GeneralNEWS

‘എന്നെ വിളിച്ചത് ഒരു അഭിനയമോഹിയായിരുന്നു’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സത്യന്‍ അന്തിക്കാട്

ഉത്സവ ലഹരി അതെന്നും ഒരു ആവേശമാണ്. തൃശൂര്‍പൂരമെന്ന് കേട്ടാല്‍ ഉള്ളിലെവിടെയോ മേളപ്പെരുക്കങ്ങളുടെ ഒരു ഉത്സവവും. മുന്‍പ് ഒരുനാള്‍ തൃശൂര്‍ പൂരക്കഥ കാണാന്‍ പോയ സംഭവത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ രസകരമായ കാര്യത്തെക്കുറിച്ചുമൊക്കെ പ്രേക്ഷകരോട് വിവരിക്കുകയാണ് മലയാളികളുടെ പ്രിയ അന്തിക്കാട്ടുകാരനായ സത്യന്‍ അന്തിക്കാട്. തൃശ്ശൂർ പൂരം സംവിധാനം ചെയ്തത് ആരാണെന്ന് ഇടയ്കൊക്കെ ആലോചിക്കാറുണ്ടെന്ന പതിവ് സത്യന്‍ ശൈലിയോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്‌ ആരംഭിക്കുന്നത്.

പൂരം, കണ്ണിലും കാതിലും
———————–
തൃശ്ശൂർ പൂരം സംവിധാനം ചെയ്തത് ആരാണെന്ന് ഇടയ്കൊക്കെ ആലോചിക്കാറുണ്ട്. എത്ര കണ്ടാലും മതിവരാത്ത എത്ര ആവർത്തിച്ചാലും വിരസമാകാത്ത കാഴ്ചകൾ. തെക്കോട്ടിറക്കവും കുടമാറ്റവും ഇലഞ്ഞിത്തറമേളവുമൊക്കെ എല്ലാ കൊല്ലവും നടക്കുന്നു. കണ്ടവർ തന്നെ വീണ്ടും വീണ്ടും കാണുന്നു. എന്നിട്ടും ആദ്യമായി കാണുന്നതുപോലെ ആസ്വദിക്കുന്നു. മത,രാഷ്ട്രീയ ദേശ ചിന്തകൾക്കതീതമായി ഒരു വലിയ സമൂഹത്തെ ഒരൊറ്റ മനസ്സാക്കി മാറ്റുന്ന മാജിക്കാണ് തൃശ്ശൂർ പൂരം.
കുട്ടിക്കാലത്ത് അന്തിക്കാട് നിന്ന് തൃശ്ശൂർ പട്ടണത്തിലേക്ക് കുറേക്കൂടി ദൂരമുണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഇന്നത്തെപ്പോലെ ഇടവിട്ടിടവിട്ടുള്ള ബസ്സുകളില്ല. കാറുകളുടെ ധാരാളിത്തമില്ല. പൂരത്തിന് രണ്ടു ദിവസം മുന്പ് തന്നെ തൃശ്ശൂർ ശങ്കരയ്യർ റോഡിലുള്ള അമ്മാവന്റെ വീട്ടിലെത്തും. കല്യാണവീടുപോലെയാണവിടം. എല്ലാ ബന്ധുക്കളും വന്നിട്ടുണ്ടാവും. പലരെയും വർഷത്തിലൊരിക്കൽ കണ്ടുമുട്ടുന്നത് അപ്പോഴാണ്. ആകെ തിക്കും തിരക്കും ബഹളവും. അത് തന്നെ ഒരാഘോഷമാണ്. കുട്ടികൾക്ക് പോലും വിലക്കുകളില്ല. നിബന്ധനകളില്ല. തോന്നുന്പോൾ ഇറങ്ങിപ്പോകാം, തോന്നുന്പോൾ വന്നു കയറാം. എല്ലാം പൂരത്തിന്റെ ഭാഗം. ആ സ്വാതന്ത്ര്യമാണ് പൂരത്തെ കുറിച്ചുള്ള ആദ്യത്തെ ഓർമ്മ.
