CinemaGeneralIndian CinemaNEWS

ജൂഡ് സ്ത്രീ വിരുദ്ധതനിറഞ്ഞ സംവിധായകനോ? ഭാഗ്യലക്ഷ്മി പറയുന്നു

 

കഴിഞ്ഞ ദിവസത്തെ വാദപ്രതിവാദങ്ങളില്‍ ഒന്നായിരുന്നു ജൂഡ് ആന്റണിയും മേയറും തമ്മിലുള്ള പ്രശ്നം. കൊച്ചി മേയര്‍ സൗമിനി ജെയിന്റെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് തന്നെ അറസ്റ്റ് ചെയ്തതിനെ വിശദീകരിച്ചു കൊണ്ട് ജൂഡ് ചങ്ക് തകര്‍ന്നു പോസ്റ്റ് ഇടുകയും ജൂഡിന്റെ ഈ പ്രതികരണത്തിനെതിരെ മേയര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇരയെ വേട്ടക്കാരനാക്കി മാറ്റാനുള്ള കഴിവ് ജൂഡിനുണ്ടെന്നും അതാണ്‌ ഈ കുറിപ്പില്‍ അദ്ദേഹം കാണിക്കുന്നതെന്നും മേയര്‍ പറഞ്ഞിരുന്നു. ഒരു സ്ത്രീയെന്ന ഒരൊറ്റ കാരണത്താൽ അധിക്ഷേപിച്ച് സംസാരിക്കുകയും സ്ത്രീകളോട് മാന്യമായി സംസാരിക്കാൻ തയ്യാറാകാത്ത വ്യക്തി തന്നെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അനീതികൾക്കെതിരെയുള്ള ഷോർട്ട്ഫിലിം തയ്യാറാക്കുന്നുവന്നത് വിരോധാഭാസമാണെന്നും മേയര്‍ അഭിപ്രായപ്പെട്ടു. മേയറുടെ ഈ പ്രതികരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് പൂര്‍ണ്ണ രൂപം

ബഹുമാനപ്പെട്ട കൊച്ചി മേയർ സൗമിനി ജെയിൻ അറിയുന്നതിന്. താങ്കൾ സംവിധായകൻ ജൂഡ് ആൻറണിയെക്കുറിച്ച് എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വായിച്ചു. ജൂഡ് എന്ന സംവിധായകനേക്കാൾ ഞാൻ ബഹുമാനിക്കുന്നത് അദ്ദേഹത്തിലെ നല്ല മനുഷ്യനെയാണ് ,നല്ല മകനെയാണ്. അത് അദ്ദേഹവുമായി അടുത്തിടപഴകിയ എല്ലാവർക്കുമറിയാം…അല്പം മുന്‍കോപമുണ്ട് എന്നത് മാത്രമാണ് ഞാനദ്ദേഹത്തിൽ കണ്ട ഏറ്റവും വലിയ കുറവ്. മനസ്സിൽ തോന്നുന്നത് അപ്പോൾ തന്നെ പ്രകടിപ്പിക്കുകയും പിന്നീട് അതേക്കുറിച്ചോർത്ത് വിഷമിക്കുകയും യാതൊരു മടിയും കൂടാതെ ചെറിയവരെന്നോ വലിയവരെന്നോ നോക്കാതെ ക്ഷമ ചോദിക്കുകയും ചെയ്യുന്ന ഒരു പാവം സാധാരണ മനുഷ്യൻ….

സഹോദരിയും പെൺകുഞ്ഞുമുളള ജൂഡ് സത്യസന്ധമായും പെൺകുട്ടികളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുളള ആധിയിൽ തന്നെയാണ് യാതൊരു പ്രതിഫലവുമില്ലാതെ സമൂഹ നന്മക്ക് വേണ്ടി ഇങ്ങനെയൊരു സിനിമ ചെയ്യാൻ മുന്നിട്ടിറങ്ങിയത്.

