‘സയാമീസ് ഇരട്ടകള്‍’,’സുന്ദരി നീയും സുന്ദരന്‍ ഞാനും’തുടങ്ങി നിരവധി നല്ല ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച റഫീക്ക് സീലാട്ട് സോഷ്യല്‍ മീഡിയയിലൂടെ നിരവധി നല്ല അനുഭവങ്ങള്‍ പങ്കിടാറുണ്ട്.
അമ്മാവനൊപ്പം സിനിമ കാണാന്‍ പോയ ബാല്യകാലത്തെ ഹൃദയ സ്പര്‍ശിയായ അനുഭവം പങ്കിടുകയാണ് റഫീക്ക് സീലാട്ട് എന്ന കഥാകൃത്ത്
ബാല്യകാലത്ത് സിനിമ കാണുവാൻ പോയിരുന്നത് അമ്മാവന്റെ കൂടെയാണ്.നേർച്ചയെന്നോണം ആഴ്ചയില് ഒരു സിനിമ,അതും കുടുംബസമേതം.വ്യാഴാഴ്ച വരാൻ കാത്തിരിക്കും ഉറങ്ങാതെ,സെക്കൻഡ് ഷോ കാണുവാൻ.വെള്ളിയാഴ്ച പടം മാറുന്നത് കൊണ്ട് തിയ്യേറ്റർ തൊഴിലാളിയായ അമ്മാവന് വ്യാഴാഴ്ചയെ ഫ്രീ പാസ്സ് കിട്ടൂ.അന്ന് ഒരു ഉത്സവം തന്നെയാണ്.അമ്മാവന്റെ വക ഫ്രീ സിനിമയും ഞങ്ങള് കുട്ടികള്ക്ക് കടലാസ്സില് പൊതിഞ്ഞ തൊണ്ടുള്ള കപ്പലണ്ടിയും മുതിർന്നവർക്ക് ഓരോ ഗ്ളാസ്സ് ചൂട് കാപ്പിയും.അമ്മാവൻ ജോലിയെടുത്തിരുന്ന സ്റ്റാർ എന്ന സി ക്ളാസ്സ് തിയ്യേറ്ററില് ഹിന്ദി സിനിമയാണ് കൂടുതലും വരാറ്.സിനിമ തുടങ്ങി അവസാനിക്കുന്നത് വരെയുള്ള കപ്പലണ്ടി വിൽപ്പനക്കാരന്റെ കപ്പലണ്ടി കപ്പലണ്ടിയെന്നുള്ള വിളിയും സിനിമാക്കോട്ടക്കകത്തിരുന്നു ബീഡി വലിക്കുന്നവരുടെ ആ ബീഡിയുടെ ദുഷിച്ച ഗന്ധവും സംഭാഷണം ഒന്നും തിരിയാത്ത സൗണ്ട് സിസ്റ്റവും ഒഴിച്ചാല് സിനിമ സുഖം സുഖകരം.വെള്ളിയാഴ്ച സ്കൂളില് ചെന്ന് കഴിഞ്ഞ് കൂട്ടുകാരോട് സിനിമയുടെ കഥ പറയുമ്പോള് പണിപാളും.സംഭാഷണം വ്യക്തമാകാത്തത് കൊണ്ട് നായകനും നായികയും വില്ലനും പറയുന്ന സംഭാഷണങ്ങള് കൈയ്യില് നിന്നുമെടുത്തിടും.അപ്പോഴും കഥ പറയുമ്പോള് റീ റിക്കോർഡിംഗും സ്പെഷ്യല് ഇഫക്ടും ചേർത്തേ പറയൂ.അത് അന്നും ഇന്നും അങ്ങിനെ തന്നെ തുടരുന്നു.