Movie Reviews

‘ഒരു സിനിമാക്കാരന്‍’ നിരൂപണം – സിനിമയെ തോല്‍പ്പിച്ച സിനിമാക്കാരന്‍

പ്രവീണ്‍.പി നായര്‍

ലിയോ തദേവൂസ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ്‌ ‘ഒരു സിനിമാക്കാരന്‍’. തോമസ്‌ പണിക്കര്‍ നിര്‍മ്മിച്ച ചിത്രം എല്‍ജെ ഫിലിംസാണ് വിതരണത്തിനെത്തിച്ചിരിക്കുന്നത്. ലിയോ തദേവൂസിന്റെ ആദ്യ രണ്ടു ചിത്രങ്ങളും ഭേദപ്പെട്ട അഭിപ്രായം നേടിയെങ്കിലും ബോക്സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ രണ്ടു ചിത്രങ്ങള്‍ക്കും സാധിച്ചില്ല. ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ ‘പച്ചമരത്തണലില്‍’ എന്ന തന്‍റെ ആദ്യ ചിത്രം പ്രമേയത്തിലെ പുതുമ കൊണ്ട് കൈയ്യടി നേടിയെങ്കിലും തിയേറ്ററിലേക്ക് പ്രേക്ഷകരെ കയറ്റാന്‍ ചിത്രത്തിനായില്ല. രണ്ടാം ചിത്രം പയ്യന്‍സും ആ പതിവ് തെറ്റിച്ചില്ല. ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി എടുത്ത ചിത്രം വ്യത്യസ്ത സബ്ജക്റ്റായിരുന്നെങ്കിലും തിയേറ്ററില്‍ രക്ഷപ്പെടാതെ പോയി. പയ്യന്‍സിനു ശേഷം നീണ്ട ഇടവേളയെടുത്താണ് ലിയോ തന്‍റെ മൂന്നാം ചിത്രവുമായി എത്തിയത്. ആദ്യ സിനിമയില്‍ ശ്രീനിവാസനെ നായകനാക്കിയെങ്കില്‍ മൂന്നാം സിനിമയില്‍ മകന്‍ വിനീതിനെയാണ് നായകനായി തെരഞ്ഞെടുത്തത്. ‘ഒരു സിനിമാക്കാരന്‍’ എന്ന പേരിലെ ആകര്‍ഷണം ചിത്രീകരണ സമയത്തെ പ്രേക്ഷകന് പ്രതീക്ഷ നല്‍കിയിരുന്നു. മുന്‍നിര നായകന്‍മാരെ പോലെതന്നെ യുവാക്കള്‍ക്കിടയില്‍ മാര്‍ക്കറ്റ് വാല്യുവുള്ള ആളാണ് വിനീത് ശ്രീനിവാസന്‍. ഗായകനായും, അഭിനേതാവായും, സംവിധായകനായും, തിരക്കഥാകൃത്തായുമൊക്കെ മിന്നിതിളങ്ങുന്ന വിനീത് ശ്രീനിവാസനെ ഇഷ്ടപ്പെടാത്ത സിനിമാ പ്രേമികള്‍ വിരളമാണ്. സിനിമാ മോഹമുള്ള ആല്‍ബിയായി വിനീത് ബിഗ്‌ സ്ക്രീനില്‍ എത്തുന്നത് കാണാന്‍ അധികം ആളില്ലാത്ത തിയേറ്റര്‍ സദസ്സ് അക്ഷമയോടെ കാത്തിരുന്നു.

 