മനസ്സിൽ സിനിമ കൊടിയേറിയപ്പോൾ ശ്രദ്ധ മുഴുവൻ സിനിമയിലേക്കായി. താമസം മദിരാശിയിലും. അപ്പോഴും പൂരക്കാലത്ത് എന്തെങ്കിലും കാരണമുണ്ടാക്കി തൃശ്ശൂരെത്തും. പൂരപ്പറന്പിൽ പോയില്ലെങ്കിലും വിരോധമില്ല. പക്ഷേ അടുത്തുണ്ടാകണം. ദിവസം മുഴുവൻ കാതുകളിൽ മേളപ്പെരുക്കം കേൾക്കണം. വെടിക്കെട്ടിന്റെ അകന്പടിയോടെ ആകാശത്ത് വിരിയുന്ന അത്ഭുതക്കാഴ്‌ചകൾ ദൂരെ നിന്നെങ്കിലും കാണണം. ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതു പോലെ അടുത്ത പൂരത്തിന് കാണാമെന്ന് സ്വയം പറയണം.
പണ്ടൊന്നും ഇലഞ്ഞിത്തറ മേളം അടുത്തു നിന്ന് കാണാൻ പറ്റിയിട്ടില്ല. അത്രയ്‌ക്ക് ജനക്കൂട്ടമാണ്. മതിലിന്റെ പുറത്ത് വലിഞ്ഞു കയറിയും മരക്കൊന്പുകളിൽ തൂങ്ങിയുമൊക്കെയാണ് മേളം കാണുക. കുറച്ച് കൊല്ലങ്ങൾക്ക് മുന്പ് മേളക്കാരോടോപ്പം അവരുടെ കൂട്ടത്തിൽ നിന്ന് ഇലഞ്ഞിത്തറ മേളം കാണാനുള്ള ഭാഗ്യമുണ്ടായി. അത് ഭാഗ്യമാണോ നിർഭാഗ്യമാണോ എന്ന് മുഴുവൻ കേട്ടിട്ട് തീരുമാനിക്കാം.
സംഭവം ഇങ്ങനെയാണ്.
നാലോ അഞ്ചോ വർഷങ്ങൾക്ക് മുന്പ്, എന്റെ ഏതോ സിനിമ കഴിഞ്ഞുള്ള വിശ്രമ സമയമാണ്. അപ്പോൾ മനോരമയിലെ ഉണ്ണി വാര്യർ വിളിച്ചു ചോദിച്ചു പൂരം കാണാൻ വരുന്നുണ്ടോ എന്ന്. ആളും ബഹളവും വെയിലും പേടിച്ച് പുറത്തിറങ്ങാതെ ടിവിയിൽ മഠത്തിൽ വരവും കണ്ടിരിക്കുകയായിരുന്നു. ഒരു കൂട്ട് കിട്ടിയ സന്തോഷത്തിൽ ചാടി പുറപ്പെട്ടു.ആൾക്കൂട്ടത്തിനിടയിലൂടെ പൂരക്കാഴ്ചകൾ കണ്ടു . ടിവി ചാനലുകളുടെ ക്യാമറക്ക് മുന്നിൽ പെടാതെ വിദഗ്ധമായി മുങ്ങി. ജയരാജ് വാര്യരും നന്ദകിഷോറുമൊക്കെ പൂരവിശേഷങ്ങൾ പങ്കു വെക്കുന്നത് മറഞ്ഞു നിന്ന് കണ്ടു. ഒടുവിൽ ഇലഞ്ഞിത്തറ മേളത്തിന്റെ സമയമായി.
