CinemaGeneralIndian CinemaNEWS

ദേശീയപതാക നെഞ്ചിലേറ്റിയ വിശ്വരൂപം പോസ്റ്റര്‍: നടന്‍ കമല്‍ഹാസനെതിരെ പരാതി

നടന്‍ കമല്‍ഹാസന്റെ വിശ്വരൂപം 2 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ പരാതി. ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി നല്‍കി. ഫ്‌ളാഗ് കോഡും നാഷണല്‍ ഹോണര്‍ ആക്ടും പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
 
2002ലെ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ സെക്ഷന്‍ പ്രകാരം ദേശീയപതാക പരസ്യത്തിന് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഈ വകുപ്പിനെതിരായി സിനിമയുടെ പ്രചാരണത്തിനായി ദേശീയപതാക ഉപയോഗിച്ചത് ദേശീയപതാകയോടുള്ള കടുത്ത അവഹേളനമാണ്.
 
കൂടാതെ ദേശീയപതാക കമല്‍ഹാസന് ആവരണമെന്ന നിലയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ദേശീയപതാകയെ അവഹേളിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താല്‍ മൂന്നു വര്‍ഷം തടവോ പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.
 
ഇത് ഗൗരവമായി കണ്ട് നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനു ബാധ്യതയുണ്ട്. സിനിമകളുടെ പോസ്റ്ററുകളില്‍ ദേശീയപതാക ഉപയോഗിക്കുന്നത് അവഹേളനപരമാണ്. ദേശീയത മുതലെടുത്ത് പണമുണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം പ്രവര്‍ത്തിക്കു പിന്നിലുള്ളതെന്നു ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി.
 
ഇത്തരം ദുഷ്പ്രവണതകള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണ്. നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാനാവുകയില്ല. ദേശീയപതാക പരസ്യ ആവശ്യത്തിനു ഉപയോഗിച്ചാല്‍ ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കരുതെന്നു സെന്‍സര്‍ ബോര്‍ഡിനോടും കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തോടും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
 
സംഭവവത്തില്‍ ഖേദം പ്രകടിപ്പിച്ച് പോസ്റ്റര്‍ പിന്‍വലിക്കാനുള്ള നടപടി കമല്‍ഹാസന്‍ സ്വീകരിക്കണമെന്നും എബി ജെ. ജോസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button