ഫഹദിന്റെ ബാല്യകാലചിത്രം ഉപയോഗിച്ച് ഇതിനൊപ്പം അഭിനയിക്കാനുള്ള നായികയെയും സഹനടിമാരെയും വേണമെന്നുള്ള പരസ്യം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് ഫഹദോ, താനോ അറിഞ്ഞിട്ടുള്ളതല്ലെന്നും ചതിക്കുഴിയില്‍ വീഴരുതെന്നും അച്ഛനും സംവിധായകനുമായ ഫാസില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ ഫഹദിന്റെ പേരില്‍ ഉള്ള വ്യാജ അക്കൌണ്ടില്‍ നിന്നാണ് പരസ്യം പ്രചരിക്കുന്നത് മനസിലാക്കിയ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരസ്യത്തില്‍ ബന്ധപ്പെടാന്‍ നല്‍കിയിരിക്കുന്ന നമ്പറിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു.
കൊച്ചി വില്ലിങ്ടണ്‍ ഐലന്റ് കെ.പി.കെ.മേനോന്‍ റോഡ് ക്വാര്‍ട്ടര്‍ ഇ 46 ലെ ശരത്ചന്ദ്രന്‍ എന്നയാളുടെ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചെടുത്ത സിം കാര്‍ഡുള്ള ഫോണില്‍നിന്നാണ് വാട്‌സ് ആപ് മെസേജ് പോയിട്ടുള്ളത്. ഇക്കാര്യം ശരത്ചന്ദ്രന്‍ അറിഞ്ഞതാണോയെന്നതില്‍ സംശയമുണ്ട്. ഏതെങ്കിലും ആവശ്യത്തിന് ശരത് ചന്ദ്രന്‍ നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതാണോയെന്നും പോലീസ് സംശയിക്കുന്നു. ആദ്യം ഫഹദ് എന്നയാള്‍ പരസ്യം നല്കിയതായാണ് കണ്ടിരുന്നത്. വിശദമായ സൈബര്‍ അന്വേഷണത്തിലാണ് മേല്‍വിലാസം ലഭ്യമായത്.
ഫഹദറിയാതെ നടത്തിയ പരസ്യം തട്ടിപ്പാണെന്നറിഞ്ഞ് അച്ഛനും സംവിധായകനുമായ ഫാസില്‍ പരാതി നല്കിയതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. സൗത്ത് പോലീസ് ശരത്ചന്ദ്രനെക്കുറിച്ചുള്ള വിശദവിവിരങ്ങള്‍ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.
Post Your Comments