കോളിവുഡിലും മോളിവുഡിലും നിരവധി ആരാധകരുള്ള താരമാണ് ആര്യ. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശിയും ചെന്നൈയിലെ വ്യവസായിയുമായ സി ഉമ്മര്‍ ഷരീഫിന്റെയും വടക്കെ കൊവ്വലിലെ ടി പി ജമീലയുടെയും മകനാണ് കോളിവുഡിലെ ഈ മിന്നും താരം. ഫുട്ബോള്‍ കമ്പത്തിന് പേരുകേട്ട തൃക്കരിപ്പൂരിലെ മെട്ടമ്മല്‍ ബ്രദേഴ്സിന്റെ ആദ്യകാല ഗോള്‍കീപ്പറായിരുന്നു ജംഷാദ് എന്ന ആര്യ. തെന്നിന്ത്യയിലെ സൂപ്പര്‍താരമായിട്ടും വിശേഷ ദിവസങ്ങളില്‍ ആര്യയും കുടുംബവും ജന്മനാട്ടില്‍ പെരുന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. ഇത്തവണയും ആര്യ കുടുംബത്തോടൊപ്പം ജന്മനാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ഞായറാഴ്ച തൃക്കരിപ്പൂരിലെത്തി. തിങ്കളാഴ്ച ഉച്ചയോടെ ചെന്നൈയിലേക്ക് തിരിച്ചു പോവുകയും ചെയ്തു. മെട്ടമ്മല്‍ ബ്രദേഴ്സിന്റെ ആദ്യകാല ഗോള്‍കീപ്പറായ ആര്യക്ക് മെട്ടമ്മലില്‍ ഉജ്വല വരവേല്‍പ്പാണ് ക്ലബ് പ്രവര്‍ത്തകര്‍ ഒരുക്കിയത്.
2005ല്‍ ‘ഉള്ളം കേക്കുമേ’ എന്ന ചിത്രത്തിലൂടെയാണ് തമിഴകത്ത് ആര്യയുടെ അരങ്ങേറ്റം. മുപ്പതോളം തമിഴ്ചിത്രങ്ങളില്‍ അഭിനയിച്ച ആര്യയുടെ പറ്റിയല്‍, നാന്‍ കടവുള്‍, മദ്രാസപ്പട്ടണം, ബോസ് എങ്കിറ ബാസ്കരന്‍ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. കമ്ബ്യൂട്ടര്‍ എന്‍ജിനിയറായി ജോലിചെയ്യുന്നതിനിടെ സംവിധായകന്‍ ജീവയാണ് ആര്യയെ സിനിമായിലെക്ക്ക് കൊണ്ട് വരുന്നത്. ജീവയുടെ ‘ഉള്ളം കേക്കുമേ’ ചിത്രത്തില്‍ ആണ് ആദ്യ അഭിനയമെങ്കിലും വിഷ്ണുവര്‍ധന്റെ ‘അറിന്തും അറിയാമലും’ ആണ് ആര്യയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ഈ ചിത്രത്തിലെ ‘കുട്ടി’ എന്ന കഥാപാത്രത്തിന് തമിഴിലെ മികച്ച പുരുഷ അരങ്ങേറ്റക്കാരനുള്ള ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചു. മികച്ച തമിഴ് പുതുമുഖത്തിനുള്ള ഫിലിം ഫെയര്‍, ഗള്‍ഫ് ഡോട്ട്കോം അവാര്‍ഡുകള്‍ നേടി.
Post Your Comments