“നമുക്ക് മീഡിയക്ക് വേണ്ടി ഒരുക്കിയ സ്ഥലത്ത് നിക്കാം. സ്വസ്ഥമായി മേളം കേൾക്കാം”, ഉണ്ണി വാര്യർ പറഞ്ഞു. അത്രയും അടുത്ത് നിന്ന് ഞാനിതു വരെ ഇലഞ്ഞിത്തറ മേളം കണ്ടിട്ടില്ല. പെരുവനം കുട്ടൻ മാരാർ അടക്കമുള്ള കലാകാരൻമാർ ചെണ്ടകളും മറ്റു വാദ്യങ്ങളുമായി അരങ്ങിലെത്തി. പെട്ടന്ന് പൂരക്കമ്മറ്റിയുടെ ഒരു മുഖ്യഭാരവാഹി എന്നെ കണ്ടു.
“സത്യേട്ടൻ ഇങ്ങോട്ട് പോരൂ. ഇവിടെ നിൽക്കാം !” മേളക്കാർക്കിടയിലേക്ക് അദ്ദേഹമെന്നെ ക്ഷണിച്ചു.
ഉണ്ണി ഉപദേശിച്ചു. “ഇവിടെ നിന്നാൽ മതി. സൗകര്യമായി കാണാം.”
ഭാരവാഹിയുടെ വിളി വീണ്ടും. “വരൂ..സത്യേട്ടൻ ഞങ്ങളുടെ വി ഐ പി അല്ലേ..മേളക്കാർക്ക് നടുവിൽ നിന്ന് കാണാം. മടിക്കണ്ട, വന്നോള്ളൂ..”
അതെന്റെ ഉള്ളിലെവിടെയോ ചെന്ന് കൊണ്ടു. അല്പം പൊങ്ങച്ചം അറിയാതെ തല നീട്ടിയോ എന്നൊരു സംശയം. പത്രക്കാർക്കൊന്നും കിട്ടാത്ത പരിഗണനയാണ്.
പത്രക്കാരോട് എനിക്ക് സഹതാപം തോന്നി. പാവങ്ങൾ ! വേലി കെട്ടിത്തിരിച്ച ഈ കൊച്ചുസ്ഥലത്തിനപ്പുറം പോകാൻ അവർക്കനുവാദമില്ല.
ഉണ്ണിയെ നിർദാക്ഷിണ്യം തഴഞ്ഞ്, അഹങ്കാരത്തിനെ വിനയത്തിന്റെ ചിരിയിൽ പൊതിഞ്ഞ് ഞാൻ മേളക്കാർക്കിടയിലെത്തി.
മുന്നൂറിൽപ്പരം വാദ്യ കലാകാരന്മാരാണ്. ചെണ്ട തന്നെയുണ്ട് എണ്ണിയാൽ തീരാത്തത്ര. കാത്തു കാത്തു നിൽക്കേ മേളം തുടങ്ങി. ഒരു അപകടം ഞാൻ അപ്പോൾത്തന്നെ മണത്തു. എല്ലാ ചെണ്ടകളും ഒരുമിച്ച് ഒരേ സ്ഥായിയിൽ ഉണരുകയാണ്. എന്റെ കാതുകൾക്ക് ഉൾക്കൊള്ളാനാവുന്നതിനേക്കാൾ വലിയ ഇരന്പം. ആരംഭിച്ചിട്ടേയുള്ളൂ. മണിക്കൂറുകൾ ബാക്കിയുണ്ട്. മേളം ശക്തമാകുന്പോൾ ചെവിക്കല്ല് പൊട്ടിയേക്കും എന്നെനിക്ക് ബോധ്യമായി. ഇനി തിരിച്ചു പോകാൻ പറ്റില്ല. നോക്കുന്പോൾ ചെണ്ടക്കാർക്ക് പിന്നിൽ കുറേ പെർ വരിവരിയായി നിശ്ശബ്ദം നിൽക്കുന്നു. അവർക്ക് പിറകിലാണ് സുരക്ഷിതസ്ഥാനം എന്ന് കണക്കുകൂട്ടി ഞാനങ്ങോട്ട് മാറി നിന്നു. അല്പം ഭേദമാണ് എങ്കിലും പത്രക്കാരോടൊപ്പം നിൽക്കുന്നതായിരുന്നു നല്ലത്.
