തിളയ്ക്കുന്ന രംഗങ്ങളോ, പൊട്ടിചിരിപ്പിക്കുന്ന മൂഹൂര്‍ത്തങ്ങളോ ഇല്ല. ഉള്ളതിത്രയും ശുദ്ധമായ ജീവിത പകര്‍പ്പാണ്. എവിടെയോ നടന്ന ജീവിത സാഹചര്യങ്ങളെ ദിലീഷ് പോത്തനും കൂട്ടരും ചേര്‍ന്ന് സമര്‍ഥമായി കോപ്പി അടിച്ചിരിക്കുന്നു. ഏറിയ പങ്കും പോലീസ് സ്റ്റേഷനില്‍ പങ്കുവയ്ക്കുന്ന ചിത്രത്തില്‍ ഒരാള്‍പോലും ഹീറോയിസം കാണിച്ചു കൊണ്ട് അവതരിക്കുന്നില്ല.റിയല്‍ ലൈഫിലെ പോലീസ് വേഷത്തില്‍നിന്ന് ഒരുകൂട്ടം പേര്‍ ക്യാമറയ്ക്ക് മുന്നിലെ നിയമപാലകരായപ്പോള്‍ അഭിനയമെന്ന കള്ളത്തരത്തെ അവര്‍ നിസ്സാരമായി കൊന്നൊടുക്കി. രംഗത്ത് വന്ന ചില കഥാപാത്രങ്ങള്‍ റിയാലിറ്റിയില്‍ നിന്ന് വ്യതിചലിക്കുന്നുണ്ടെങ്കിലും ദിലീഷ് പോത്തനിലെ മിടുക്കനായ സൂത്രധാരന്‍ എല്ലാ കഥാപാത്രങ്ങളെയും കയ്യടക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. സംഭാഷണങ്ങളില്‍ നര്‍മത്തിനു പ്രാധാന്യം നല്‍കുന്ന ചില അവസരങ്ങളിലൊക്കെ ചിത്രം റിയാലിറ്റി അനുഭവം മാറ്റിനിര്‍ത്തി ഡ്രാമാറ്റിക് മൂഡില്‍ വീണുപോകുന്നത് കാണാം. വീണ്ടും സ്വാഭാവിക സ്റ്റൈലിലേക്ക് തിരികെ കയറുന്ന ചിത്രം പ്രേക്ഷകന് കണ്ടിരിക്കും നേരം ആഹ്ലാദവും, ആശങ്കയും, ആശ്വാസവും നല്‍കുന്നു. മെല്ലപ്പോക്ക് അനുഭവപ്പെടാതെയാണ് സിനിമയുലടനീളം ദിലീഷ് പോത്തന്‍ സ്വാഭാവിക ചിത്രീകരണം വരച്ചിട്ടത്. കഥാപാത്രങ്ങളുടെ മനോവികാരങ്ങള്‍ക്ക് ബലം നല്‍കിയല്ല ചിത്രം പറഞ്ഞിരിക്കുന്നത്. ചിത്രത്തിലെ കഥയിലൂടെ കഥാപാത്രങ്ങള്‍ സഞ്ചരിച്ചതാണ് ചിത്രത്തിന്റെ ബ്രില്ല്യന്‍സ്.
തൊണ്ടിമുതലില്‍ വൃത്തിയുള്ള പ്രണയമുണ്ട്, സൗഹൃദപരമായ സംഘടനമുണ്ട്, സ്നേഹബന്ധത്തിന്റെ ആഴമുണ്ട്. നിഷ്കളങ്കതയുടെ തുറന്നെഴുത്തുണ്ട്. സത്യസന്ധമായ ആവിഷ്കാരരീതിയുണ്ട്. ഇതെല്ലം സമ്മേളിക്കുമ്പോള്‍ ദിലീഷ് പോത്തന്റെ രണ്ടാം ചിത്രം സുന്ദരം സമ്പൂര്‍ണ്ണം. മാറ്റത്തിന്റെ വഴിയേ കൊടുമുടി കയറുന്ന മലയാള സിനിമയുടെ ഹൃദയത്തില്‍ അഭിമാനപൂര്‍വ്വം കൊത്തിവെക്കാം ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമാ പേര്.
