തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പത്താമത് അന്തരാഷ്ട്ര ഡോക്യുമെന്ററി- ഹൃസ്വ ചിത്രമേളക്ക് ഇന്ന് തിരി തെളിയും. ഇന്ന് വൈകിട്ട് 6 മണിക്കു ആരംഭിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അധ്യക്ഷനാകുന്ന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തുക കിരൺ കാർണിക് ആണ്.
സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ ലെയിൻ
രാജേന്ദ്രൻ, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാകും സമ്മേളനം നടക്കുക.
കഴിഞ്ഞ വർഷം ഓസ്കാർ നോമിനേഷൻ ലഭിച്ച റോജർ റോസ് വില്യംസിന്റെ ‘ലൈഫ് ആനിമേറ്റഡ് ‘, റോട്ടർഡാം മേളയിൽ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്കാരം നേടിയ പ്രാന്തിക് ബസുവിന്റെ ‘സഖിസോണ’ എന്ന ചിത്രവും ഉദഘാടന ചിത്രങ്ങളായി പ്രദർശിപ്പിക്കും. ആനിമേഷൻ, ക്യാമ്പസ് ഫിലിം, ലോങ്ങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ എന്നി വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. 77 ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത് . നിള, കൈരളി, ശ്രീ തിയേറ്ററുകളിലായി 210 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
പാലസ്തീൻകാരിയായ മായി മസ്രീ, മലയാളിയായ വിപിൻ വിജയ് എന്നിവരുടെ ചിത്രങ്ങളാകും ഫിലിം മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കുക. കൂടാതെ നിരവധി കലാകാരൻമാരെയും സമ്മേളനത്തിൽ ആദരിക്കുന്നുണ്ട്. ശബ്ദത്തിലൂടെ മാത്രം സംവദിക്കുന്ന സൗണ്ട് ഫൈൽസ് ആണ് മേളയുടെ മറ്റൊരാകർഷണം.
ഛായാഗ്രാഹകൻ രഞ്ജൻ പാലിത് , ഓസ്ട്രേലിയൻ ചലച്ചിത്രകാരൻ ആൻഡ്ര്യു വയൽ എന്നിവരുടെ ക്ലാസും അനുജ ഘോഷാലിന്റെ പെർഫോമെൻസും മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു. അസിമാ മ്യൂസിക് ബാൻഡിന്റെയും പിന്നണി ഗായിക പുഷ്പാവതിയുടെയും സംഗീത പരിപാടികൾ മേളയെ താളാത്മകമാക്കും.
Post Your Comments