പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ “അച്ചായന്‍സ്” ട്രെയിലര്‍ കണ്ടു വിലയിരുത്തുന്നു ഒരു മികച്ച സസ്പെന്‍സ് കോമഡി എന്റര്‍ടെയിനര്‍

ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘അച്ചായന്‍സ്’ ന്റെ ട്രെയിലര്‍ തരംഗമായി മാറുന്നു. തിങ്കളാഴ്ച യൂട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ 24 മണിക്കൂറിനകം 2 ലക്ഷത്തില്‍പ്പരം കാഴ്ചക്കാരുമായി യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചുകഴിഞ്ഞു. പ്രണയം, വിരഹം,കോമഡി, ആക്ഷന്‍, സസ്പെന്‍സ് ത്രില്ല് തുടങ്ങി എല്ലാ ചേരുവകളുമായി പുറത്തിറങ്ങിയ ട്രെയിലര്‍ പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. ഒരു മികച്ച ഫാമിലി-കോമഡി-ത്രില്ലര്‍ ചിത്രമായിരിക്കും അച്ചായന്‍സ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ചിത്രത്തിലെ നേരത്തെ പുറത്തിങ്ങയ ഗാനങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മേക്കിംഗ് വീഡിയോയായി പുറത്തുവിട്ട, ഉണ്ണിമുകുന്ദന്‍ പാടിയ അനുരാഗം പുതുമഴപോലെ എന്ന ഗാനം തരംഗമായി മാറിയിരുന്നു. ഇതാദ്യമായി ഒരു നായകന്‍, ഒരു ഗായകന്റെ പൂര്‍ണതയോടെ ഒരു ഗാനം അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടി പാടി വിജയിപ്പിച്ചിരിക്കുകയാണ്. ആസ്വാദകരുടെ മുഴുവന്‍ പ്രശംസയും അഭിനന്ദനവും ഏറ്റുവാങ്ങിക്കൊണ്ട് മുന്നേറുന്ന ഈ ഗാനം ഇതിനോടകം ഏഴുലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. തെലുങ്കിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധേയനായ ഉണ്ണിമുകുന്ദന്‍ ആദ്യമായി പിന്നണി ഗാന രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ് ഈ ഗാനത്തിലൂടെ. സംഗീത സംവിധായകന്‍ രതീഷ്‌ വേഗയോടൊപ്പം ഈ ഗാനത്തിന്റെ രചനയിലും ഉണ്ണിമുകുന്ദന്‍ പങ്കാളിയാണ് എന്ന പ്രത്യേകതയുമുണ്ട്.

പ്രണയരസം തുളുമ്പിനല്‍ക്കുന്ന ഈ ഗാനത്തിന് പിന്നാലെയെത്തിയ,രതീഷ്‌ വേഗയുടെ സംഗീതത്തിന് കൈതപ്രം രചന നിര്‍വഹിച്ച് നജീം അര്‍ഷാദും റിമിടോമിയും പാടിയ യാത്രകളിലെ അതിരുകളില്ലാത്ത ആനന്ദം അനുഭവവേദ്യമാക്കുന്ന യാത്രാഗാനവും തുടര്‍ന്ന് എത്തിയ അച്ചായന്‍സിലെ എല്ലാ ആഘോഷവും നിറഞ്ഞുനില്‍ക്കുന്ന, നടി രമ്യാ നമ്പീശന്‍ പാടിയ “വാനംപാടികള്‍… എന്ന് തുടങ്ങുന്ന ഗാനവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ഹരിനാരായണന്‍ ആണ് ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ജയറാം , ഉണ്ണി മുകുന്ദന്‍ , പ്രകാശ്‌ രാജ്, ആദില്‍ ഇബ്രാഹിം സഞ്ജു ശിവറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് അച്ചായന്‍സ്. അമലാ പോൾ, അനു സിത്താര, ശിവദ എന്നിവരാണ് ചിത്രത്തിലെ നായികമാർ. പി.സി ജോർജ് എം.എൽ.എയും ഒരു ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.

ജനാർദ്ദനൻ, പിഷാരടി, പാഷാണം ഷാജി, സിദ്ധിഖ്, മണിയൻപ്പിള്ള രാജു, ചേർത്തല ജയൻ, ഐസക്, ഇടവേള ബാബു, നവാസ് കലാഭവൻ, പൊന്നമ്മ ബാബു, കവിയൂർ പൊന്നമ്മ, തെസ്നി ഖാൻ, ഉഷ, സുജ വരുണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.തിരക്കഥ രചിച്ചിരിക്കുന്നത് സേതുവാണ്.

ഛായാഗ്രഹണം: പ്രദീപ് നായർ. ഫോർട്ട് കൊച്ചി, വാഗമൺ, കുട്ടിക്കാനം, കമ്പം, തേനി, ഹൈദരാബാദ്, മൂന്നാർ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഡി.എൻ.വി.പി ക്രിയേഷൻസിന്റെ ബാനറിൽ സി.കെ പത്മകുമാറാണ് നിർമാണം. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: ദിലീപ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, ആർട്ട് ഡയറക്ടർ: സഹസ ബാല, എഡിറ്റിംഗ് : രജിത്ത് കെ.ആർ.

Share
Leave a Comment