വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയെ വിറപ്പിച്ച വ്യക്തിയാണ് അജിത് കൊല്ലം. തമിഴ്, മലയാളം ഭാഷകളിലായി ഏറ്റെടുത്ത വേഷങ്ങളെല്ലാം തന്മയത്വത്തോട് കൂടി അവതരിപ്പിച്ച ഈ വില്ലൻ മനസ് തുറക്കുകയാണ്. മലയാള സിനിമയിൽ ഈ വില്ലൻ മനസിനെ കീഴടക്കിയ തരാം മറ്റാരുമല്ല മമ്മൂട്ടിയാണ്. ‘നോമ്പിന്റെ ഈ പുണ്യ മാസത്തിൽ മമ്മൂട്ടിയുടെ ആരാധകർക്കായി ഈ അനുഭവം ഞാൻ സമ്മാനിക്കുകയാണ്. ഇതാണ് നിങ്ങൾക്കുള്ള ഈദ് സമ്മാനം’ അജിത് പറഞ്ഞു.
താൻ തിരിച്ചറിഞ്ഞ മമ്മൂട്ടിയുടെ നന്മകളെ കുറിച്ച് അജിത് കുറിച്ചത് ഇങ്ങനെയാണ്.
ലക്ഷക്കണക്കിന് വരുന്ന മമ്മൂക്ക ആരാധകർക്കായി എന്റെ പെരുന്നാൾ സമ്മാനം.
” ഞാൻ മമ്മൂക്കയുമായി ആദ്യം അഭിനയിക്കുന്നത് ‘ഈ ലോകം കുറെ മനുഷ്യർ’ എന്ന ചിത്രത്തിലാണ് . തുടർന്നിങ്ങോട്ട് അൻപതോളം ചിത്രങ്ങൾ. എന്റെ 30 വർഷത്തെ അഭിനയ ജീവിതത്തിലെ അനർഘ നിമിഷങ്ങളായിരുന്നു അത്. അതിലൊന്ന് നിങ്ങൾക്കായി പങ്കുവയ്ക്കുകയാണ്. ഫാസിൽ സാറിന്റെ “പൂവിനു പുതിയ പൂന്തെന്നൽ” എന്ന ചിത്രത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ എന്നെ കണ്ട ആ ചിത്രത്തിലെ അസ്സോസിയേറ്റ് ഡയറക്ടർ ഇന്നത്തെ വലിയ സംവിധായകൻ സിദ്ദിഖ് പറഞ്ഞു മമ്മൂക്ക അജിത്തിനെ കുറിച്ച വലിയ അഭിപ്രായമാണല്ലോ പറഞ്ഞിരിക്കുന്നത് . അപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. അദ്ദേഹത്തിന്റെ കൈയിൽ നിന്ന് കൊച്ചിനെ തട്ടിപ്പറിക്കുന്ന സീനായിരുന്നു ഞാൻ അഭിനയിക്കേണ്ടിയിരുന്നത്. അതിനു ശേഷം മമ്മൂക്ക വഴിലിട്ട് എന്നെ തല്ലും. എന്നാൽ പിറ്റേന്ന് എഴുന്നേറ്റപ്പോൾ ഞാൻ കേട്ടത് ആ സീനിൽ നിന്ന് എന്നെ ഒഴിവാക്കി അത് മമ്മൂക്ക പറഞ്ഞിട്ടാണെന്ന വിവരമാണ്. എനിക്ക് ഭയങ്കര സങ്കടം ആയി.
സിനിമാത്തിരക്കുമായി യാത്രയിലായിരുന്ന മമ്മൂക്കയോട് കൊച്ചിൻ ഹനീഫ ഈ കാര്യം പറഞ്ഞു. ഉടനെ തന്നെ കാർ തിരിക്കാൻ ആവശ്യപ്പെട്ട മമ്മൂക്ക 15 കി.മി തിരിച്ചു യാത്രചെയ്തു പാതിരാത്രിയിൽ എന്റെ കതകിൽ മുട്ടി. അർദ്ധമയക്കത്തിലായിരുന്ന താൻ മമ്മൂട്ടിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഉണരുന്നത്. കതക് തുറന്നതും മമ്മൂക്കയെ കണ്ടു ഞാൻ ഞെട്ടി. എന്നോടായി മമ്മൂക്ക “ഞാൻ നിന്റെ നന്മക്ക് വേണ്ടീട്ടാണ് ആ വേഷം നീ ചെയ്യണ്ട എന്ന പറഞ്ഞത്. നിനക്ക് അഭിനയിക്കാൻ അറിയാം. അതിനു വേണ്ടതെല്ലാം ഉണ്ട് . ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താൽ ജീവിതകാലം മുഴുവൻ സിനിമയിൽ തല്ലുകൊള്ളേണ്ടി വരും. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് “…. ഓർക്കുമ്പോൾ എത്ര സത്യമായിരുന്നു മമ്മൂക്ക പറഞ്ഞത്!
പിന്നീടായാലും എന്റെ അഭിനയ ജീവിതത്തിൽ എനിക്ക് താങ്ങായി നിന്നതും മമ്മൂക്കയാണ്. മലയാളത്തിലെ വലിയ സംവിധായകൻ ജോഷി സാറിനെ സ്വന്തം കാറിൽ കൊണ്ടുപോയാണ് മമ്മൂക്ക എനിക്ക് പരിചയപെടുത്തിത്തന്നത്. ഇതാണ് മമ്മൂക്കയുടെ മനസ്സ്. അടുത്തറിയുന്നവർക്ക് മാത്രമേ അതിന്റെ വില അറിയൂ..കഴിവുള്ള കലാകാരന്മാരെ അംഗീകരിക്കാനുള്ള മനസ് ..
വെളിപ്പെടുത്താൻ ഇഷ്ടപെടാത്ത ഒരുപാട് സൽകർമങ്ങൾ ചെയ്യുന്ന ഒരു വലിയ മനുഷ്യൻകൂടിയാണ് മമ്മൂക്ക. എത്ര പറഞ്ഞാലും തീരില്ല അദ്ദേഹത്തെ കുറിച്ച്. മമ്മൂക്കയ്ക്കും കുടുംബാങ്ങൾക്കും ആയുസ്സും ആരോഗ്യവും ഞാൻ നേരുന്നു …എല്ലാ ആരാധകർക്കും എന്റെ പെരുനാൾ ആശംസകൾ … അജിത് എന്ന വില്ലൻ മനസ് തുറന്നെഴുതിയ കുറിപ്പ് മമ്മൂട്ടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.
Post Your Comments