പ്രണയമില്ലാത്ത ആണത്തത്തിന് എന്ത് പ്രസക്തിയാണുള്ളത്. പ്രണയം ഇല്ലാത്ത ഹീറോയിസം വില്ലത്തരം മാത്രമാണെന്ന് ഷഹബാസ് അമന് പറഞ്ഞത് ഓര്‍ത്തുകൊണ്ട് ദേശീയ പുരസ്കാര ജേതാവ് ശ്യാം പുഷ്കരന് അഭിപ്രായപ്പെടുന്നു. മഹേഷിന്റെ പ്രതികാരത്തില്‍ മഹേഷിനെ വെല്ലുന്ന കരുത്തരായ കാമുകിമാര്‍ ഉണ്ടായത് അങ്ങനെയാണെന്നും ശ്യാം പറയുന്നു.
മലയാള സിനിമയില്‍ വ്യക്തമായ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. കഥപറച്ചിലിന്, സൂക്ഷ്മതയ്ക്ക്, സാധാരണത്വത്തിന് പ്രാധാന്യമുള്ള സിനിമകള്‍ വരുന്നു. ചിരിപ്പിക്കാനുള്ള പൊടിക്കൈകളായി സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവും മുസ്ലിം വിരുദ്ധവുമായ തമാശകള്‍ വാരിവിതറിയ കാലഘട്ടങ്ങള്‍ മലയാള സിനിമയുടെ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഉണ്ട്. ഈ പരിസരത്തിലേക്കാണ് ഇതിനെക്കുറിച്ചൊക്കെ ബോധ്യമുള്ള സിനിമാ ആര്‍ട്ടിസ്റ്റുകള്‍ വരുന്നത്. കൂടാതെ സ്റ്റീരിയോടൈപ്പുകള്‍ പൊളിക്കുന്ന സിനിമകള്‍ വരുന്നു.
സ്ത്രീകളെക്കുറിച്ച് ഇനിയ്യും ഒരുപാട് കഥ പറയാനുണ്ട്. സ്ത്രീവിരുദ്ധരായ ക്യാരക്ടറുകള്‍ സമൂഹത്തില്‍ ഉണ്ടല്ലോ. എങ്ങനെയാണ് സ്ത്രീവിരുദ്ധ കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടതെന്നതില് നമ്മുടെ ഫിലിംമേക്കേഴ്സിന് ഒരു വ്യക്തതക്കുറവുണ്ടെന്ന് തോന്നിയിട്ടുണ്ട്. ദേവാസുരത്തിലെയും രാവണപ്രഭുവിലെയും പ്രണയം തനിക്ക് മനസ്സിലാകുന്നില്ല. ഇപ്പോ നമ്മുടെ കൂടെയുള്ള സ്ത്രീകള്‍, നമ്മള് ജീവിക്കുന്ന സമൂഹത്തിലെ സ്ത്രീകൾ, കയ്യടിക്കുവേണ്ടി അവരെ അപമാനിക്കാതിരിക്കുക എന്നും ശ്യാം പറയുന്നു.
രണ്ടര മണിക്കൂര്‍ ആള്‍ക്കാരെ കഥ പറഞ്ഞ് ഇരുത്തുന്നത് വളരെ ഈസിയായി സാധ്യമായ ഒരു കാര്യമാണ്. ചാര്‍ളിചാപ്ലിനും ജാക്കിച്ചാനും ജീവിച്ചിരുന്ന നാടല്ലേയിത്. അവരൊക്കെ എന്തെങ്കിലും സ്ത്രീവിരുദ്ധ കാണിക്കേണ്ടി വന്നിട്ടുണ്ടോയെന്നും ശ്യം ചോദിക്കുന്നു. നമ്മുടെയൊക്കെ മനസ്സ് ഇളക്കി നൂറുരൂപാ ടിക്കറ്റുകാരന് അതിന്റെ ഇരട്ടിക്കിരട്ടി ഗുണങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള കൊമേഴ്സ്യല്‍ സിനിമക്കാര്‍ തന്നെയല്ലേ അവരും. അവരുടെയൊന്നും സിനിമകളില്‍ ഇല്ലാത്ത സ്ത്രീവിരുദ്ധതയാണ് ഇവിടെ വേണമെന്നു പറയുന്നതെന്നും ശ്യാം പറയുന്നു.
Post Your Comments