മണിരത്നം സംവിധാനം ചെയ്ത കാട്ര് വെളിയിടെ എന്ന പുതിയ ചിത്രം പ്രേക്ഷക പ്രീതി നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇന്ത്യ പാക് അതിര്‍ത്തിയില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ തകര്‍ന്ന ഒരു യുദ്ധവിമാനത്തിന്റെ പൈലറ്റ് പാകിസ്താന്‍ പട്ടാളക്കാരുടെ പിടിയിലാകുന്നു. കുറെ വര്‍ഷം തടവില്‍ കഴിഞ്ഞശേഷം മറ്റു രണ്ട് സഹതടവുകാർക്കൊപ്പം അയാള്‍ ജയില്‍ ചാടുന്നു….ഈ രംഗം വിശ്വസിക്കാന്‍ പറ്റില്ലെന്നും ഇത്തരം ഒരു സംഭവം എങ്ങനെ സാധ്യമാകുമെന്നും പലരും ചോദിക്കുന്നു. അവിശ്വസനീയമായ കാട്ര് വെളിയിടെ ആ രംഗത്തെക്കുറിച്ച് സംവിധായകന്‍ മണിരത്നം തന്നെ വെളിപ്പെടുത്തുന്നു.
അതൊരു സാങ്കൽപിക കഥയല്ല. സിനിമയെ വെല്ലുന്ന ഒറിജിനൽ സംഭവം തന്നെയാണെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍. 1971ല്‍ ഇന്ത്യയില്‍ നടന്ന ഒരു സംഭവം, ഫ്ലൈറ്റ് ലഫ്റ്റനന്റ് ദിലീപ് പരുള്‍ക്കറാണ് ഈ യഥാർഥസംഭവത്തിലെ വീരനായകന്‍. വിമാനം തകര്‍ന്ന് പാകിസ്താന്‍ പട്ടാളക്കാരുടെ പിടിയിലായ പരുള്‍ക്കര്‍ തന്റെ ജീവിതം ജയിലില്‍ ഒടുങ്ങുമെന്നാണ് കരുതിയത്. എന്നാല്‍ ജന്മനാട്ടിലേക്ക് തിരിച്ചുപോകണം എന്ന അയാളുടെ ആഗ്രഹം ദിനംപ്രതി വര്‍ധിച്ചുവന്നു.
ഒടുവിൽ ഒരു വര്‍ഷത്തെ ജയിൽവാസത്തിന് ശേഷം സഹതടവുകാരായ മല്‍വിന്ദര്‍ സിംഗ് ഗ്രേവാള്‍, ഹരിഷ് സിന്‍ഹി എന്നിവര്‍ക്കൊപ്പം റാവല്‍പിണ്ടിയിലെ ജയില്‍ ചാടാന്‍ ആദ്ദേഹം തയ്യാറായി. വലിയ പ്രശ്‌നങ്ങളൊന്നും സംഭവിക്കാതെ രക്ഷായാത്ര തുടര്‍ന്ന അവര്‍ ഇന്ത്യയിലെത്താന്‍ നാല് മൈല്‍ മാത്രം ശേഷിക്കേ അവര്‍ വീണ്ടും പാകിസ്താന്‍ പട്ടാളക്കാരുടെ പിടിയിലായി. ഇവര്‍ ഇന്ത്യന്‍ പൈലറ്റ്മാരാണെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ അവരേ പെഷവാറിലെ യുദ്ധത്തടവുകാരുടെ ക്യാമ്പിലേക്ക് അയക്കുകയും ചെയ്തു.
വീണ്ടും ജയിലിലായി മൂന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്നത്തെ പാകിസ്താന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോ യുദ്ധത്തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. അങ്ങനെ ജയില്‍വാസമവസാനിപ്പിച്ച് വാഗാ അതിർത്തിയിലെത്തിയ പരുള്‍ക്കറിനും കൂട്ടുകാര്‍ക്കും വീരോചിതമായ സ്വീകരണമാണ് അന്ന് ജന്മനാട്ടില്‍ ലഭിച്ചത്.
ഇംഗ്ലീഷ് സാഹിത്യകാരി ഫെയ്ത്ത് ജോണ്‍സ്റ്റണ്‍ ദിലീപ് പരുള്‍ക്കറിന്റെ ഈ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഫോര്‍ മൈല്‍സ് ടു ഫ്രീഡം എന്ന പുസ്തകത്തില്‍ നിന്ന് താന്‍ ഈ രംഗം കടമെടുക്കുകയും കുറച്ചു വ്യത്യാസങ്ങൾ വരുത്തി കാട്ര് വെളിയിടൈയിൽ പുനരവതരിപ്പിക്കുകയും ചെയ്തതാണെന്നു സംവിധായകന്‍ വ്യക്തമാക്കുന്നു.
Post Your Comments