‘മീശമാധവന്‍’,’അച്ചുവിന്‍റെ അമ്മ’, ‘നരന്‍’ തുടങ്ങി കുറെയധികം നല്ല സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച രഞ്ജന്‍ പ്രമോദ് മലയാളികള്‍ക്ക് ഓര്‍മിക്കത്തക്ക വിധമുള്ള നല്ലൊരു ചിത്രം വീണ്ടും പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ്. കേരളത്തില്‍ ‘ബാഹുബലി’ തരംഗം ആഞ്ഞടിക്കുമ്പോഴും ‘രക്ഷാധികാരി ബൈജു ഒപ്പ്’ എന്ന രഞ്ജന്‍ പ്രമോദ് ചിത്രം കേരളത്തിലെ പ്രദര്‍ശനശാലകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.
ബിജു മേനോന്‍ കേന്ദ്രകഥാപാത്രമാകുന്ന സിനിമ കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചു കഴിഞ്ഞു.
‘ബാഹുബലി’ കേരളത്തില്‍ റിലീസ് ചെയ്തതോടെ ‘രക്ഷാധികാരി ബൈജു’ എന്ന ചിത്രത്തിന് കുറേയധികം തിയേറ്ററുകള്‍ നഷ്ടപ്പെട്ടിരുന്നു. എന്നിരുന്നാലും മലയാളി പ്രേക്ഷകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞ ‘രക്ഷാധികാരി ബൈജു’ കേരളത്തിലെ ഫാമിലി പ്രേക്ഷകര്‍ക്ക് പുത്തന്‍ കാഴ്ചാനുഭവം സമ്മാനിക്കുകയാണ്.
ഒരു സിനിമയില്‍ നിന്ന് അടുത്ത സിനിമയിലേക്ക് കടക്കുമ്പോള്‍ ഒരിക്കലും ആവര്‍ത്തനം ഉണ്ടാകരുതെന്ന് തനിക്ക് നിര്‍ബന്ധമുള്ളതിനാലാണ് മുന്‍പ് പറഞ്ഞ സിനിമയില്‍ നിന്ന് തന്‍റെ അടുത്ത സിനിമ വ്യത്യസ്ഥമായി മാറുന്നതെന്ന് രഞ്ജന്‍ പ്രമോദ് പങ്കുവെച്ചു. ഒരു പുതിയ കഥ പറയുന്നതിനപ്പുറം പുതിയൊരു കാഴ്ചാനുഭവം പ്രേക്ഷകര്‍ക്ക് നല്‍കാനാണ് എന്‍റെ ശ്രമം. രഞ്ജിത്ത് ഈസ്റ്റ് കോസ്റ്റ് ഡെയ്ലിയോട് വ്യക്തമാക്കി.
‘ബൈജു’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇന്ന് മലയാള സിനിമയില്‍ ഏറ്റവും അനുയോജ്യനായ നടന്‍ ബിജു മേനോനാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ സിനിമയില്‍ കാസ്റ്റ് ചെയ്തതെന്നും രഞ്ജന്‍ പ്രമോദ് വിശദീകരിച്ചു. ബിജുമേനോനിലെ നല്ല നടനെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞാന്‍ തിരിച്ചറിഞ്ഞതാണ്. എന്‍റെ ‘രണ്ടാം ഭാവം’ എന്ന സിനിമയില്‍ സെക്കന്‍ഡ് ഹീറോയായി ബിജു മേനോന്‍ അഭിനയിച്ചിട്ടുണ്ടെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ക്ക് മുഖം നോക്കാനുള്ള ഒരു കണ്ണാടിയാണ് ‘രക്ഷാധികാരി ബൈജു’ എന്ന ചിത്രം നമുക്ക് നമ്മളെ തന്നെ സിനിമയില്‍ കാണാന്‍ കഴിയണം അത്തരമൊരു ശ്രമത്തിനാണ് രക്ഷാധികാരി ബൈജുവിലൂടെ ശ്രമിച്ചതെന്നും രഞ്ജന്‍ പ്രമോദ് ഈസ്റ്റ് കോസ്റ്റ് ഡെയ്ലിയോട് പറഞ്ഞു .
ബാഹുബലിയും -രക്ഷാധികാരി ബൈജുവും?
‘രക്ഷാധികാരി ബൈജു’ റിലീസ് ചെയ്തിടത്ത് ‘ബാഹുബലി’ റിലീസ് ചെയ്ത തീരുമാനമൊക്കെ ഏകപക്ഷീയ തീരുമാനമാണ്. അതൊന്നും ആരോടും ചര്‍ച്ച ചെയ്യാതെ അവര്‍ തന്നെ എല്ലാം നടപ്പാക്കുകയാണ്!. ഇതൊക്കെ പണത്തിന്‍റെ ശക്തിയാണ്. ‘ബാഹുബലി’ എന്ന ചിത്രം ലോകത്തെ മഹത്തായ സൃഷ്ടിയൊന്നുമല്ല. അതൊരു കെട്ടുകാഴ്ച മാത്രമാണ്. ‘ബാഹുബലി’ പ്രേക്ഷകരുടെ ആവേശം എന്നതല്ല, മറിച്ച് ഒരു സിനിമയില്‍ വലിയ മുതല്‍മുടക്ക് നടത്തി മറ്റൊരു ശബ്ദവും കേള്‍ക്കാന്‍ പാടില്ലെന്ന നിര്‍ബന്ധത്തോടെ എല്ലാ മീഡിയകളെയും വരുതിയിലാക്കി അവര്‍ പരസ്യം ചെയ്യുകയാണ്!. രണ്ട് മൂന്ന് ദിവസത്തെ കളക്ഷന് വേണ്ടിയാണ് ഇത്തരമൊരു മാര്‍ക്കറ്റിംഗ് തന്ത്രം നടപ്പാക്കുന്നത്. ‘രക്ഷാധികാരി ബൈജു’ അങ്ങനെയൊരു സിനിമയല്ല ഇത് മലയാളികളുടെ സിനിമയാണ്. വരും നാളുകളില്‍ പ്രേക്ഷക മനസ്സില്‍ ഈ ചിത്രം നീറിപ്പടരുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ ഏത് വലിയ തിര വന്നാലും അതിന്‍റെയുള്ളിലൂടെ ഒരു ചെറിയ നീര്‍ച്ചാലായിട്ടെങ്കിലും ‘രക്ഷാധികാരി ബൈജു’ അത് തിരയുന്ന കടലിനെ തേടിപ്പിടിച്ചിരിക്കും.
Post Your Comments