ബാലചന്ദ്രമേനോന്‍റെ സിനിമാ ജീവിതത്തിന്‍റെ 40 ആം വാര്‍ഷിക ചടങ്ങില്‍ പങ്കെടുത്ത സംവിധായകന്‍ കെ.മധു ബാലചന്ദ്ര മേനോനെ ആദ്യമായി കണ്ട അനുഭവത്തെക്കുറിച്ച് പങ്കിടുകയാണ്. ചടങ്ങില്‍ കാണിച്ച ഹ്രസ്വ ചിത്രത്തില്‍ ഒഎന്‍വി ബാലചന്ദ്രമേനോനെക്കുറിച്ച് പറഞ്ഞത് ഓര്‍ത്തെടുത്താണ് കെ.മധു തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ വേണുനാഗവള്ളിയാണ് ബാലചന്ദ്രമേനോനെ പരിചയപ്പെടുത്തിയതെന്നും കെ മധു പങ്കുവെയ്ക്കുന്നു
കെ മധുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഇത്തിരി നേരം ഒത്തിരി കാര്യം (05/06/2017)
ശ്രീ. ബാലചന്ദ്രമേനോന്‍റെ സിനിമാ ജീവിതത്തിന്‍റെ 40 ആം വാര്‍ഷികം ആഘോഷിക്കുവാനായി ഒരുക്കിയ ചടങ്ങ്, മധു സാറിന്‍റെയും, അടൂര്‍ സാറിന്‍റെയും സാന്നിധ്യം കൊണ്ട് സമ്പന്നമായ ചടങ്ങില്‍ എനിക്കും പങ്കെടുക്കാന്‍ കഴിഞ്ഞു. ബാലചന്ദ്രമേനോമായിട്ടുള്ള എന്‍റെ ബന്ധം പറയണമെങ്കിൽ സിനിമാ ഭാഷയിൽ ഒരു ഫ്ലാഷ് ബാക്കിലേയ്ക്കു പോകണം..
1981 ലെ ഒരു മദ്ധ്യാഹ്നം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച ഒരു തീവണ്ടിയാത്ര, എന്‍റെ ഗുരു നാഥൻ എം.കൃഷ്ണൻ നായർ സാർ സംവിധാനം ചെയ്ത മധു സാർ നിർമ്മിച്ച “ഹൃഹലക്ഷ്മി” എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിയ്ക്കുന്നതിനായി ശ്രീമതി. ശ്രീവിദ്യയയുടെ ഡേറ്റിനെപ്പറ്റി സംസാരിയ്ക്കാൻ മധു സാറിന്‍റെ നിർദ്ദേശ പ്രകാരമായിരുന്നു ആ യാത്ര. കൊല്ലം റയിൽവേ സ്റ്റേഷനിൽ വണ്ടി ഇറങ്ങിയ ഞാന്‍ കുറച്ചു സമയത്തിനകം ശ്രീവിദ്യ അഭിനയിക്കുന്ന സിനിമാ ചിത്രീകരണ ലൊക്കേഷനിൽ എത്തിച്ചേര്‍ന്നു.. എന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത് വേണു നാഗവള്ളി അവിടെ ഉണ്ടായിരുന്നു. അന്ന് അവിടെ വച്ച് ആ ചിത്രത്തിന്റെ ( താരാട്ട് ) സംവിധായകനെ എനിയ്ക്കു വേണു പരിചയപ്പെടുത്തി തന്നു. “ബാലചന്ദ്രാ” എന്നുള്ള വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ കണ്ടത് ചുറുചുറുക്കുള്ള, സുന്ദരനായ ഒരു ചെറുപ്പക്കാരനെയാണ് , അത് ശ്രീ.ബാലചന്ദ്രമേനോൻ ആയിരുന്നു, വേണു എന്നെ മേനോന് പരിചയപ്പെടുത്തി “ബാലചന്ദ്രാ, ഇതാണ് കൃഷ്ണന്‍ നായര്‍ സാറിന്‍റെ സഹസംവിധായകന്‍ മധു വൈപ്പില്‍” അന്ന് അവിടെ വച്ച് കൈ കൊടുത്ത് ആരംഭിച്ച ആത്മബന്ധം ഇന്നും തുടരുന്നു. ഞാൻ സംവിധാനം ചെയ്ത രണ്ടു സിനിമകളിൽ അദ്ദേഹം അഭിനയിച്ചു “ഊഹകച്ചവടം”, “ജനാധിപത്യം”.
ചടങ്ങിനോട് അനുബന്ധിച്ച കാണിച്ച ഹ്രസ്വ ചിത്രത്തിൽ ONV സാർ മേനോനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഞാൻ ഓര്‍ക്കുന്നു “ഗുരുത്വം, അതാണ് മേനോന്‍റെ വളർച്ചയ്ക്കു കാരണം”, മാതാ പിതാ ഗുരു: ദൈവം എന്ന സത്യത്തിൽ വിശ്വസിയ്ക്കുന്ന വ്യക്തി എന്ന നിലയിൽ ഞാനും പറയുന്നു മേനോൻ, . താങ്കളുടെ വളർച്ചയ്ക്കു കാരണം ഈശ്വരാധീനവും ,ഗുരുത്വവും തന്നെയാണ് , ഈ കര്‍മ്മപന്ഥാവിലൂടെയുള്ള അചഞ്ചല പ്രയാണത്തിന് ഈശ്വരൻ അങ്ങയെ അനുഗ്രഹിയ്ക്കട്ടെ.
Post Your Comments