‘കുഞ്ഞിരാമായണ’ത്തിന് ശേഷം ബേസില്‍ ജോസഫ് ഒരുക്കുന്ന രണ്ടാം ചിത്രമാണ് ‘ഗോദ’. ഡോക്ടര്‍ എവി.അനൂപ്, മുകേഷ്.ആര്‍.മേത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്‍റെ തിരക്കഥ രാകേഷ് മണ്ടോട്ടിയാണ്. ‘കുഞ്ഞിരാമായണം’ വളരെ ലളിതമായ ആഖ്വാന ശൈലിയാല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. നാട്ടിന്‍പുറത്തിന്റെ രുചിയും,മണവും കാഴ്ചകാരിലേക്ക് ഒപ്പിയെടുത്ത കുഞ്ഞിരാമായണത്തെ പ്രേക്ഷകര്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്. രാമായണത്തില്‍ നിന്ന് ഗോദയിലെത്തുമ്പോള്‍ ഗുസ്തിയാണ് വിഷയം. ‘കുഞ്ഞിരാമയണം’ പോലെ നാട്ടിന്‍പുറത്തെ കാഴ്ചകളാല്‍ പ്രേക്ഷകന് രസം പകരാനുള്ള ശ്രമമാണ് ഗോദയിലുള്ളത്. ‘കണ്ണാടിക്കല്‍’ ഗ്രാമത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ടോവിനോ തോമസും, രണ്‍ജി പണിക്കരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അജു വര്‍ഗീസും, ഹരീഷ് കണാരനും, ബിജുക്കുട്ടനും, ഹരീഷ് പേരാടിയും മാമുക്കോയയുമടക്കം ഒട്ടേറെ താരങ്ങള്‍ ഗോദയിലെ നിറ സാന്നിധ്യമാകുന്നു. ഗുസ്തി കളിയുടെ ആവേശം മുളഞ്ചു പൊന്തുന്നതോ, അതിന്‍റെ പ്രാധാന്യം പ്രകടമാക്കി തരുന്നതോ ആയ ഒരു സ്പോര്‍ട്സ് മൂവിയല്ല ‘ഗോദ’. രണ്ടു മണിക്കൂര്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തനായി പ്രേക്ഷകന് വേണ്ടി ബേസില്‍ ജോസഫ് സമ്മാനിച്ച ചിത്രമാണ് ‘ഗോദ’. ഗൗരവമേറിയ ആശയത്തിലൂടെയാന്നും ആഴ്ന്നിറങ്ങാതെ ലളിതമായി ചിത്രീകരിച്ചെടുത്ത ‘ഗോ’ദ പ്രേക്ഷകരില്‍ കണ്ടിരിക്കും നേരം ആകര്‍ഷണമുണ്ടാക്കുന്നത് ശ്രദ്ധേയമാണ്.
ഗുസ്തി പ്രേമിയായ ആച്ഛനും, ക്രിക്കറ്റ് പ്രേമിയായ മകനുമിടയില്‍ ഒട്ടേറെ നര്‍മ സീനുകള്‍ തുന്നി ചേര്‍ത്ത് കൊണ്ട് ചിത്രത്തിന്റെ കോമഡി പാര്‍ട്ട് ബേസില്‍ ജോസഫ് നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഗുസ്തിതാരമാകാന്‍ മോഹിക്കുന്ന ‘അതിഥി സിംഗ് എന്ന പഞ്ചാബി പെണ്‍കുട്ടിയില്‍ നിന്നാണ് ചിത്രത്തിന്‍റെ തുടക്കം. ഗുസ്തി എന്ന കായികവിനോദം പെണ്‍കുട്ടികള്‍ക്ക് ചേര്‍ന്നതല്ലെന്നും, അത് നമ്മുടെ കുടുംബത്തിനു മാനക്കേട് ഉണ്ടാക്കുമെന്നും അതിഥിയുടെ സഹോദരന്‍ അവളെ ഓര്‍മിപ്പിക്കുന്നിടത്ത് നിന്നാണ് ഗോദയുടെ ആരംഭം.