ജൂഡിനെ അടുത്തറിയുന്ന ഒരു സ്ത്രീയും പറയില്ല അദ്ദേഹം സ്ത്രീ വിരുദ്ധതയുളളയാളാണെന്ന്. മുത്തശ്ശി ഗദ എന്ന സിനിമയുടെ കഥ കേട്ട ഞാനാദ്യം അദ്ദേഹത്തോട് ചോദിച്ചത് രണ്ട് പ്രായമായ സ്ത്രീകളുടെ കഥ ജനം ആസ്വദിക്കുമോ എന്നാണ്.

ഈ അവസ്ഥ നേരിടുന്ന അമ്മമാരുണ്ട് സഹോദരിമാരുണ്ട്,ചെറുപ്പക്കാർക്ക് വേണ്ടി മാത്രം സിനിമ ചെയ്താൽ പോരല്ലോ എന്നാണ് അദ്ദേഹം പറഞ്ഞ മറുപടി.
മേയറുടെ പോസ്റ്റിൽ പറഞ്ഞത് പോലെ സ്ത്രീ വിരുദ്ധതയുളള ഒരാളായിരുന്നുവെങ്കിൽ അങ്ങനെയൊരു കഥപോലും ആ മനുഷ്യന്‍റെ മനസ്സില്‍ തെളിയില്ല.

ആ സിനിമയുമായി ബന്ധപ്പെട്ട് ഞങ്ങൾ ചില വൃദ്ധ സദനങ്ങൾ സന്ദര്‍ശിക്കുകയുണ്ടായി അതിന്റെ വീഡിയോ യൂ ട്യൂബിൽ കണ്ടു നോക്കു മാഡം.

വയസ്സായവരുടെ ചെറിയ ചില ആഗ്രഹം നടത്തിക്കൊടുക്കാൻ പോയ ഞങ്ങളോട് അവരുടെ ചില വലിയ ആഗ്രഹങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ ഞങ്ങൾ സഹപ്രവർത്തകർ സാമ്പത്തികമോർത്ത് മടിച്ച് നിന്നപ്പോൾ അതിന് പൂർണ്ണമായും തയാറായത് ജൂഡ് എന്ന മനുഷ്യനായിരുന്നു..അങ്ങിനെ എത്രയോ ഉദാഹരണമുണ്ട് അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മയെക്കുറിച്ച് പറയാന്‍.
സ്ത്രീയെ അപമാനിക്കുന്ന ഒരാളെയും ന്യായീകരിക്കുന്ന ഒരാളല്ല ഞാൻ. പക്ഷേ എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും, ജൂഡ് ഒരിക്കലും താങ്കളെ കരുതിക്കൂട്ടി അപമാനിക്കില്ല എന്ന്..അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഉടനെ താങ്കളുടെ ഓഫീസിൽ വന്ന് എല്ലാവരുടെയും മുമ്പാകെ മാപ്പ് പറയാൻ തയ്യാറായത്.

ചില ചെറിയ തെറ്റുകൾ ക്ഷമിക്കുമ്പോഴല്ലേ മാഡം നമ്മൾ വലിയവരാകുന്നത്…അദ്ദേഹത്തിന്റെ മുൻകോപം കൊണ്ടോ അറിവില്ലായ്മകൊണ്ടോ ചെയ്ത തെറ്റ് പൊറുത്ത്കൂടെ.

എനിക്ക് വ്യക്തിപരമായി മാഡത്തിനെ പരിചയമില്ലാത്തത്കൊണ്ടാണ് ഞാനിങ്ങനെയൊരു അഭ്യർത്ഥന പോസ്റ്റ് ചെയ്യുന്നത്. നല്ലൊരു മനസ്സിനുടമയായ ജൂഡ് ആന്തണി എനിക്കൊരു അനുജനാണ്. നടന്ന സംഭവത്തിൽ അദ്ദേഹവും കുടുംബവും വേദനിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button