മേളം ഒരു പ്രത്യേക ഘട്ടത്തിലെത്തിയപ്പോൾ എന്നെ അന്പരപ്പിച്ചു കൊണ്ട് മുന്നിൽ ശാന്തരായി നിന്നവർ സട കുടഞ്ഞ് ഉണർന്നു. കൊന്പ് കലാകാരന്മാരായിരുന്നു അവർ. താഴ്‌ത്തി വച്ചിരുന്ന വളഞ്ഞ കൊന്പുകൾ ഒരുമിച്ചുയർത്തി “പെപ്പ പെപ്പരപ്പേ” എന്ന് കോറസ്സായി അവർ വായന തുടങ്ങി. കൃത്യം എന്റെ കാതുകളിലേക്ക്. ഒഴിഞ്ഞു മാറാൻ ഇടമില്ല. ഓടിപ്പോകാൻ വഴിയില്ല. രണ്ടും കല്പിച്ച് ഞാൻ കാതുകൾ പൊത്തി. അപ്പോൾ പോക്കറ്റിൽ കിടക്കുന്ന മൊബൈൽ ഫോൺ ചലിക്കുന്നു. എടുത്ത് കാതോട് ചേർത്ത് വച്ചപ്പോൾ സംവിധായകൻ രഞ്ജിത്താണ്. മദ്രാസിലെ ഒരു ഹോട്ടൽ മുറിയിലിരുന്ന് ലൈവായി ഇലഞ്ഞിത്തറമേളം കാണുകയായിരുന്ന രഞ്ജിത്ത് ചോദിച്ചു, “എന്താണ് ചെവി പൊത്തി നിൽക്കുന്നത്?”
നോക്കുന്പോൾ പല ചാനൽ ക്യാമറകളും എന്റെ നേരെയാണ്. ഒരാൾ കാതുകൾ പൊത്തി മേളം ആസ്വദിക്കുന്ന കാഴ്ച കാണികൾക്ക് കൗതുകമാണല്ലോ. പിന്നെ ഞാൻ സംശയിച്ചില്ല. കൈ രണ്ടും താഴെയിട്ട് വരുന്നത് വരട്ടെ എന്ന് വച്ച് മേളം കണ്ടു. അവസാനത്തെ കൂട്ടപ്പൊരിച്ചിലും കഴിഞ്ഞ് കുട്ടൻ മാരാരെയും കൂട്ടരെയും അഭിനന്ദിച്ച് പുറത്തേക്കിറങ്ങിയപ്പോൾ ചുറ്റും എന്തൊരു ശാന്തത ! പൂരപ്പറന്പാണെന്നേ തോന്നില്ല. ഒരു ബഹളവുമില്ല.
ഉണ്ണി വന്ന് എന്തോ ചോദിക്കുന്നു. ഡബ്ബ് ചെയ്യാത്ത ഷോട്ട് പോലെ ചുണ്ടുകളുടെ ചലനം മാത്രമേയുള്ളൂ. ഒന്നും മനസ്സിലായില്ല. “കാത് അടഞ്ഞു പോയി. കുഴപ്പമില്ല. കുറച്ച് കഴിയുന്പോൾ ശരിയാകും” – ഞാൻ പറഞ്ഞു.
തിരിച്ച് അന്തിക്കാട്ടേക്ക് കാർ ഓടിക്കുന്പോഴും ശബ്ദങ്ങളൊന്നും കേൾക്കാനില്ല. പഴയ ഒരു അവാർഡ് ഫിലിം കാണുന്ന പോലെ. വീട്ടിലെത്തിയപ്പോൾ ഭാര്യ നിമ്മി എന്തോ ചോദിച്ചു. ഉറക്കെ പറയുന്നത് മാത്രം പതുക്കെ കേൾക്കാം.
“ഒന്നുറങ്ങി എഴുന്നേൽക്കുന്പോഴേക്കും ശരിയാകും. പുലർച്ചെ വെടിക്കെട്ട് കാണാൻ പോകേണ്ടതല്ലേ..”