പിന്നീട് കേരളത്തിലെ ഒരു ഇടത്തരം ഗ്രാമത്തിലേക്കാണ് ക്യാമറ തിരിയുന്നത്. ഗുസ്തിയെന്ന കായിക വിനോദം ‘ആ’ ഗ്രാമത്തിന്റെ ആവേശവും വികരാവുമാണെന്നു നല്ല വിഷ്വല്‍സിലൂടെയും, വിനീത് ശ്രീനിവാസന്റെ മനോഹര ശബ്ദത്തിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് വേറിട്ട് നിന്നു.
വീണ്ടും ഇന്നത്തെ കാലഘട്ടം സ്ക്രീനില്‍ തെളിയുന്നു. നാട്ടിന്‍പുറത്തെ നര്‍മത്തിന്റെ കുത്തൊഴുക്കിനു അവസാനമില്ലാത്തതിനാല്‍ ആ ദിശയിലാണ് ഗോദയുടെ തുടര്‍ സഞ്ചാരം. ഫ്രഷ് കോമഡികളും, അവതരണത്തിലെ പുതുമയും ചിത്രത്തിന് ഉണര്‍വ്വ് പകരുന്നുണ്ട്. പ്രേക്ഷകന്റെ മനസ്സ് ഞൊടിയിടനേരം കൊണ്ട് ഗോദയിലേക്ക് ക്ഷിപ്രം ഇറങ്ങി ചെല്ലുന്നുണ്ട്.
ബേസില്‍ ജോസഫ് എന്ന സൂത്രശാലിയായ സൂത്രധാരന്‍ ‘കുഞ്ഞിരാമായണ’ത്തില്‍ കളിച്ച അതേ കളിയാണ് ഗോദയിലും ആവര്‍ത്തിക്കുന്നത് . ചിത്രത്തിലെ നിരവധി ക്ലീഷേ രംഗങ്ങളെ സമര്‍ത്ഥമായ അവതരണ മിടുക്കോടെ ബേസില്‍ ജോസഫിലെ സംവിധായകന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ഗുസ്തിയെ കേന്ദ്രീകരിച്ചൊരു വിനോദ സിനിമ സ്ക്രീനില്‍ ചലിക്കുമ്പോള്‍ പ്രേക്ഷകനതൊരു പുത്തന്‍ വിഷയമാണ്. എന്നിരുന്നാലും ഗോദ ഒരു കായിക ചിത്രമെന്ന നിലയില്‍ പ്രേക്ഷകരിലേക്ക് അടയാളപ്പെടുന്നില്ല. ചിത്രത്തിന്റെ അണിയറക്കാര്‍ അതിനാണ് ശ്രമിച്ചതെന്നും തോന്നുന്നില്ല. ഒരു ഫുള്‍ ടൈം കളര്‍ഫുള്‍ ഫണ്‍ സിനിമയ്ക്കായി ഗോദയും, ഗുസ്തിയും വിഷയമാക്കി എന്നുള്ള അണിയറ പ്രവര്‍ത്തകരുടെ മാര്‍ക്കറ്റിംഗ് ബുദ്ധിയാണ് പ്രശംസ അര്‍ഹിക്കുന്നത്. ഓണസീസണിലെത്തിയെ ‘കുഞ്ഞിരാമായണ’ത്തേക്കാള്‍ ‘ഗോദ’യെന്ന ചിത്രം വരും നാളുകളില്‍ പ്രേക്ഷക സ്വീകാര്യത നേടുമെന്നത് തീര്‍ച്ചയാണ്. റംസാന്‍ വ്രതാരംഭം അടുത്ത് വരുന്നതിനാല്‍ മറ്റുള്ള മലയാള സിനിമകളും ഗോദയ്ക്ക് വെല്ലുവിളി ഉയര്‍ത്താനിടയില്ല.
