റിലീസിന് ഇനിയും ഒരു വർഷം കൂടി കാലതാമസം ഉണ്ടെന്നിരിക്കെ കോടികൾ വാരുകയാണ് രജനീകാന്ത് ചിത്രം യന്തിരൻ 2 . സിനിമയുടെ ഹിന്ദി പകർപ്പവകാശം 80 കോടി രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 100 കോടിയാണ് നിർമ്മാതാക്കൾ ആവശ്യപ്പെട്ടതെങ്കിലും 80 കോടിക്ക് കരാർ ഉറപ്പിക്കുകയായിരുന്നു.
രജനീകാന്ത്–അക്ഷയ് കുമാർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ശങ്കർ ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം അടുത്തവർഷ൦ തിയേറ്ററിൽ എത്തും. അക്ഷയ് കുമാറിന്റെ താരമൂല്യമാണ് ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസിനു ആക്കം കൂട്ടുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകള്‍ക്ക് പുറമെ ജപ്പാനീസ്, കൊറിയന്‍, ചൈനീസ് എന്നീ വിദേശഭാഷകളിലും തയാറാകുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 450 കോടിയാണ്. രജനീകാന്തിന് അക്ഷയ് കുമാർ വില്ലനായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ബോളിവുഡിൽ നിന്ന് രജനീകാന്തിന് ഒരു വില്ലനെത്തുന്നത് ആദ്യമായാണ്.
ലൈക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ ആമി ജാക്സനാണ് നായിക. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന്റെ ത്രീ ഡി തയാറാക്കുന്നത്. നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് റസൂൽ പൂക്കുട്ടിയാണ്.എന്ത് തന്നെയായാലും ചിത്രം പ്രീ റിലീസ് ബിസിനസിൽ 200 കോടി കവിഞ്ഞിരിക്കുകയാണ് .
Post Your Comments