എംടി എഴുതിയ ഇതിഹാസ നോവല്‍ രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്‌ക്കാരം യാഥാര്‍ത്ഥ്യമാകുന്നതിനെക്കുറിച്ചു വന്‍ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി നടക്കുന്നുണ്ട്. അഭിനയ വിസ്മയം മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത്. തന്റെ മുപ്പത്തിയെട്ട് വര്‍ഷക്കാലത്തെ അഭിനയ ജീവിതം നല്‍കിയ പാഠങ്ങള്‍ ഭീമനാകാനുള്ള ഒരുക്കമായിട്ട് കാണുന്നുവെന്ന് അദ്ദേഹം തന്‍റെ ബ്ലോഗില്‍ കുറിക്കുന്നു.
തന്റെ ബാല്യകാലം മുതല്‍ ഭീമന്‍ എന്ന മഹാഭാരത കഥാപാത്രത്തോട് പ്രത്യേകമാം വിധമുള്ള ഒരു അഭിനിവേശം ഉണ്ടെന്ന് ‘ഭീമന്‍, എപ്പോഴും, എന്നോടൊപ്പം’ എന്ന തലക്കെട്ടില്‍ എഴുതിയ ബ്ലോഗില്‍ ലാല്‍ പറയുന്നു. കാളവണ്ടി നിറയെ ചോറുമായി വരുന്ന ഭീമന്‍, ഭീമന്റെ കരുത്ത്, ഗദയുമായുള്ള ഭീമന്റെ നില്‍പ് എന്നിങ്ങനെ ഭീമനെന്ന ബിംബത്തോടുള്ള ആരാധന തന്നോടൊപ്പം വളര്‍ന്നെന്നും എന്നാല്‍ പാതി ആരാധനയും പാതി പരിഹാസവും നിറഞ്ഞ ഭീമനെക്കുറിച്ചുള്ള കാഴ്ച്ചപാട് മാറുന്നത് എംടിയുടെ രണ്ടാമൂഴം വായിക്കുമ്പോഴാണെന്നും ആ കൃതിയുടെ താന്നെ ആവിഷ്കാരത്തിലൂടെ ഭീമനായി എത്തുന്നതില്‍ ധന്യഞാനെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു. വലിയ ശരീരത്തിനപ്പുറം നനുത്ത മനസ്സിനുടമയാണ് ഭീമന്‍ എന്ന നേര്‍ക്കാഴ്ച്ച തനിക്കുണ്ടാകുന്നത് രണ്ടാമൂഴത്തിന്റെ വായനയിലൂടെയാണ്. ആ പുസ്തകം തനിക്ക് നല്‍കിയത് വലിയ പാഠമായിരുന്നു എന്നും അദ്ദേഹം പറയുന്നു.
അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ക്കായി പുസ്തകങ്ങള്‍ വായിക്കുന്ന പതിവ് തനിക്കില്ല, വായനയുടെ രസത്തിന് വേണ്ടിയാണ് താന്‍ വായിക്കുന്നത്. എന്നാല്‍ രണ്ടാമൂഴം തിരക്കഥയൊരുക്കിയപ്പോള്‍ തന്നെ ഭീമനായി പരിഗണിച്ച എംടി സാറിനോട് താന്‍ നന്ദിയുള്ളവനാണെന്നും അതിലുപരി ഈ സംരംഭത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ താന്‍ ധന്യനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഭീമന്‍ എന്ന കഥാപാത്രം ജീവിതത്തില്‍ ഉടനീളം തന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. എംടി വാസുദേവന്‍ നായര്‍ തന്നെ തിരക്കഥയെഴുതിയ രംഗം എന്ന ചിത്രത്തിലും 1999ല്‍ വാനപ്രസ്ഥത്തിലും 2003ല്‍ മനോരമയുടെ കഥയാട്ടം എന്ന പരിപാടിയിലും തനിക്ക് ഭീമനാകാന്‍ സാധിച്ചിരുന്നു. മുകേഷിന്റെ കൂടെ അഭിനയിച്ച ഛായാമുഖിയിലും ഭീമനായി തന്നെ താന്‍ എത്തിയെന്നും ബ്ലോഗില്‍ മോഹന്‍ലാല്‍ രേഖപ്പെടുത്തുന്നുണ്ട്. കഥാപാത്രങ്ങള്‍ക്കായി മനപ്പൂര്‍വ്വം തയ്യാറെടുപ്പുകള്‍ നടത്താറില്ലാത്ത തന്നെ പോലൊരു നടന് അടുത്ത രണ്ട് വര്‍ഷത്തേക്ക് ഏറെ പ്രാധാന്യവും അധ്വാനഭരിതവുമാണെന്ന് ലാല്‍ ചൂണ്ടിക്കാട്ടി.
രണ്ടാമൂഴം സംഭവിക്കുമോ ഇല്ലയോ എന്ന് ആശങ്കകള്‍ പങ്കുവെക്കുന്ന ഒരുപാട് പേരോട്, എല്ലാ കാര്യങ്ങളും സംഭവിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്ന ആളാണ് താന്‍ എന്നും സംഭവിച്ചാലും ഇല്ലെങ്കിലും വലിയൊരു സ്വപ്‌നത്തിന്റെ ഭാഗമായി സഞ്ചരിക്കുന്നത് തന്നെ ആനന്ദകരമാണെന്നും ലാല്‍ കുറിക്കുന്നു. ഈ വലിയ പ്രോജക്ട് ഏറ്റെടുക്കാന്‍ തയ്യാറായ സംവിധായകന്‍ ശ്രീകുമാര്‍ മോനോനും പണം മുടക്കാന്‍ ധൈര്യം കാണിക്കുന്ന ബി ആര്‍ ഷെട്ടിക്കും തന്റെ പ്രണാമം അര്‍പ്പിച്ചു കൊണ്ടാണ് ലാല്‍ ബ്ലോഗ് അവസാനിപ്പിക്കുന്നത്.
Post Your Comments