ഗോദയുടെ ആദ്യപകുതി 45 മിനിറ്റിലാണ് അവസാനിക്കുന്നത്. വേഗതയോടെയാണ് ആദ്യ പകുതി നീങ്ങുന്നതെങ്കിലും രണ്ടാം പകുതിയിലെത്തുമ്പോള്‍ പറയുന്ന വിഷയത്തിനോട് അപൂര്‍ണ്ണത കാട്ടുന്നുണ്ട് ചിത്രം. ചിത്രത്തിലെ ഗുസ്തി രംഗങ്ങളൊന്നും പ്രേക്ഷകര്‍ക്ക് കാര്യമായ ആവേശം നല്‍കുന്നില്ല, സിനിമ അവസാനത്തോടടുക്കുമ്പോള്‍ ആസ്വാദനത്തിനു കറുപ്പ് വീഴുന്നത് വലിയ പോരായ്മയാണ്.ആദ്യ നേരങ്ങളിലെ എനര്‍ജി അവസാന നേരമാകുമ്പോള്‍ കൈവിട്ടു പോകുന്നുണ്ട്.
ചിത്രത്തിലെ നര്‍മ ഭാഗങ്ങളാണ് പ്രേക്ഷകന് ഇഷ്ടമായ മര്‍മം. നര്‍മത്തിനപ്പുറം നായിക നായകനോട് തന്‍റെ വിഷമ കഥ വിവരിക്കുന്നതും ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട്. “സാക്ഷി മാലിക്കിനേപ്പോലുള്ളവർ വരുമ്പോൾ നമ്മൾ കയ്യടിക്കും, എന്നാല്‍ അതേ പോലെ മറ്റൊരു വനിതാ ഗുസ്തി താരത്തെ വളര്‍ത്തിയെടുക്കാന്‍ എത്ര വീട്ടുകാര്‍ ഇവിടെ തയ്യാറാകും?” എന്ന നായിക അതിഥിയുടെ ചോദ്യം കയ്യടി അര്‍ഹിക്കുന്നു. ഒരു പെണ്‍കുട്ടിയുടെ മനസ്സിലുള്ള മോഹങ്ങള്‍ എന്ത് തന്നെയായലും സഫലീകരിക്കപ്പെടണം എന്ന നല്ല ആശയം ഗോദയിലൂടെ പങ്കുവെച്ചത് ചിത്രത്തിന്‍റെ പോസിറ്റിവ് വശമാണ്.
കണ്ണാടിക്കല്‍ മനയത്ത് വയലിലെ പഴയ ഗുസ്തി ആവേശം ഇന്നത്തെ ക്രിക്കറ്റ് ഭ്രാന്തന്മാരായ പുതുതലമുറയോട് പഴയ തലമുറ പങ്കുവെയ്ക്കുന്നത് മനസ്സില്‍ തട്ടുന്ന ചിത്രീകരണ കാഴ്ചയായിരുന്നു. “നിങ്ങളിതിനെ കാലത്തിന്റെ വികസനം എന്നൊക്കെ പറയുമായിരിക്കും പക്ഷേ ഞങ്ങള്‍ക്കിത് ഒരുതരം വേരറുക്കലാണ് മരണമാണ്”. ഹരീഷ് പേരാടിയും കഥാപാത്രം ടോവിനോയും തമ്മിലുള്ള ഈ രംഗം സമീപകാലത്ത് മലയാള സിനിമയില്‍ കണ്ട ഏറ്റവും ഹൃദയസ്പര്‍ശിയായ രംഗമായിരുന്നു.