ഫഹദ് ഫാസില്‍ വിസ്മയിപ്പിക്കുന്ന നടനായി വളരുകയാണ്. പൂര്‍ണ്ണതയുള്ള അഭിനയത്തിന്റെ പുതിയ വിളിപ്പേരാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ച പ്രസാദ്. വാക്കിലും, നോക്കിലും അത്ഭുതമാകുന്നുണ്ട് പ്രസാദ് എന്ന തസ്കരവീരന്‍. സിനിമക്കപ്പുറം ശക്തമാകുന്ന ഫഹദിന്റെ പെര്‍ഫോമന്‍സ് വാഴ്ത്തപ്പെടെണ്ടത് തന്നെയാണ്. പ്രസാദ് എന്ന മറ്റൊരു കഥാപാത്രമായി സുരാജും ചിത്രത്തില്‍ സ്കോര്‍ ചെയ്യുന്നുണ്ട്. സംവിധായകന്‍റെ നിര്‍ദേശാനുസരണം അഭിനയത്തിലെ സ്വാഭാവികത സുരാജിലെ ആക്ടര്‍ കൃത്യമായി നിലനിര്‍ത്തുന്നുണ്ട്. ഭാവവ്യത്യാസങ്ങളില്‍ കൂടുതല്‍ വ്യത്യസ്തതവരുത്താന്‍ ശ്രമിക്കുന്ന സുരാജ് ഇടയ്ക്കൊക്കെ പതറുന്നുണ്ട്. നന്നേ പ്രയാസപ്പെട്ടിട്ടാണ് ഇത്തരമൊരു കഥാപാത്രത്തെ സുരാജ് തുലനം ചെയ്തു നിര്‍ത്തിയത്. എന്നിരുന്നാലും പ്രശംസനീയമാണ് സുരാജിന്റെ പ്രകടനം.
പുതുമുഖ നായിക നിമിഷ സജയന്‍ കൈയ്യടി അര്‍ഹിക്കുന്ന കിടിലന്‍ പ്രകടനമാണ് സിനിമയില്‍ കാഴ്ചവച്ചത്. ശ്രീജ എന്ന കഥാപാത്രത്തെ ആദ്യ നായികയുടെ പേടിയേതുമില്ലാതെ നിമിഷ സജയന്‍ ഗംഭീരമാക്കിയിട്ടുണ്ട്. എസ്ഐയുടെ റോളിലെത്തിയാള്‍ യഥാര്‍ത്ഥ ജീവിതത്തിലെ സി.ഐ ആണ്. ഇനി അദ്ദേഹത്തെ നല്ല നടനെന്ന വിളിപ്പേരോടെ ധൈര്യമായി വിളിക്കാം. ആദ്യ കഥാപാത്രം ഒരു അഭിനേതാവിന്റെ ശരീരഭാഷയോടെ അഭിനയിച്ച് തകര്‍ത്തിട്ടുണ്ട് സാജന്‍ സിഐ. യഥാര്‍ത്ഥ പോലീസുകാരെ സിനിമയില്‍ ഉള്‍പ്പെടുത്തണണമെന്ന സംവിധായകന്റെ തീരുമാനത്തെ പ്രശംസിച്ചേ മതിയാകൂ. ചിത്രത്തില്‍ അഭിനയിച്ച കാക്കികളൊക്കെ ഇനിമുതല്‍ കാക്കി മറന്നു ക്യാമറയ്ക്ക് പിന്നാലെ പോകുമോ എന്നുള്ളത് രസകരമായ സംഗതിയാണ്. അലന്‍സിയറിന്റെ വേഷവും പ്രേക്ഷകരുടെ വിലയിരുത്തലില്‍ ചര്‍ച്ചയാകുന്നുണ്ട്. പൂര്‍ണ്ണമായും റിയലസ്റ്റിക് ഫോര്‍മാറ്റില്‍ കഥപറഞ്ഞ ചിത്രത്തില്‍ അലന്‍സിയറുടെ കഥാപാത്രത്തിന് മാത്രമാണ് ഇടയ്ക്കൊക്കെ കൊമേഴ്സിയല്‍ പരിചരണം നല്‍കുന്നത്. സംവിധായകന്‍ ഏല്‍പ്പിച്ച ജോലി അലന്‍സിയറിലെ നല്ല നടന്‍ നന്നായി അടയാളപ്പെടുത്തിയിരിക്കുന്നു.