ഒരിക്കല് അമ്മാവന്റെ സ്റ്റാർ ടാക്കീസ്സില് പ്രേംനസീറിന്റെ ഒരു സിനിമ വന്നു.ഹിന്ദി സിനിമ കണ്ട് ശീലിച്ചത് കൊണ്ടോ എന്തോ ഉമ്മയ്ക്കും മറ്റ് മുതിർന്നവർക്കും സിനിമ കാണുവാൻ ഒരു താല്പര്യമില്ലായ്മ.നല്ല സിനിമയാണെന്ന് പറഞ്ഞ് നിർബ്ബന്ധിച്ച് അമ്മാവൻ ഞങ്ങളെ കൂട്ടികൊണ്ട് പോയി.സിനിമയുടെ ടൈറ്റിലുകള് കാണിച്ച് തുടങ്ങിയപ്പോള് ചമയം പാണ്ഡ്യൻ എന്നെഴുതിയിരിക്കുന്നത് ഉറക്കെ വായിച്ച് കൊണ്ട് അമ്മാവൻ പറഞ്ഞു കണ്ടില്ലേ ,,ചമയം പാണ്ഡ്യനാ പടം സൂപ്പറായിരിക്കും.അന്നെനിക്ക് ഒന്നും മനസ്സിലായിലെങ്കിലും മുതിർന്ന് കഴിഞ്ഞപ്പോളാണ് അമ്മാവൻ പറഞ്ഞ പൊട്ടത്തരത്തിന്റെ കോമഡി പിടികിട്ടിയത്.പിൽക്കാലത്ത് സിനിമയില് വന്നതിന് ശേഷം പ്രശസ്ത മേക്കപ്പ് മാൻ പാണ്ഡ്യൻ ചേട്ടനോട് ഈ വിവരം ഞാൻ പറഞ്ഞു.എനിക്ക് തോന്നുന്നത് മലയാള സിനിമയില് ചമയ കലയില് ഏറ്റവും കൂടുതല് ചിത്രങ്ങള് ചെയ്തിട്ടുള്ളതും അദ്ദേഹമായിരിക്കും.ഒരുകാലത്ത് സിനിമയില് ഏറ്റവും ദുരിതമനുഭവിച്ചിരുന്നത് മേക്കപ്പ്മാൻമാരായിരുന്നു.ജോലിഭാരം കൂടുതലും പിന്നെ ഷൂട്ടിംഗ് കഴിഞ്ഞാല് ക്യത്യമായി പണിയെടുത്ത കാശും കിട്ടില്ലായിരുന്നു അവർക്ക്.ഏറ്റവും കുറഞ്ഞ പ്രതിഫലം കിട്ടുന്നവരായിരുന്നു ചമയക്കാർ.ഇന്ന് സഘടനകളൊക്കെ വന്നപ്പോള് ആ സ്ഥിതി വിശേഷങ്ങളൊക്കെ മാറി.ഓരോ മേക്കപ്പ്മാനും ഓരോ താരത്തിന്റേയും മുഖ സൗന്ദര്യ ശാസ്ത്രമറിയാം.ഇതറിയാവുന്നതാണ് ഓരോ താരങ്ങളുടേയും ആത്മ വിശ്വാസങ്ങള്.സൗന്ദര്യമെന്ന ആത്മാവിനെ സ്യഷ്ടിച്ചെടുക്കുന്ന കലാരൂപമാണ് മേക്കപ്പ്.മുഖത്തെ വർത്തുളതയെ കീഴ്പ്പെടുത്തുവാൻ ഒരു മേക്കപ്പിനെകൊണ്ടാകുമെങ്കിലും ഹ്യദയത്തെ വിക്യതമാക്കിയ വർത്തുള്ളതയെ ഇല്ലാതാക്കുവാൻ ഒരു ചമയത്തിനേയും കൊണ്ടാകില്ല.സന്തോഷങ്ങളാണ് ഈ ലോകത്തെ ഏറ്റവും ഫലപ്രദമായ മേക്കപ്പ്
Post Your Comments