അഭിനയ പ്രകടനം
ടോവിനോയെ പ്രേക്ഷകര്‍ താരത്തിന്‍റെ കുപ്പായമണിയിച്ചിട്ടു അധികനാളായിട്ടില്ല, അതേ താരത്തെ വീണ്ടും ഉയര്‍ത്തി പൊക്കാനുള്ള കഥാപാത്രമൊന്നുമല്ല ടോവിനോ അവതരിപ്പിച്ച ഗോദയിലെ ആഞ്ജനേയ ദാസ്.വര്‍ഷങ്ങളായി സിനിമയില്‍ കണ്ടുവരുന്ന ഒരു സാധാരണ ഹ്യൂമര്‍ ടച്ച് കഥാപാത്രം. ഹ്യൂമര്‍ അവതരിപ്പിക്കുമ്പോള്‍ ടോവിനോയിലെ നടന്‍ ഇടറുന്നുണ്ട്.അഭിനയത്തിന്റെ കാര്യത്തില്‍ ആഞ്ജനേയ ദാസ് എന്ന കഥാപാത്രത്തെ ഗംഭീരമാക്കാന്‍ ടോവിനോയിലെ നടന് സാധിച്ചിട്ടില്ല. നിവിന്‍ പോളിയെ പോലെ നല്ല നടനെന്ന പേരിലല്ല, നല്ല ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലൂടെകാം ടോവിനോയും പ്രേക്ഷക ശ്രദ്ധ നേടാന്‍ ഒരുങ്ങുന്നതെന്ന് ‘ഗോദ’ തെളിയിക്കുന്നു. ടോവിനോയുടെ അച്ഛന്‍ വേഷം അവതരിപ്പിച്ചത് രണ്‍ജി പണിക്കരാണ്. സ്ഥിരം അഭിനയ ശൈലിയാണെങ്കിലും രണ്‍ജി പണിക്കരുടെ ‘ക്യാപ്റ്റന്‍’ എന്ന് വിളിപ്പേരുള്ള ‘ഫയല്‍വാന്‍’ കഥാപാത്രം പ്രേക്ഷക പ്രീതി നേടിയെടുക്കുന്നുണ്ട്. ‘വാമിഖ ഗബ്ബി’യാണ് അതിഥി സിംഗ് എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. പക്വതയുള്ള തന്‍റെ വേഷം പ്രേക്ഷകരില്‍ അടയാളപ്പെടുത്തും വിധം അവിസ്മരണീയമാക്കിയിട്ടുണ്ട് വാമിഖ. ടോവിനോയുടെ അമ്മ കഥാപാത്രമായി എത്തിയ പാര്‍വതിയും വേറിട്ട അഭിനയ രീതിയിലൂടെ കയ്യടി നേടി . അജു വര്‍ഗീസ്, ശ്രീജിത്ത് രവി, ഹരീഷ് കണാരന്‍, ബിജുക്കുട്ടന്‍, ഹരീഷ് പേരാടി, മാമുക്കോയ പ്രദീപ് കോട്ടയം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
ഷാന്‍ റഹ്മാന്റെ ഈണങ്ങള്‍ കാര്യമായ ശ്രവണ സുഖം നല്‍കിയില്ലെങ്കിലും ചിത്രത്തിന്റെ ബിജിഎം അസാധ്യമായിരുന്നു. വിഷ്ണു ശര്‍മയുടെ ഛായാഗ്രഹണം ‘ഗോദ’യ്ക്ക് ഇരട്ടി സൗന്ദര്യം ജനിപ്പിച്ചു. മേക്കപ്പ് വിഭാഗവും, കലാസംവിധാനവും, ചിത്രസംയോജനവും, വസ്ത്രാലങ്കാരവും കൂടുതല്‍ പ്രശംസയര്‍ഹിക്കുന്നു.
അവസാന വാചകം
ഗോദയെന്ന പേര് കേട്ട് തീവ്രമായ സ്പോര്‍ട്സ് മൂവി കാണാനുള്ള തയ്യാറെടുപ്പോടെ ചിത്രത്തെ സമീപിക്കരുത്. ‘കുഞ്ഞിരാമയണം’ എന്ന ബേസിലിന്റെ മുന്‍ചിത്രം നിങ്ങളെ ഇഷ്ടപ്പെടുത്തിയെങ്കില്‍ ‘ഗോദ’യ്ക്കും ധൈര്യമായി ടിക്കറ്റെടുക്കാം.അതേ പോലെ മറ്റൊന്നാണ് ഇതും…
Post Your Comments