CinemaGeneralIndian CinemaMollywoodNEWS

‘മഹാഭാരത’നാളുകൾക്കായുള്ള കാത്തിരിപ്പിനെക്കുറിച്ച് മഞ്ജു വാര്യര്‍

മലയാളത്തിലെ അതുല്യ പ്രതിഭ ജ്ഞാനപീഠ പുരസ്കാര ജേതാവ് എം ടി വാസുദേവന്‍ നായര്‍ രചിച്ച രണ്ടാമൂഴത്തിന്‍റെ ദൃശ്യാവിഷ്കാരം ഒരുങ്ങുകയാണ്. ചിത്രത്തിനും താരങ്ങള്‍ക്കും ആശംസയറിയിക്കുകയാണ് മലയാളത്തിന്‍റെ പ്രിയ നടി മഞ്ജുവാര്യര്‍. തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് താരം ഭാവുകങ്ങള്‍ നേരുന്നത്.

ഫേസ് ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

മലയാളത്തിന്റെ സുകൃതമായ എഴുത്തുകാരൻ ശ്രീ.എം.ടി.വാസുദേവൻനായരുടെ ‘രണ്ടാമൂഴം’ ‘ മഹാഭാരതം’ എന്ന പേരിൽ സിനിമായാകുന്നുവെന്ന വാർത്ത ഏതൊരു മലയാളിയ്ക്കുമെന്നപോലെ എനിക്കും സന്തോഷവും അഭിമാനവും തരുന്നു. മുതൽമുടക്കിലും ദൃശ്യാവിഷ്കാരത്തിലും ഇന്ത്യ ലോകത്തിന് സമ്മാനിക്കുന്ന അദ്ഭുതമായി ഇത് മാറുമെന്ന പ്രഖ്യാപനം, സ്വപ്നം പോലും കാണാതിരുന്ന ഉയരങ്ങളിലേക്കാണ് നമ്മുടെ സിനിമയെ കൈപിടിച്ചുകൊണ്ടുപോകുന്നത്. വിവിധഭാഷകളിലെ ഏറ്റവും മികച്ച അഭിനേതാക്കളും സാങ്കേതികവിദഗ്ദ്ധരും ‘മഹാഭാരത’ത്തിനുവേണ്ടി ഒരുമിക്കുമ്പോൾ അത് മറ്റൊരു ഇതിഹാസമാകും രചിക്കുക.
എം.ടി.സാറെന്ന പ്രതിഭ അക്ഷരങ്ങളിൽകൊത്തിയെടുത്ത ശിൽപമാണ് രണ്ടാമൂഴം. ആത്മാവുകൊണ്ടെഴുതിയ രചന. തിരരൂപവും അതേപോലൊരു ക്ലാസിക് ആകുമെന്ന് ഉറപ്പാണ്. ആത്മസംഘർഷങ്ങളുടെയും വൈകാരികതയുടെയും വനസ്ഥലികളിലൂടെയുള്ള ഭീമന്റെ യാത്രകളെ അനശ്വരമാക്കുക നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനാണ്. അദ്ദേഹത്തിന്റെ അഭിനയജീവിതം ഈ കഥാപാത്രത്തിലൂടെ അനേകം സൗഗന്ധികമുഹൂർത്തങ്ങളെ അനായാസം നുള്ളിയെടുത്തുകൊണ്ട് ഐതിഹാസികമായ പരിവേഷത്തിലേക്ക് സഞ്ചരിക്കുന്നത് കാണാൻ നമുക്ക് കാത്തിരിക്കാം.

ആയിരം കോടി നിർമാണച്ചെലവുള്ള ഒരു സിനിമ സംഭവിക്കാൻ കാരണമായത് ബി.ആർ.ഷെട്ടി എന്ന വ്യവസായപ്രമുഖനാണ്. ഭാരതസംസ്കൃതിയുടെ ഏറ്റവും ഉജ്ജ്വലമായ ഒരു ഏടിനെ ലോകത്തിന് മുമ്പാകെ ആദ്യമായി ദൃശ്യരൂപത്തിൽ അഭിമാനപൂർവം അവതരിപ്പിക്കുകയെന്ന വലിയദൗത്യം ഏറ്റെടുത്തതിന് അദ്ദേഹത്തെ എത്രപ്രശംസിച്ചാലും അധികമാകില്ല. ‘മഹാഭാരത’ത്തിന്റെ എല്ലാ വിസ്തൃതിയെയും ക്യാമറയിലേക്ക് ചേർത്തുവയ്ക്കാൻ സംവിധായകൻ വി.എ.ശ്രീകുമാർ മേനോന് കഴിയട്ടെ. ഇനി ‘മഹാഭാരത’നാളുകൾക്കായി കാത്തിരിക്കാം…

shortlink

Related Articles

Post Your Comments


Back to top button