മുപ്പത്തിയാറ് വർഷങ്ങൾക്ക് മുൻപുള്ള ഒരു ജൂൺ മാസം. പ്രശസ്തമായ സ്റ്റാർ ഡസ്റ്റ് മാസികയ്ക്കുവേണ്ടി ആ മൂന്നു താരരാജകുമാരിമാർ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹരേഷ് ദഫ്തരിയുടെ കാമറയ്ക്ക് മുന്നില്‍ ആത്മവിശ്വാസത്തോടെ നിന്നു. ആ ആത്മവിശ്വാസത്തിനു മുന്നിൽ തകർന്നു വീണത് പുരുഷമേധാവിത്വത്തോടെ നിന്നിരുന്ന സിനിമാലോകത്തിന്റെ കാഴ്ചപ്പാടുകളായിരുന്നു.
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന ആശയം ഇന്ത്യൻ സിനിമയിലേക്കു കടന്നു വരുന്നത് ഈ താരത്രയത്തിന്റെ വരവോടെയാണ്. വേഷത്തിലും ഭാവങ്ങളിലും ഒരു പൊളിച്ചെഴുത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു ആ കവര്‍ ചിത്രത്തിന്. ‘ന്യൂ ദ ന്യൂ വേവ് ഗ്ലാമര്‍ ഗേള്‍സ്’ എന്നായിരുന്നു ആ കവർ ഫീച്ചറിന് നൽകിയിരുന്ന പേര്. മഴയില്‍ കുതിര്‍ന്ന ആ ദിവസം രാവിലെ ഒന്‍പതുമണി മുതല്‍ ഇടയ്ക്ക് എപ്പോഴെങ്കിലും മഴ കനിഞ്ഞു നല്‍കുന്ന ഇടവേളകളില്‍ പകർത്തിയതായിരുന്നു ആ ചിത്രം. ഒക്ടോബറില്‍ ഇറങ്ങേണ്ട വാര്‍ഷികപ്പതിപ്പിലേയ്ക്ക് വേണ്ടി സ്റ്റാര്‍ ഡസ്ററ് എഡിറ്റര്‍ ഉമാ റാവുവിന്റെ ആശയമായിരുന്നു ആ സമയത്തെ സെന്‍സേഷന്‍ ആയിരുന്ന ഷബാന-സ്മിത-ദീപ്തി ത്രയങ്ങളുടെ ഈ എക്സ്ക്ളൂസീവ് ഫോട്ടോഷൂട്ട്. ഷബാന ആസ്മിയുടെ ജുഹുവിലെ കുടുംബബംഗ്ലാവിന്‍റെ പൂന്തോട്ടത്തില്‍ വച്ചായിരുന്നു ദഫ്ത്തരിയുടെ ആ സ്പെഷ്യല്‍ അസൈന്മെന്റ്. വിവാദപരമായ ഈ ചിത്രം പിന്നീട് ഇന്ത്യൻ സിനിമയിലെ നായികസങ്കല്പങ്ങളെ പോലും മാറ്റി മറിക്കുകയായിരുന്നു എന്നതാണ് വാസ്തവം.
ഇന്ത്യൻ സിനിമാ പഴയ കാഴ്ചപ്പാടുകളുടെയും രീതികളുടെയും പുറംതോട് പൊട്ടിച്ചു നവീനമായ ആശയങ്ങളിലേക്ക് കടക്കുന്ന സമയമായിരുന്നു അത്. സ്മിത പാട്ടീല്‍ – ഷബാന ആസ്മി – ദീപ്തി നവല്‍ തുടങ്ങിയ കലാകാരികളുടെ ആർജവമായിരുന്നു അതുവരെയുള്ള നായികാസങ്കൽപങ്ങള്‍ തന്നെ മാറ്റി മറിച്ച ആ പുതുവസന്തത്തിന്റെ ഊര്‍ജ്ജം. പിന്നീട് അവതരണത്തിലും ആശയങ്ങളിലും പുതുമയുടെ പൂക്കാലമാണ് കാണാൻ സാധിച്ചത്.
ഇന്ത്യന്‍ സിനിമയിലെ പുരുഷമേധാവിത്വത്തിനും താരാധിപത്യത്തിനും എതിരെ തോളോട് തോള്‍ ചേര്‍ന്ന് പൊരുതുന്ന മൂന്നു വ്യക്തിത്വങ്ങൾ എന്ന തലക്കെട്ടോടെയാണ് ആ അഭിമുഖം മാസിക പ്രസിദ്ധീകരിച്ചത്. വരാന്‍ പോകുന്നത് വനിതകളുടെ വര്‍ഷമാണ് എന്ന് ഇന്റര്‍വ്യൂവില്‍ ദീപ്തി നവല്‍ പറഞ്ഞപ്പോൾ ഇന്ത്യന്‍ സിനിമയില്‍ ആങ്ക്രീ യങ്ങ് വുമന്‍ എന്ന പുതിയ ആശയത്തിന്‍റെ സാധ്യതകളെക്കുറിച്ചാണ് ഷബാന ആവേശത്തോടെ സംസാരിച്ചത്. എന്നാല്‍ സ്മിത പാട്ടീല്‍ തന്‍റെ നിലപാട് കടുപ്പിച്ചു കൊണ്ട് പറഞ്ഞു “വരാന്‍ പോകുന്നത് സ്ത്രീകളുടെ വർഷമാണെങ്കിൽ ലിംഗ വ്യത്യാസത്തിനപ്പുറം സമൂഹം സ്ത്രീകളെ മനുഷ്യരായി കാണണം. അത് വിദൂര സ്വപ്‌നമാണെന്ന്.ഒരുപക്ഷെ ആത്യന്തികമായ ലക്ഷ്യവും,പക്ഷെ ആ ലക്ഷ്യത്തില്‍ മുന്നോട്ട് പോകാന്‍ കഴിയുന്നുണ്ട് എന്നതില്‍ സന്തോഷമുണ്ട്”.
ചരിത്രത്തിൽ ഇടം നേടിയ ആ ചിത്രത്തിന് ശേഷം മുപ്പത്തിയാറു വർഷങ്ങൾ കടന്നു പോയി . സിനിമയ്ക്കപ്പുറം നിൽക്കുന്ന സ്ത്രീ സമത്വം സ്വപ്നം കണ്ട സ്മിത പാട്ടീല്‍ മണ്മറഞ്ഞിട്ടു മുപ്പത്തിയൊന്നു വർഷങ്ങളും.
Post Your Comments