എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേരിനെ ചൊല്ലി വിവാദങ്ങള്‍ ധാരാളം ഉണ്ടായി. രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി ചിത്രീകരിക്കുന്ന സിനിമയ്ക്ക് മഹാഭാരതമെന്ന പേരാണ് ആദ്യം നിശ്ചയിച്ചത്. എന്നാല്‍ ചിത്രത്തിന് മഹാഭാരതം എന്ന് പേരിടരുതെന്നും അങ്ങിനെ പേരിട്ടാല്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഭീഷണി മുഴക്കിയിരുന്നു. ഇപ്പോള്‍ മഹാഭാരതം എന്ന ചിത്രം മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരില്‍ തന്നെയാവും റിലീസ് ചെയ്യുകയെന്നു നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി അറിയിച്ചു .
ആരുടെയും ഭീഷണി കണക്കിലെടുത്തല്ല ചിത്രത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന് പേരിടുന്നതെന്നും മറ്റ് ഭാഷകളില്‍ മഹാഭാരതം എന്ന പേരില്‍ തന്നെയാവും ഇത് പുറത്തിറങ്ങുകയെന്നും ചിത്രത്തിന്റെ നിര്‍മാതാവും വ്യവസായിയുമായ ബി.ആര്‍. ഷെട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൂന്ന് മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുക. ആദ്യ ഭാഗത്തിന്റെ ചിത്രീകരണം അബുദാബിയില്‍ ആരംഭിക്കും. നൂറ് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ കാസ്റ്റിങ് ആരംഭിക്കും. ചിത്രീകരണം പൂര്‍ത്തിയായാല്‍ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ച സ്ഥലം മഹാഭാരതം സിറ്റിയായി വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments