ഇതാണ് രീതിയെങ്കില്‍ ജനം കൈകാര്യ ചെയ്യുന്ന കാലം വിദൂരമല്ല; മാധ്യമങ്ങളെ വിമര്‍ശിച്ച് ജോയ് മാത്യു

മനുഷ്യന്‍റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമല്ല മാധ്യമപ്രവര്‍ത്തനമെന്ന് ജോയ് മാത്യു. എന്നാല്‍ ഇന്ന് നടക്കുന്നത് അങ്ങനെയല്ല. മറ്റുളളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന വൃത്തികെട്ട പ്രവര്‍ത്തനമായി മാധ്യമരീതികളും ശൈലികളും അധപതിച്ചുവെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി. ഇത്തരം തെറ്റായ പ്രവണതകളെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ മാധ്യമങ്ങളെ ജനം കൈകാര്യ ചെയ്യുന്ന കാലം വിദൂരമല്ലന്നും ജോയ് മാത്യു ദുബായില്‍ പറഞ്ഞു. ദൂബൈ മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ പന്ത്രണ്ടാം പിറന്നാള്‍ പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കുലെഷനും വളര്‍ച്ചയും മാത്രം ലക്ഷ്യമിടുന്ന ഇന്നത്തെ പല മാധ്യമങ്ങളും മോശം പ്രവണതകളിലൂടെ വളരാന്‍ പറ്റുമോയെന്ന് നോക്കുന്നവയാണ്. ഈ വിധത്തില്‍ ഒരു പറ്റം ആളുകള്‍ ചീഞ്ഞു നാറിയ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതില്‍ ഒരു മുന്‍കാല മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നാട് ഭരിക്കേണ്ട മന്ത്രി തീര്‍ത്തും അനുചിതമായ രീതിയില്‍ സംസാരിക്കുകയും അത് മോശമായ രീതിയില്‍ ഒരു മാധ്യമം ജനങ്ങളിലേക്കെത്തിക്കുകയും ചെയ്തതിന് നാം അനുഭവസ്ഥരായെന്നു പറഞ്ഞ ജോയ് മാത്യു മാധ്യമം ചെയ്തത് തെറ്റെന്നു വിളിച്ചു പറയുന്നവര്‍ രാജിവെച്ച് ഓടിപ്പോയ നിലവാരമില്ലാത്ത മന്ത്രിയെപ്പറ്റിയും ചിന്തിക്കണമെന്നു അഭിപ്രായപ്പെട്ടു.

Share
Leave a Comment