
നോവല്‍ ഇതിഹാസത്തില്‍ തലയെടുപ്പോടെ നില്ക്കുന്ന ഒരു കൃതിയാണ് എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം. ഈ കൃതിയും അഭ്രപാളിയിലേക്ക് ഒരുങ്ങുകയാണ്. സിനിമയുടെ പ്രഖ്യാപനം വന്നതുമുതല്‍ താരങ്ങളുടെ ആരാധകരും സോഷ്യല്‍ മീഡിയയും താര ചര്‍ച്ചകള്‍ നടത്തിത്തുടങ്ങി.
പ്രശസ്ത പരസ്യ സംവിധായകന് എംവി ശ്രീകുമാര്‍ മേനോന് ആണ് രണ്ടാമൂഴം സംവിധാനം ചെയ്യുന്നത്. എന്നാല്‍ തുടക്കത്തില്‍ എംടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നത് ഹരിഹരനാണെന്നും മമ്മൂട്ടിയാണ് ഭീമനാകുന്നത് എന്ന വാര്‍ത്തകള്‍ സജീവമായിരുന്നു. മുന്‍പ് ഭീമം എന്ന പേരില്‍ രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്കാരം വന്നപ്പോള്‍ ഭീമന് മമ്മൂട്ടിയായിരുന്നു. എന്നാല്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായതിനുശേഷം ചിത്രം ആനൌന്സ് ചെയ്തപ്പോള്‍ നായകന് മോഹന്‍ലാലും.
ഐവി ശശിയുടെ ‘തൃഷ്ണ’ മുതല്‍ ഹരിഹരന്റെ കേരളവര്‍മ്മ പഴശ്ശിരാജ വരെ ഒട്ടേറെ എംടി തിരക്കഥകളില്‍ നായകനായിരുന്നു മമ്മൂട്ടി. അതില്‍ എടുത്തുപറയേണ്ട ഒരു ചിത്രമാണ് ‘ഒരു വടക്കന്‍ വീരഗാഥ’. വടക്കന്‍ പാട്ടിലെ ‘ചതിയന്‍ ചന്തു’വിന് തന്റേതായ ഭാഷ്യം ചമച്ച എം ടി മലയാളികള്‍ക്കിടയില്‍ ആ കഥാപാത്രത്തിന് മമ്മൂട്ടിയുടെ രൂപവും ശബ്ദവും ചേര്‍ത്തു.
അതുകൊണ്ട് തന്നെ തന്റെ പ്രിയനോവലിന്റെ ചലച്ചിത്രഭാഷ്യം ചമയ്ക്കുമ്പോള്‍ എംടിയുടെ മനസില്‍ ഭീമനായി താനുണ്ടായിരുന്നോയെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നു മമ്മൂട്ടി വെളിപ്പെടുത്തുന്നു. അതിനു കാരണമുണ്ട്. മമ്മൂട്ടിക്കുവേണ്ടി തിരക്കഥകളെഴുതുമ്പോള്‍ നായകകഥാപാത്രങ്ങള്‍ പറയുന്ന സംഭാഷണങ്ങള്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ കേള്‍ക്കുമായിരുന്നെന്ന് മുന്‍പ് എംടി പറഞ്ഞിട്ടുണ്ട്. അതിനാല്‍ ‘രണ്ടാമൂഴ’ത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും മമ്മൂട്ടി പറയുന്നു. ‘വാക്ക് പൂക്കും കാല’മെന്ന ഏഷ്യാനെറ്റ് ചാനലിന്റെ പരിപാടിയിലാണ് എംടിയുമായുള്ള ഊഷ്മളബന്ധത്തെക്കുറിച്ചും ഭീമനാകാനുള്ള ആഗ്രഹത്തെക്കുറിച്ചും മമ്മൂട്ടി തുറന്നു പറയുന്നത്.
Post Your Comments