ഏറ്റവും സിമ്പിളായ രീതിയില്‍ ആവിഷ്കരിച്ച തൊണ്ടിമുതല്‍ കലാസംവിധാനത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്നു. സുരാജ് വെഞ്ഞാറമൂട്, നിമിഷ തുടങ്ങിയവരുടെ കോസ്റ്റ്യൂം& മേക്കപ്പ് വിഭാഗത്തിനും നൂറില്‍ നൂറാണ് മാര്‍ക്ക് .
ചിത്രത്തിലെ ആദ്യ മെലഡിഗാനം ആസ്വാദ്യകരമാകുന്നുണ്ടെങ്കിലും പല്ലവിയിലെ സുഖം അനുപല്ലവിയില്‍ ലഭ്യമാകുന്നില്ല. മറ്റുഗാനങ്ങള്‍ സിനിമയിലെ കഥാസന്ദര്‍ഭത്തോട് യോജിച്ചു നില്‍ക്കുന്നുണ്ട് ബിജിബാലിന്റെ ഈണത്തെക്കാളും റഫീക്ക് അഹമ്മദിന്റെ വരികള്‍ക്കാണ് കൂടുതല്‍ ഭംഗി.
വിവരണാതീതമാണ് രാജീവ് രവിയുടെ ക്യാമറ. ലൊക്കേഷനില്‍ അടയാളപ്പെടുന്ന ചിത്രമല്ല തൊണ്ടിമുതലും എന്ന് സംവിധായകന്‍ തുറന്നുപറയുമ്പോള്‍ അതിനെ പൊളിച്ചെഴുതികൊണ്ടാണ് രാജീവ് രവിയുടെ ക്യാമറ ചലിക്കുന്നത് കാസര്‍ഗോഡിന്റെ സിനിമയായി മാത്രമേ തൊണ്ടിമുതലിനെ കാണാന്‍ കഴിയൂ. കേരളത്തിന്റെ
വടക്കേയറ്റത്തിനപ്പുറമോ, ഇപ്പുറമോ ഈ സിനിമയുടെ കഥ വിവരിക്കണ്ട. അങ്ങനെ വിവരിച്ചാല്‍ അതൊരു ചേര്‍ച്ച കുറവാണ്. മഹേഷിന്റെ പ്രതികാരത്തെ ഇടുക്കി പ്രണയിക്കുമ്പോള്‍ അതിലും സുന്ദരമായി തൊണ്ടി മുതലിനെ കാസര്‍ഗോഡ് പ്രണയിക്കുന്നുണ്ട്. കാസര്‍ഗോഡ് നഗരത്തിലെ ഉള്‍പ്രദേശവും അമ്പലത്തിന്റെ ചുറ്റുവട്ടങ്ങളും തനതായ നാടന്‍ കലാരൂപവുമൊക്കെ ഭംഗിയായി പകര്‍ത്തുണ്ട് രാജീവ് രവി.
അവസാന വാചകം
മലയാള സിനിമയില്‍ മാറ്റം അനിവാര്യമാണ് എന്ന ശബ്ദമുയര്‍ത്തുന്നതിനപ്പുറം മാറ്റത്തിനൊപ്പം കൈകോര്‍ക്കുന്നതാവണം യഥാര്‍ത്ഥ സിനിമാ മോഹി.നിങ്ങള്‍ക്കുള്ളതാണ് ഈ സിനിമ. ഉര്‍വശി തിയേറ്റഴ്സ് അഭിമാനപുരസരം സമര്‍പ്പിച്ച ഈ ഒന്നൊന്നര ഐറ്റം നിങ്ങള്‍ ഒന്നില്‍ നിര്‍ത്തില്ല അത് ഉറപ്പാണ്.
Post Your Comments