സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍ മൂലം അപകടങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുകയാണ്. റോഡ് സുരക്ഷയ്ക്കും അപകടമില്ലാത്ത സുരക്ഷിത യാത്രയ്ക്കും വേണ്ടി സിനിമാതാരങ്ങള്‍ മുതല്‍ സ്കൂള്‍ കുട്ടികള്‍ വരെ അണിനിരക്കുന്ന പ്രചാരണം നടത്തിയിട്ടും ആരും മാറിയിട്ടില്ല. അമിതവേഗതയും മത്സരവും ഇപ്പോഴും ദിവസവും ഓരോ ജീവനെടുത്തുകൊണ്ടിരിക്കുന്നു. മലപ്പുറത്തെ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിന്റെ ചൂട് നേരിട്ട് അനുഭവിച്ചറിഞ്ഞിരിക്കുകയാണ് നടന് ജയസൂര്യ. ഈ അനുഭവം വാഹനത്തിനിലിരുന്ന് തന്നെ ഫെയ്സ്ബുക്കിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.
മലപ്പുറം കാക്കഞ്ചേരിയില്‍ ക്യാപ്റ്റന്‍ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് കോഴിക്കോട്ടേയ്ക്ക് മടങ്ങുമ്പോഴായിരുന്നു ജയസൂര്യയുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിച്ച ആ അനുഭവമുണ്ടായത്. ചെമ്മാട്-കോഴിക്കോട് റൂട്ടിലോടുന്ന നാലകത്ത് എന്ന ബസ് ഒരു വളവില്‍ വച്ച് ജയസൂര്യ സഞ്ചരിച്ച വാഹനത്തെ അമിതവേഗതയില്‍ മറികടന്നു. എന്നാല്‍ ഈ മറികടക്കലിനിടെ എതിരെ വന്ന ഒരു കാര്‍ തലനാരിഴയ്ക്കാണ് ബസ്സില്‍ ഇടിക്കാതെ രക്ഷപ്പെട്ടത്. ആ കാറില്‍ നിന്നുള്ള കുടുംബത്തിന്റെ കൂട്ടനിലവിളി ഇപ്പോഴും തന്റെ ചെവിയിലുണ്ടെന്ന് ജയസൂര്യ ഫെയ്സ്ബുക്കില്‍ പറയുന്നു. എന്റെ ചേട്ടന്മാരെ നിങ്ങളും ജീവിയ്ക്കാന്‍ വേണ്ടി ആയിരിക്കും ഓടുന്നത് പക്ഷേ അത് മറ്റൊരാളുടെ ജീവന് എടുത്തിട്ടാവരുത്….ജയസൂര്യ പറഞ്ഞു.
ജയസൂര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഇപ്പോ കണ്ട കാഴ്ച…. (കാലിക്കറ്റ് … കാക്കഞ്ചേരി)
ഷൂട്ടിംങ്ങ് കഴിഞ്ഞ് തിരിച്ച് പോകായിരുന്നു ഒരു ടേണിങ്ങില്‍ വെച്ച് ഒടുക്കത്തെ സ്പീഡില്‍ ഈ ബസ്സ് ഞങ്ങളെ ഓവര്‍ ടേക്ക് ചെയ്തതാ… ദാ. മുന്നിലൂടെ വന്ന കാര്‍, കുടുംബമായിട്ട് അങ്ങനെത്തന്നെ ഈ ബസ്സിന്റെ അടിയില്‍ പോകണ്ടതായിരുന്നു …… ഒരു മുടിനാരിഴയക്കാണ് ആ കുടുബം രക്ഷപ്പെട്ടത്… ആ കാറീന്നുള്ള കൂട്ട നിലവിളി ഇപ്പോലും എന്റെ ചെവീലുണ്ട്.. എന്റെ ചേട്ടന്മാരെ നിങ്ങളും ജീവിയ്ക്കാന്‍ വേണ്ടി ആയിരിക്കും ഓടുന്നത് പക്ഷേ അത് മറ്റൊരാളുടെ ജീവന് എടുത്തിട്ടാവരുത്….
Post Your Comments