സിബിഐ പരമ്പരകള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കെ.മധുവും ടീമും തയ്യാറെടുക്കുമ്പോള്‍ ചിത്രത്തിലെ വിക്രം എന്ന സിബിഐ ഓഫീസര്‍ക്ക് പകരം മറ്റൊരു നടനെ കണ്ടെത്താന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വളരെയധികം ബുദ്ധിമുട്ടേണ്ടി വരും. സേതു രാമയ്യര് എന്ന മേലുദ്യോഗസ്ഥനോടോപ്പം നിഴലായി കൂടെ നടന്ന വിക്രം എന്ന സിബിഐ ഓഫീസറെ ഒരു മലയാളിയും മറക്കാനിടയില്ല. കാരണം ആ കഥാപാത്രത്തെ വെള്ളിത്തിരയില്‍ മനോഹരമാക്കിയത് മറ്റാരുമല്ല മലയാളത്തിന്റെ അതുല്യനടന് ജഗതി ശ്രീകുമാറാണ്. ഏതെങ്കിലുമൊരു യുവതാരം ജഗതിക്ക് പകരമായി എത്തിയാലും ഒരിക്കലും അത് ജഗതി എന്ന നടന്റെ പെര്‍ഫോമന്‍സിന് തുല്യമാകില്ല . ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ മുതല്‍ ‘നേരറിയാന്‍ സിബിഐ’ വരെയുള്ള ചിത്രത്തിന്റെ നാല് ഭാഗങ്ങളിലും ജഗതി ശ്രീകുമാറിന്റെ വിക്രം എന്ന സിബിഐ ഒഫീസറുടെ വേഷം ശ്രദ്ധേയമായിരുന്നു. ജഗതിയുടെ വേഷത്തിന് പകരം മറ്റൊരു കഥാപാത്രത്തെ എഴുതി ചേര്‍ക്കാനാകും ചിത്രത്തിന്റെ രചയിതാവ് എസ്.എന്‍ സ്വാമി ശ്രമിക്കുക, എന്നിരുന്നാലും ജഗതിയെ പോലെ മനോഹരമായി ആ കഥാപാത്രത്തെ ഉള്‍കൊള്ളാന്‍ മറ്റൊരു നടനും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സേതുരാമയ്യരെ പോലെ തന്നെ മലയാളികള്‍ ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു ജഗതി അവതരിപ്പിച്ച വിക്രം. അഞ്ചാം ഭാഗത്തില്‍ സേതുരാമയ്യര്‍ കേസുകളുടെ ചുരുളഴിക്കുമ്പോള്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും മിസ്സ് ചെയ്യുന്നത് ജഗതി എന്ന മഹാനടനെയാണെന്നതില് തര്‍ക്കമില്ല.
Post Your Comments