കേരളത്തിന്റെ ഒരു വലിയ സ്വപ്ന൦ ഇന്ന് യാഥാർഥ്യമായിരിക്കുകയാണ്. കൊച്ചി മെട്രോ പാളത്തിലൂടെ നീങ്ങി തുടങ്ങുമ്പോൾ ആശംസകളുമായി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവർ എത്തിക്കഴിഞ്ഞു. ഈ അവസരത്തിൽ മെട്രോയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമ താരം മഞ്ജു വാര്യർ . ഇത് ഇച്ഛാശക്തിയുടെ വിജയമാണെന്ന് മഞ്ജു വാര്യർ പ്രതികരിച്ചു. ചരിത്ര നിമിഷത്തിന് ദീപം തെളിക്കാൻ പ്രധാനമന്ത്രി എത്തുക എന്നത് തന്നെ വലിയൊരു കാര്യമാണ് മഞ്ജു പറഞ്ഞു.
അതി മനോഹരമായ ഇളം നീലയാണ് ഇന്നത്തെ ദിവസത്തിന്. കൊച്ചി മെട്രോയുടെ നിറം. മഴവില്ലുപോലെയുള്ള പാളങ്ങളിലൂടെ നമ്മുടെ നാടിന്റെ വലിയ സ്വപ്നം അതിവേഗം കുതിച്ചു തുടങ്ങിയിരിക്കുന്നു. ഒരു വലിയ ആകാശം നമുക്ക് സ്വന്തമായിരിക്കുകയാണ്. ലോകമെങ്ങുമുള്ള മലയാളികൾ നീലക്കടലിനെ പുണരുന്നു. ഇത് ഇച്ഛാശക്തിയുടെ വിജയമാണ്. രാഷ്ടീയമായ വിയോജിപ്പുകൾ മറന്നു പ്രവർത്തിച്ച എൽഡിഎഫ്- യുഡിഎഫ് സർക്കാരുകളുടെ അസാധ്യമായതിനെ എന്നും അനായാസം സാധ്യമാക്കുന്ന മെട്രോമാൻ ഇ.ശ്രീധരന്റെ… അദ്ദേഹം സങ്കല്പിച്ചതിനെ സാക്ഷാത്ക്കരിച്ച മെട്രോ റെയിൽ ലിമിറ്റഡിന്റെ … രാവും പകലും വിശ്രമിക്കാതെ അധ്വാനിച്ച നിരവധി ആളുകളുടെ …ഈ ദിവസത്തിനായി നിത്യജീവിതത്തിൽ ഒരു പാട് സഹിച്ച സാധാരണ ജനങ്ങളുടെ എല്ലാം വിജയം.
ഈ ചരിത്ര നിമിഷത്തിന് ദീപം തെളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എത്തി എന്നത് കൂടുതൽ അഭിമാനവും സന്തോഷവും പകരുന്നു. മഞ്ജു വാര്യർ തന്റെ സന്തോഷം കുറിച്ചതിങ്ങനെ. മെട്രോ ഇനി നമുക്കു സ്നേഹിക്കാം എന്ന് ആഹ്വാനം ചെയ്ത മഞ്ജു വാര്യർ അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഓർമിപ്പിച്ചു.
Post Your Comments