നിമ്മിയുടെ ഉപദേശമനുസ്സരിച്ച് ഒന്നുറങ്ങി. ഉണർന്നിട്ടും ഒരു മാറ്റവുമില്ല. തൃശ്ശൂരിലെ ഫ്ലാറ്റിന്റെ ടെറസ്സിൽ കയറി നിന്ന് വെടിക്കെട്ട് കണ്ടു. പ്രകന്പനം കൊള്ളിക്കുന്ന വെടിക്കെട്ടിന്റെ ആരവത്തിൽ മറ്റെല്ലാവരും കാത് പൊത്തിയപ്പോൾ ഞാൻ കൂസലില്ലാതെ നിന്നു. എ ആർ റഹ്മാന്റെ പശ്ചാത്തല സംഗീതം കേൾക്കുന്ന പോലെയേ എനിക്ക് തോന്നിയുള്ളൂ.
പിറ്റേന്ന് എന്റെ ബന്ധു കൂടിയായ ഡോക്ടർ മനോമോഹനെ ചെന്ന് കണ്ടു. സാധാരണ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ശരിയാകേണ്ടതാണ്. പിന്നെ ഇപ്പോൾ ചെറുപ്പമല്ലല്ലോ. ഇയർ ഡ്രമ്മിന് എന്തെങ്കിലും കേട് പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാം. നാളെയാകട്ടെ.
എന്റെ മനസ്സിലെ തമാശയൊക്കെ പോയി. ഇനി സിനിമ സംവിധാനം ചെയ്യുന്പോൾ നടീനടന്മാരുടെ സംഭാഷണത്തിലെ ഏറ്റക്കുറച്ചിലുകൾ ഞാനെങ്ങനെ തിരിച്ചറിയും? ഡബ്ബിങ്ങിൽ തെറ്റ് പറ്റുന്പോൾ എങ്ങനെ തിരുത്തും? അല്പനേരത്തേക്കെങ്കിലും അഹങ്കരിച്ച് പോയതിൽ ഞാൻ എന്നെത്തന്നെ ശപിച്ചു.
പക്ഷേ പിറ്റേന്ന് രാവിലെ ഉണരുന്പോൾ എന്റെ മൊബൈൽ ശബ്ദിക്കുന്നത് ഞാൻ കേട്ടു. അതിരാവിലെ ഫോണടിച്ചാൽ “ഇതെന്തൊരു ശല്യം !” എന്ന് തോന്നാറുള്ളതാണ്. പക്ഷേ ഇപ്പോൾ ആ ശബ്ദത്തിന് എന്തൊരു മാധുര്യം. നാടോടിക്കാറ്റിൽ പശു അമറുന്ന ശബ്ദം കേൾക്കുന്പോൾ “ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ” എന്ന് ദാസനും വിജയനും പറഞ്ഞത് പോലെ തികച്ചും സംഗീതാത്മകം.
ഫോണിന്റെ മറുതലക്കൽ ഒരു അഭിനയമോഹിയായിരുന്നു. ശബ്ദത്തിന്റെ ലോകത്തേക്ക് എന്നെ വിളിച്ചുണർത്തിയ അയാളോട് അങ്ങേയറ്റം സൗമ്യമായി ഞാൻ പറഞ്ഞു. “അടുത്ത പടത്തിൽ നിങ്ങൾക്ക് പറ്റിയ വേഷമൊന്നും ഇല്ല. എന്തായാലും വിളിച്ചതിന് ഒരായിരം നന്ദി”.
ഈ വർഷവും പൂരം കാണാൻ പോകും. ഇലഞ്ഞിത്തറമേളവും കാണണം. ഭാരവാഹികളൊന്നും അറിയാതെ പത്രക്കാരുടെ പിറകിൽ ഒരു മഹാസാധുവായി നിന്ന് ഞാനത് ആസ്വദിക്കും

shortlink

Related Articles

Post Your Comments


Back to top button