കഥയെയും കഥാപാത്രങ്ങളെയും കൊണ്ട് ഇന്നും മലയാളി മനസ്സുകളില്‍ നിറഞ്ഞു നില്ക്കുന്ന അതുല്യ പ്രതിഭയാണ് ലോഹിതദാസ്. മികച്ച ചിത്രങ്ങളിലെ അതിലും പൂര്‍ണ്ണതയുള്ള കഥാമുഹൂര്‍ത്തങ്ങളിലൂടെ മലയാളിയുടെ കാഴ്ചയുടെ ആസ്വാദനക്ഷമത പരിപോക്ഷിപ്പിച്ച ഈ കലാകാരന് 2009 ജൂണ്‍ 28ന് വിടപറഞ്ഞു. മരണശേഷം മാത്രം അംഗീകരിക്കപെടുവാന് പോകുന്ന ഒരാള്‍ എന്ന ചിന്ത ലോഹിത ദാസിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ‘പലരും അംഗീകരിക്കാന്‍ മടിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ എനിക്ക് നല്ല ഉറപ്പുണ്ട്. ലോഹിതദാസ് വിലയിരുത്തപ്പെടാന്‍ പോകുന്നത് ലോഹിതദാസിന്റെ മരണശേഷമാണ്” എന്ന് പലപ്പോഴും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
ഹീറോ എന്നാല്‍ വില്ലനെ ജയിച്ചു ആധിപത്യം ഉറപ്പിക്കുന്ന ഒരാള്‍ അല്ല. മറിച്ച് ജീവിക്കാന്‍ വേണ്ടി എന്തും ചെയ്തു പോകുന്ന നിസ്സഹായാവസ്ഥയിലൂടെ കടന്നു ജീവിതത്തെ കൈപിടിച്ച് കയറ്റാന്‍ ശ്രമിക്കുന്ന പലരെയും വെള്ളിത്തിരയില്‍ ഹീറോയാക്കിയത് ലോഹിയാണ്. വിധിയുടെ ക്രൂരവിനോദത്തിനു മുന്നില്‍ എല്ലാം നഷ്ടപ്പെട്ട് പൊട്ടിക്കരയുന്ന നായകന്മാര്. മൃഗയയിലെ വാറുണ്ണി, മഹായാനത്തിലെ ചന്ദ്രു, അമരത്തിലെ അച്ചൂട്ടി, വാത്സല്യത്തിലെ മേലേടത്ത് രാഘവന് നായര്‍ (മമ്മൂട്ടി), ദശരഥത്തിലെ രാജീവ്മേനോന്‍, കിരീടത്തിലെ സേതുമാധവന്, ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ അബ്ദുള്ള (മോഹന്‍ലാല്‍) തുടങ്ങിവര്‍ ഉദാഹരണങ്ങള്‍.
1987 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് സിനിമാരംഗത്ത് പ്രവേശിച്ച ലോഹിതദാസിന്റെ ഓരോ ചിത്രവും ഇതളടർന്നുപോയ ജീവിതങ്ങളുടെ ആത്മസംഘർഷങ്ങളുടെ തനിയാവർത്തനമായിരുന്നുവന്നു പറയാം. സിബി മലയില്‍, ലോഹിതദാസ് കൂട്ടുകെട്ടില്‍ നിന്ന് കിരീടം, ദശരഥം, ഭരതം, കമലദലം, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി പ്രശസ്തമായ 14 ചലച്ചിത്രങ്ങള്‍ പിറവികൊണ്ടു. തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെ നാല്‍പ്പത്തിനാലു ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതി.
കസ്തൂരിമാനിന്റെ തമിഴ് പതിപ്പ് അടക്കം 12 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. അഞ്ച് ചിത്രങ്ങളില്‍ അഭിനെത്താവുകയും ചെയ്തു. ആദ്യ സംവിധാന സംരംഭം ഭൂതക്കണ്ണാടിക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രണ്ട് ദശകത്തിലേറെ നീണ്ട ചലച്ചിത്രസപര്യ നിവേദ്യമെന്ന ചിത്രത്തില്‍ അവസാനിച്ചു. 2009 ജൂണ്‍ 28ന് രാവിലെ 10.50ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു.
കാലം മാറി കഥമാറി എന്ന് പറയുമ്പോഴും നല്ല സിനിമാ പ്രേമികള്‍ക്ക് മുന്പില് ഇന്നും പത്മരാജനും ലോഹിതദാസും ഒരു നഷ്ടമായി നില്ക്കുന്നു. സിനിമയിലെ മാറ്റങ്ങള്‍ വെറും പുറം മോടികള്‍ മാത്രമായി തീരുകയും കഥയില്ലായ്മയും പ്രതിഭാ ദാരിദ്ര്യവും അല്പ്പന്മാരുടെ വിളയാട്ടവും സിനിമയെ കൂടുതല്‍ പ്രതിസന്ധിയിലെത്തിക്കുകായും ചെയ്യുമ്പോള്‍ ലോഹിതദാസിനെയും പത്മരാജനെയും പോലെയുള്ള പ്രതിഭാധനന്മാരേ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല.
Post Your Comments