റിലീസ് ചെയ്ത് ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറത്തു മോഹന്‍ലാല്‍ ചിത്രം മണിച്ചിത്രത്താഴ് തന്‍റെ നോവലിന്‍റെ പകര്‍പ്പാണെന്നു അവകാശപ്പെട്ടുകൊണ്ട് അശ്വതി തിരുനാള്‍ രംഗത്തെത്തിയിരിക്കുകയാണ്. അശ്വതി തിരുനാളിന്റെ വിജനവീഥി എന്ന നോവലുമായി സിനിമയ്ക്കുള്ള ബന്ധത്തെക്കുറിച്ചും ആരോപണത്തെ കുറിച്ചും ഫാസില്‍ മറുപടി നല്‍കണമെന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തക ഉഷാ എസ് നായര്‍ ഒരു ലേഖനത്തില്‍ എഴുതി. ഇതിനു മറുപടി നല്‍കിയിരിക്കുകയാണ് ഫാസില്‍. ആരോപണങ്ങളെ നിഷേധിച്ച ഫാസില്‍ വിജനവീഥി വായിച്ചിട്ടില്ലയെന്നും തുറന്നു പറയുന്നു. 1960 കള്‍ മുതല്‍ സാഹിത്യ ലോകത്തോട് താല്‍പര്യമുള്ള താനോ തിരക്കഥാകൃത്ത് മധു മുട്ടമോ ഇതുവരെ വിജനവീഥി വായിച്ചിട്ടില്ല. വായിച്ചിരുന്നെങ്കിലും അത് തുറന്ന് പറയാന്‍ മടികാണിക്കുകയില്ലയെന്നും ഫാസില്‍ പ്രതികരിച്ചു.
ഫാസിലിന്‍റെ വാക്കുകള്‍
മണിച്ചിത്രത്താഴ് ഇറങ്ങുന്നതിന് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1960 ലാണ് ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ സൈക്കോ ഇറങ്ങുന്നത്. ദ്വന്ദ വ്യക്തിത്വമായിരുന്നു പ്രമേയം. ഞാന്‍ സിനിമയില്‍ എത്തുന്നതിന് മുന്‍പേ മലയാളത്തില്‍ ചുവന്ന സന്ധ്യകള്‍, രാജാങ്കണം എന്നീ ചിത്രങ്ങള്‍ ഇറങ്ങിയിരുന്നു. അതിലും ദ്വന്ദ്വ വ്യക്തിത്വം തന്നെയായിരുന്നു പ്രമേയം. മണിച്ചിത്രത്താഴ് ഇറങ്ങിയതിന് 12 വര്‍ഷങ്ങള്‍ക്ക് ശേഷം അന്യന്‍ ഇറങ്ങി. അതില്‍ മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ആയിരുന്നു ചിത്രീകരിച്ചത്. കഥാനായകന്‍ പല സാഹസ പ്രവര്‍ത്തികളും കാണിക്കുന്നുണ്ട്. മണിച്ചിത്രത്താഴ് വേഷംമാറിയതാണ് അന്യന്‍ എന്ന് പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോ.? അനിയത്തിപ്രാവില്‍ പ്രണയത്തെ വീട്ടുകാര്‍ എതിര്‍ക്കുന്നു. പെണ്ണിന്റെ വീട്ടുകാര്‍ പയ്യനെ കൊല്ലാന്‍ നടക്കുന്നു. ഈ പ്രമേയത്തില്‍ നിരവധി സിനിമകള്‍ വന്നിട്ടുണ്ട്. ആ സിനിമകളെല്ലാം വില്ല്യം ഷേക്സ്പിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റ് വേഷം മാറിവന്നതാണെന്ന് പറഞ്ഞാലോ?
ബാധയും ഒഴിപ്പിക്കലും പാരാസൈക്കോളജിയും മന്ത്രവാദവുമെല്ലാം ഇവിടെ കാലാകാലമായി നിലനില്‍ക്കുന്നുണ്ട്. അതില്‍ നിന്ന് വേണ്ടെതെടുത്ത് ആര്‍ക്കും ഭാവനയെ ഉണര്‍ത്താം. മധു മുട്ടത്തിന്റെ പ്രതിഭയും വൈഭവവും മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നപ്പോള്‍ മണിച്ചിത്രത്താഴ് ഉണ്ടായി. 1960 കള്‍ മുതല്‍ തന്നെ സാഹിത്യ ലോകത്തോട് താല്‍പര്യമുള്ള ഞാനോ മധു മുട്ടമോ ഇതുവരെ വിജനവീഥി വായിച്ചിട്ടില്ല. വായിച്ചിരുന്നെങ്കിലും അത് തുറന്ന് പറയാന്‍ മടികാണിക്കില്ല. എന്റെ മണിച്ചിത്രത്താഴും ഓര്‍മകളും വായിച്ചവര്‍ക്ക് അത് തിരിച്ചറിയാനാകും.
Post Your Comments