‘ഒരു സിനിമാക്കാരന്‍’ എന്ന പേരില്‍ നിന്ന് ഊഹിച്ചു എടുക്കാവുന്ന ഒരു കഥയുണ്ട്. ചിത്രത്തിന്‍റെ ട്രെയിലറും ആ ഊഹം ശരിവയ്ക്കുന്നതായിരുന്നു. സിനിമാ ലൊക്കേഷനില്‍ ചാന്‍സിനായി അലയുന്ന വ്യക്തിയുടെ കഥ നമ്മള്‍ പലയാവര്‍ത്തി പല സിനിമകളില്‍ കണ്ടതാണ്. അത്തരമൊരു കഥയാണ്‌ സിനിമാക്കാരന്‍ എന്ന ചിത്രത്തിലൂടെ നമ്മള്‍ മെനയുന്നതെങ്കിലും കഥാപരമായി ഇവിടുത്തെ സിനിമാക്കാരന്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. സിനിമയില്‍ സഹസംവിധായകനായി ജോലി ചെയ്തിരുന്ന ആല്‍ബി എന്ന ചെറുപ്പക്കാരന്‍ സ്വന്തമായി ഒരു സിനിമ ചെയ്യുന്നതിന് വേണ്ടി പലരെയും സമീപിക്കുന്നു. പിന്നീടു കഥ അതിന്‍റെ കാര്യഗൗരവത്തിലേക്ക് കടക്കുമ്പോള്‍ ആല്‍ബി എന്ന സിനിമാക്കാരന്‍റെ സിനിമയോടുള്ള പരിശ്രമത്തിന്റെ കഥയ്ക്ക് മോചനം നല്‍കുകയാണ് സംവിധായകന്‍. പിന്നീട് ത്രില്ലര്‍ ടച്ചിലാണ് ലിയോ തന്റെ സിനിമ തെളിയിക്കുന്നത്.

.
ഒരു കൊലപാതകത്തിലേക്ക് ശ്രദ്ധ തിരിക്കുന്ന സിനിമാക്കാരന്‍ പതിവ് ശൈലിയിലെ സസ്പന്‍സ് മൂഡിലെ പുനരവതരണം മാത്രമാണ്. പ്രേക്ഷകന് മുന്നില്‍ ഒരു കുറ്റവാളിയെ കാട്ടിത്തരുകയും യഥാര്‍ത്ഥ കുറ്റവാളി മറഞ്ഞിരിക്കുകയും ചെയ്യുന്ന ക്ലീഷേ ത്രില്ലറുകള്‍ ആവര്‍ത്തിച്ചു കണ്ടിട്ടുള്ള മലയാളികള്‍ക്ക് സിനിമാക്കാരന്‍ ഒരു അര്‍ത്ഥത്തിലും ആസ്വാദന രസം നല്‍കുന്നില്ല. വേറിട്ട അവതരണ രീതികൊണ്ട് വിസ്മയം തീര്‍ക്കുന്ന പുത്തന്‍ തലമുറക്കാരുടെ സുവര്‍ണ്ണ കാലത്തിലേക്ക് സിനിമാക്കാരന് ടിക്കറ്റില്ലെന്ന് ഉറക്കെ ഉറക്കെ പറയേണ്ടി വരും. ഒരു ഫ്ലാറ്റില്‍ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്ന സിനിമാക്കാരന്‍ എത്രയോ പതിവ് മോളിവുഡ് സിനിമകളുടെ സ്ഥിരം ഫോര്‍മുലയാണ്. ഫ്ലാറ്റില്‍ നടക്കുന്ന കൊലപാതകവും അതിനെ തുടര്‍ന്നുണ്ടാകുന്ന പോലീസ് അന്വേഷണവുമൊക്കെ മലയാളി രുചിച്ചറിഞ്ഞ പഴയ വീഞ്ഞാണെന്ന് മനസിലാക്കാതെ സ്ക്രീനില്‍ പകര്‍ത്തിയ ലിയോ ശരിക്കും പ്രേക്ഷകന്‍റെ ക്ഷമ പരീക്ഷിക്കുകയായിരുന്നു. ട്വിസ്റ്റുകളോടുള്ള പ്രേക്ഷകരുടെ ഭ്രമമൊക്കെ അവസാനിച്ചിട്ടു നാളുകള്‍ ഏറെയായി. വീണ്ടും അതേ വഴിയിലാണ് ലിയോയും കൂട്ടരും മടിയില്ലാതെ സഞ്ചരിച്ചത്. ഒരു സിനിമാക്കാരന്റെ കഥ മികച്ചതാണ് പക്ഷെ അവതരണ രീതിയിലെ താളം തെറ്റലും, ത്രില്ലിംഗല്ലാത്ത രചനാ രീതിയും സിനിമാക്കാരനെ പിന്നോട്ടടിക്കുന്നുണ്ട്. ലിയോ തദേവൂസ് സംവിധായകനെന്ന നിലയില്‍ തന്‍റെ മൂന്നാം ചിത്രത്തിലും മികവ് കാട്ടിയിട്ടില്ല. വിനീത്-രജീഷ റൊമാന്‍സ് രംഗങ്ങളൊക്കെ നന്നായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ത്രില്ലര്‍ വിഷയങ്ങളില്‍ പ്രകടമാകേണ്ട വേഗത ചിത്രത്തിനില്ല. കൊലപാതക കഥ ട്വിസ്റ്റ് ചേര്‍ത്തു പരുവപെടുത്തിയപ്പോള്‍ ഒരു തണുപ്പന്‍ രീതിയാണ് ലിയോയുടെ അവതരണത്തില്‍ കാണാനായത്. ലിയോ തദേവൂസിന്‍റെ വരും സിനിമകള്‍ മാറ്റത്തിന്‍റെ വഴിയേ മുന്നേറട്ടെ. ഒന്നില്‍ പിഴച്ചാല്‍ മൂന്നെന്ന തലവാചകം ഏല്‍ക്കാതെ പോകുമ്പോള്‍ ലിയോ തദേവൂസിന്‍റെ മൂന്നാം ചിത്രം ശരിക്കും അടിതെറ്റിയെന്ന് അടിവരയിടുന്നു. ബോക്സോഫീസ്‌ കുലുക്കാന്‍ കെല്‍പ്പുള്ള ഒരു അഡാര്‍ ഐറ്റവുമായി അടുത്തിടെ തന്നെ മലയാള സിനിമയിലേക്ക് ലിയോ കടന്നു വരട്ടെ.

