നടന്‍ രതീഷിനെ കുറിച്ച് സുഹൃത്തും നടനുമായ സത്താര്‍ ഓര്‍ക്കുന്നു. ഐ.വി.ശശി സംവിധാനം ചെയ്ത ‘അഹിംസ’യുടെ ലൊക്കേഷനില്‍ വച്ചാണ് രതീഷിനെ പരിചയപ്പെടുന്നത്. ആ സൗഹൃദം നല്ല രീതിയില്‍ വളര്‍ന്നു. പിന്നീട് ഞങ്ങളൊരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. ഇടക്കാലത്ത് ഞങ്ങള്‍ രണ്ടുപേര്‍ക്കും സെക്കന്റ് ഗ്രേഡ് സിനിമകളില്‍ അഭിനയിക്കേണ്ടിവന്നു.
ക്രോസ്‌ബെല്‍റ്റ് മണിയുടെ ‘ഒറ്റയാനി’ലായിരുന്നു തുടക്കം. മണിയുടെ പടത്തിനൊരു ഗുണമുണ്ട് അത് പരാജയപ്പെടില്ല. പ്രണയവും സംഘട്ടനവും ഡിസ്‌കോ ശാന്തിയുടെ ഒരു ഡാന്‍സും ചേര്‍ത്തുള്ള മസാലപ്പടങ്ങളായിരിക്കും മിക്കതും. ‘ഒറ്റയാനി’ല്‍ അഭിനയിക്കുന്ന സമയത്തുതന്നെ ‘റിവഞ്ച്’ എന്ന മറ്റൊരു സിനിമയ്ക്കുകൂടി ഞാനും രതീഷും ഡേറ്റ് നല്‍കി. പക്ഷേ നിര്‍മ്മാതാവ് മാറിയതിനെത്തുടര്‍ന്ന് ആ സിനിമ പ്രതിസന്ധിയിലായി. ക്രോസ്‌ബെല്‍റ്റ് മണിക്ക് മാത്രമല്ല, ഞങ്ങള്‍ക്കും ഇത് വിഷമമുണ്ടാക്കി.
എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത് അപ്പോഴാണ്. ഒരു ദിവസം ഞാന്‍ തിരുവനന്തപുരത്തെ വീട്ടില്‍ രതീഷിനെ കാണാന്‍ ചെന്നു. ”റിവഞ്ച് നമുക്ക് രണ്ടുപേര്‍ക്കും പ്രൊഡ്യൂസ് ചെയ്താലോ? സംവിധായകന്‍ ക്രോസ്‌ബെല്‍റ്റ് മണിയായതിനാല്‍ മുടക്കുന്ന പണം തിരിച്ചുകിട്ടുകയും ചെയ്യും.”ഞാന്‍ ചോദിച്ചപ്പോള്‍ രതീഷ് സമ്മതിച്ചു. അങ്ങനെയാണ് നിര്‍മ്മിച്ചത്. രതീഷായിരുന്നു നായകന്‍ ഞാന്‍ വില്ലനും. ആ രീതിയില്‍ വീണ്ടും കുറെ സിനിമകള്‍ ഞങ്ങള്‍ നിര്‍മ്മിച്ചു. എല്ലാം നഷ്ടംവരാത്ത സിനിമകളായിരുന്നു.
ആ സമയത്തൊക്കെ രതീഷിനെ വലിയൊരു സങ്കടം അലട്ടിയിരുന്നു. വിവാഹം കഴിഞ്ഞ് നാളേറെയായിട്ടും കുട്ടികളില്ല. സിനിമയുടെ തിരക്കുകാരണം ചികിത്സ നടത്താന്‍ പോലും കഴിഞ്ഞില്ല. ഇക്കാര്യം പലപ്പോഴും അവന്‍ സൂചിപ്പിക്കുമായിരുന്നു. ഒരു ദിവസം അവനെ നിര്‍ബന്ധിച്ച് ഞാന്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ചികിത്സ തുടങ്ങിയതോടെ ആ പ്രശ്‌നത്തിന് പരിഹാരമായി. രതീഷ് പിന്നീട് നാലുകുട്ടികളുടെ അച്ഛനായി.
Post Your Comments