മോഹന്‍ലാലിന്റെ മഹാഭാരതത്തെ വിമര്‍ശിച്ച ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല എംടി വാസുദേവന്‍നായരുടെ നിര്മാല്യത്തിനെതിരെയും രംഗത്ത്. എംടി യുടെ നിര്‍മാല്യം എന്ന സിനിമ ഇറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നില്ല അതു കൊണ്ടാണ് വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്ന രംഗം എതിര്‍ക്കപ്പെടാതെ പോയതെന്നും ശശികല പറഞ്ഞു.
മാവേലിക്കരയില്‍ ഹിന്ദുഅവകാശ സംരക്ഷണ യാത്രയ്ക്ക് നല്കിയ സ്വീകരണത്തിലായിരുന്നു ശശികലയുടെ പരാമര്‍ശങ്ങള്‍. ലോക ഗുരുവായ വ്യാസന്റെ രചനയാണ് മഹാഭാരതം. അതിന് അതിന്റെതായ പവിത്രതയുണ്ട്. ഏതൊരാള്‍ക്കും ഉളളത് പോലെ ആവിഷ്കാര സ്വാതന്ത്ര്യം വ്യാസനും ഹിന്ദുഐക്യവേദിക്കുമുണ്ട്. അതുകൊണ്ടുതന്നെ എംടിയുടെ രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതം എന്ന് പേരിടേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.
സ്വന്തം ചെറുകഥയായ പള്ളിവാളും കാല്‍ച്ചിലമ്പും ആസ്പദമാക്കി 1973ലാണ് എംടി നിര്‍മാല്യം എന്ന സിനിമ ഒരുക്കുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധേയമായ ഈ ചിത്രം മികച്ച ചിത്രത്തിനുളള ദേശീയ പുരസ്കാരവും മികച്ച നടനുളള പുരസ്കാരവും മലയാളത്തിനു സമ്മാനിച്ചു.
നിര്‍മാല്യത്തിന്റെ അവസാന രംഗത്ത് ഗുരുതി കഴിക്കവെ ഉറഞ്ഞുതുള്ളി തല വെട്ടിപ്പൊളിക്കുന്ന വെളിച്ചപ്പാട് ഭഗവതിയുടെ നേര്‍ക്ക് ആഞ്ഞുതുപ്പുന്നുണ്ട്. നിര്‍മാല്യം സിനിമയുടെ ഈ ക്ലൈമാക്സ് ഇന്നാണ് എടുത്തതെങ്കില്‍ തല പോകുമെന്ന് എം.ടി. മാതൃഭൂമി ഓണപ്പതിപ്പില്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞിരുന്നു.
Post Your Comments