കോളിവുഡിലെ ക്ലാസിക് ചിത്രങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രമാണ് മണിരത്നം ഒരുക്കിയ ‘ഇരുവര്‍’. മോഹന്‍ലാല്‍, ഐശ്വര്യ റായ് എന്നിവരുടെ വേറിട്ട അഭിനയ പ്രകടനത്താല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഗൗതം മേനോന്‍ നടത്തിയ ‘ഉരൈയാടല്‍ ആന്റ് സ്റ്റഫ്’ എന്ന അഭിമുഖപരിപാടിയില്‍ പങ്കെടുക്കവേ ഇരുവറിലെ നിമിഷങ്ങളെക്കുറിച്ച് മണിരത്നം ഒരിക്കല്‍ക്കൂടി മനസ്സ് തുറന്നു.
മോഹന്‍ലാലിനൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ച് മണിരത്നം പറയുന്നതിങ്ങനെ;
ലാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ കൂട്ടിച്ചേര്‍ക്കുന്ന ചില സൂക്ഷ്മാംശങ്ങളുണ്ട്. ഇരുവറില്‍ വളരെ സങ്കീര്‍ണമായി ചിത്രീകരിക്കേണ്ട കുറേ ഷോട്ടുകളുണ്ടായിരുന്നു. ആള്‍ക്കൂട്ടമൊക്കെ ഭാഗഭാക്കാവുന്ന ചില രംഗങ്ങള്‍. ആക്ഷന്‍ പറയുന്നതിന് മുന്‍പ് ക്യാമറയുടെ മൂവ്‌മെന്റിനായി ചില അടയാളങ്ങള്‍ ഇട്ടുവെക്കുമായിരുന്നു ഞങ്ങള്‍. പക്ഷേ കാര്യങ്ങള്‍ 100 ശതമാനവും അങ്ങനെ മുന്‍കൂട്ടി തീരുമാനിക്കരുതെന്ന് ലാല്‍ പറയുമായിരുന്നു. വന്നുവീഴുന്ന അപ്രതീക്ഷിതത്വങ്ങളെ പ്രകടനത്തിലെ തിളക്കങ്ങളാക്കി മാറ്റുകയാണ് അദ്ദേഹത്തിന്റെ രീതി. ഉദാഹരണത്തിന് പ്ലാന്‍ ചെയ്തിരുന്ന രീതിയിലല്ലാതെ മറ്റൊരു നടനോ നടിയോ വഴി മുടക്കി മുന്നില്‍വന്നു നില്‍ക്കുന്നുവെന്ന് കരുതുക, മുന്‍കൂട്ടി പ്രതീക്ഷിക്കാതെയുള്ള ഇത്തരം സന്ദര്‍ഭങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സംഭാഷണത്തിന്റെ ഒഴുക്കിനെ മുറിച്ചേക്കാമെങ്കിലും രംഗങ്ങളുടെ സ്വാഭാവികതയ്ക്ക് അത് ഗുണം ചെയ്യുമെന്നായിരുന്നു ലാലിന്റെ അഭിപ്രായം. “മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഗംഭീരമായ അനുഭവമാണ്. ലാലിനെപ്പോലൊരു നടനെ ക്യാമറയ്ക്ക് മുന്നില്‍ ലഭിക്കുന്നത് ഒരു സംവിധായകന്റെ ഭാഗ്യമാണ്– മണിരത്നം
Post Your Comments