
ഏഷ്യനെറ്റിലെ മുന്‍ഷി എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ മുന്‍ഷി വേണുവിനെ മതം മാറ്റിയതായി ആരോപണം. കഴിഞ്ഞ ദിവസം അന്തരിച്ച വേണു മുരിങ്ങൂറുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിലായിരുന്നു അവസാന നാളുകളില്‍ കഴിഞ്ഞിരുന്നത്. സേവനത്തിന്റെ മറവില്‍ മതം മാറ്റം നടത്തുന്ന ഒരു കേന്ദ്രമാണെന്നും അതിലൂടെ വിദേശഫണ്ടുകള്‍ ഈ സ്ഥാപനം കൈപറ്റുന്നുമുണ്ടെന്നുമുള്ള വാര്‍ത്തയോടൊപ്പം ജന്മഭൂമി പത്രമാണ് ഇത്തരം ഒരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹിന്ദുമത വിശ്വാസിയായിരുന്ന മുൻഷി വേണു നാരായണനെ അവസാന കാലത്ത് ക്രിസ്ത്യാനിയാക്കിയെന്നും ജോണ്‍ ജോര്‍ജ്ജ് എന്ന പേരിലാണ് അവിടെ താമസിപ്പിച്ചതെന്നും ജന്മഭൂമി റിപ്പോര്‍ട്ട് പറയുന്നു. വേണുവിന്‍റെ മരണശേഷം പള്ളിയിൽ ശവസംസ്ക്കാര ചടങ്ങുകള്‍ നടത്തിയതോടെയാണ് വേണു മതം മാറിയെന്ന വിവരം പലരും അറിയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നിർബന്ധിത മതപരിവർത്തനമെന്ന ആരോപണവുമായി പത്രം രംഗത്തെത്തിയിരിക്കുന്നത്. വൃക്കരോഗത്തെ തുടർന്ന് അർദ്ധബോധാവസ്ഥയിൽ വേണു കഴിയുന്ന വേളയിലാണ് അദ്ദേഹത്തെ മതം മാറ്റിയതെന്നും ജന്മഭൂമി ആരോപിക്കുന്നു.
വേണുവിന്റെ സംസ്‌കാരം നടത്തിയത് ആലുവ തോട്ടക്കാട്ടുകര മലങ്കര സെന്റ് ജോർജ്ജ് പള്ളിസെമിത്തേരിയിലാണ്. ക്രിസ്തുമതാചാരപ്രകാരം തന്നെയായിരുന്നു സംസ്‌കാരം. ധ്യാനകേന്ദ്രത്തിൽ താമസിക്കുമ്പോൾ സിനിമയിൽ അഭിനയിക്കാനാവില്ല എന്ന് കർശന നിർദ്ദേശം നൽകിയിരുന്നതായും സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു.
വേണുവിന്റെ മരണത്തെത്തുടർന്ന് ധ്യാനകേന്ദ്രം അധികൃതർ സ്ഥാപിച്ച ഫ്ളക്സ് ബോർഡിലും വേണുവിന്റെ ചിത്രത്തിന് താഴെ ജോൺജോർജ്ജ് എന്ന പേരാണ് നൽകിയിരുന്നത്. ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ കീഴിലുള്ള അനാഥാലയങ്ങളിലും മറ്റും താമസിക്കുന്ന അന്യമതസ്ഥരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് പതിവാണെന്നും ആരോപണമുണ്ട്.
ഗുരുതരമായ വൃക്ക രോഗം ബാധിച്ച ചാലക്കുടിയിലെ പാലിയേറ്റീവ് കെയറിൽ ചികിത്സയിലിരിക്കെയാണ് മുന്‍ഷി വേണുവിന്റെ മരണം. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണു അവിവാഹിതനാണ്. പത്തുവർഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു അദ്ദേഹത്തിന്റെ താമസം. രോഗം കലശലായാതോടെ അഭിനയിക്കാന്‍ അവസരം ഇല്ലാതായി. ചില സുമനസുകളുടെ സഹായത്താലാണ് അവസാനകാല ജീവിതം അദ്ദേഹം തള്ളി നീക്കിയത്. സിനിമ സംഘടനയായ അമ്മയിൽ അംഗത്വമില്ലാത്തതിനാൽ സംഘടനയുടെ സഹായവും അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല
Post Your Comments