പുരാതന ദില്ലിയുടെ സാംസ്കാരിക ഇടമായ റീഗല്‍ തീയേറ്റര്‍ ഇനി ഓര്‍മ്മ. 85 വര്‍ഷം ദില്ലിയെ സിനിമ കാണിച്ച റീഗല്‍ തീയേറ്റര്‍ ദില്ലിയിലെ പ്രസിദ്ധമായ സിനിമ പ്രദര്‍ശനശാലയാണ്. ദില്ലിയുടെ ഹൃദയഭാഗമായ പ്ലേസിന്റെ ദിശാസൂചകമാണ് റീഗല്‍ തീയേറ്റര്‍. 1932 ല്‍ ആര്‍കിടെക്ട് വാള്‍ട്ടെര്‍ സ്കൈസ് ജോര്‍ജ് രൂപകല്‍പ്പന ചെയ്ത റീഗല്‍ അഞ്ചു തലമുറകളായി തിയേറ്റര്‍ കാഴ്ച്ചയുടെ വിസ്മയം ഒരുക്കി ദില്ലിയിലെ സാംസ്കാരിക പ്രസ്ഥാനങ്ങളുടെ കേന്ദ്രമായി പ്രവര്‍ത്തിച്ചു.
ജവഹര്‍ലാല്‍ നെഹ്രു,മൗലാന അബ്ദുള്‍ കലാം ആസാദ്,സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയ പ്രമുഖര്‍ സിനിമ കാണാനെത്തിയിരുന്ന തീയേറ്ററാണ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. റീഗലിനെ ഒരു പാട് പ്രണയിച്ച അഭിനേതാവ് രാജ്കപൂറിന്റെ മേരേ നാം ജോക്കര്‍,സംഗം എന്നീ ചിത്രങ്ങളുടെ പ്രദശനത്തോടെയാണ് തീയേറ്റര്‍ ഷോ അവസാനിപ്പിച്ചത്.
ഹോളിവുഡ് സിനിമകള്‍ സെന്‍സര്‍ ചെയ്യാതെ പ്രദര്‍ശിപ്പിക്കാനും, സത്യം ശിവം സുന്ദരം, ഫയര്‍ പോലുള്ള വിവാദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും തീയേറ്റര്‍ ഉടമകള്‍ കാണിച്ച ധൈര്യം റീഗലിനെ മറ്റ് തീയേറ്ററുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. മള്‍ട്ടിപ്ലക്സ് കാലത്ത് പിടിച്ചു നില്‍ക്കാനാകാതെയാണ് തീയേറ്ററിന്റെ പിന്വാങ്ങലെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ അനുമതി ലഭിച്ചാല്‍ മള്‍ട്ടി പ്ലക്സുമായി മടങ്ങി വരാന്‍ തന്നെയാണ് ഉടമകളുടെ നീക്കം.
Post Your Comments