 

പെര്‍ഫോമന്‍സില്‍ വിനീത് ശ്രീനിവാസന്‍ തന്‍റെ അഭിനയഗ്രാഫ് ഉയര്‍ത്തുന്നുണ്ട്. ചിത്രത്തിലെ ആല്‍ബി എന്ന വേഷം വിനീതിലെ നടന് നന്നായി യോജിക്കുന്നതിനാല്‍ ശ്രീനിവാസപുത്രന്‍റെ അഭിനയം മറ്റുസിനിമകളിലേത് പോലെ അപകടകരമായി തോന്നിയില്ല. ‘അനുരാഗ കരിക്കിന്‍ വെള്ളം’ എഫക്റ്റില്‍ നിന്നും മോചിതയാകാത്ത രജീഷ വിജയന്‍ നല്ല കാമുകിയും,നല്ല ഭാര്യയായും സിനിമയിലുടനീളം മിന്നിത്തിളങ്ങുന്നുണ്ട്. അനുശ്രീയും, വിജയ്‌ ബാബുവും ചിത്രത്തിലെ പ്രധാന്യമേറിയ റോളുകള്‍ കൈകാര്യം ചെയ്തിരിക്കുന്നു. കൊലപാതകം അന്വേഷിക്കാന്‍ നിയോഗിച്ച പോലീസ് ഓഫീസറുടെ അഭിനയം പലപ്പോഴും അതിര് കടന്നു.

 

ലാല്‍, രണ്‍ജി പണിക്കര്‍, കോട്ടയം പ്രദീപ്‌, സന്തോഷ്‌ പണ്ഡിറ്റ്‌, ജാഫര്‍ ഇടുക്കി, ഹരീഷ് കണാരന്‍, ശശി കലിംഗ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.സുധീര്‍ സുരേന്ദ്രന്റെ അഴകാര്‍ന്ന ക്യാമറ പിടുത്തം ചിത്രത്തിന് കൂടുതല്‍ ചന്തംനല്‍കുന്നുണ്ട്. അവതരണത്തിലെ കല്ലുകടിക്ക് ആശ്വസമേകിയതത്രയും സുധീര്‍ സുരേന്ദ്രന്റെ ഛായാഗ്രഹണമാണ്. ബിജിബാലിന്റെ പശ്ചാത്തലസംഗീതം കരളില്‍ ലയിച്ചപ്പോള്‍ ചിത്രത്തിലെ ഗാനങ്ങള്‍ നിലവാരം കാത്തുസൂക്ഷിച്ചു.

അവസാന വാചകം

‘ഒരു സിനിമാക്കാരന്‍’ സിനിമ പ്രമേയമാകുന്ന സിനിമയല്ല, ട്വിസ്റ്റ് പ്രിയമാണെങ്കില്‍ നിങ്ങള്‍ക്ക് ടിക്കറ്റെടുക്കാം, പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ വീണ്ടും രുചിക്കാം….

shortlink

Post Your Comments


Back to top button