പ്രവീണ്‍.പി നായര്‍
മമ്മൂട്ടിയെന്ന നടനിലേക്കും,താരത്തിലേക്കും പ്രേക്ഷകര്‍ പൂര്‍ണ്ണമായും ശ്രദ്ധകേന്ദ്രീകരിച്ച് വീക്ഷിച്ച ചിത്രമായിരുന്നു ‘ദി ഗ്രേറ്റ് ഫാദര്‍’. മാസങ്ങള്‍ക്ക് മുന്‍പേ പരസ്യം നല്‍കി ജനങ്ങളിലേക്ക് എത്തിച്ച വിപണന മിടുക്കില്‍ നിന്ന് തുടങ്ങുന്നു ഗ്രേറ്റ് ഫാദറിന്‍റെ പെരുമ. മമ്മൂട്ടിയെന്ന താരത്തെ മുന്നില്‍ നിര്‍ത്തി കളിച്ച മികവുറ്റ പരസ്യ പ്രചരണം നാളുകള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. അണ്ടര്‍ വേള്‍ഡ് കഥയെന്ന നിലയില്‍ യുവാക്കള്‍ എന്നേ മനസ്സിലേക്ക് സ്വീകരിച്ചിരുത്തിയ ചിത്രം. മമ്മൂട്ടിയെന്ന താരത്തെ ഉപയോഗിക്കുന്നത് കാണാന്‍ ആദ്ദേഹത്തിന്‍റെ ആരാധകവൃന്ദം അക്ഷമയോടെ കാത്തിരുന്ന ചിത്രമായിരുന്നു ദി ഗ്രേറ്റ് ഫാദര്‍.
നവാഗതനായ ഹനീഷ് അദേനിക്ക് ആദ്യ ശ്രമത്തില്‍ കിട്ടിയത് മികച്ച കൂട്ടുകെട്ടാണ്. മമ്മൂട്ടിയെന്ന നടനും പൃഥ്വിരാജിന്‍റെ കീഴിലുള്ള ആഗസ്റ്റ് ക്ലബ് എന്ന പ്രൊഡക്ഷന്‍ കമ്പനിയും, ആത്മവിശ്വസത്തോടെ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം? മലയാളി പ്രേക്ഷകര്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്ന നടനും പ്രൊഡക്ഷന്‍ ബാനറും ഒരു നവാഗത സംവിധായകനിലേക്ക് എത്തുമ്പോള്‍ അദേനിയുടെ മനസ്സിലേക്ക് ടെന്‍ഷനും ഇരച്ചത്തെയിട്ടുണ്ടാവാം. പുതിയ നിയമത്തിലെയും, കസബയിലെയും, തോപ്പില്‍ ജോപ്പനിലെയും മമ്മൂട്ടി ആരാധകരുടെ മാത്രം മമ്മൂട്ടിയാണ്. അതിനപ്പുറം കാലങ്ങളായി മമ്മൂട്ടിയെന്ന നടനെ നെഞ്ചോട് ചേര്‍ക്കുന്നവര്‍ക്ക് നെഞ്ചില്‍ ചേര്‍ത്ത് വെയ്ക്കാന്‍ ഒരു മമ്മൂട്ടി കഥാപാത്രം സമീപകാലത്തായി പിറവി എടുത്തിട്ടില്ല. മമ്മൂട്ടിയിലെ താരത്തെ സിനിമയില്‍ ഉപയോഗപ്പെടുത്തി ഹിറ്റുണ്ടാക്കാനും അടുത്തിടെയായി ആരും ശ്രമിച്ചിട്ടില്ല. നൂറു കോടി ക്ലബുകളില്‍ ഇടം നേടി മോഹന്‍ലാല്‍ മലയാള സിനിമയിലെ ഒറ്റയാനായി വിലസുന്ന അവസരത്തിലും ഏറ്റവും ഓര്‍ക്കപ്പെടുന്നത് മമ്മൂട്ടിയാണ്. കാരണം മമ്മൂട്ടി, മോഹന്‍ലാല്‍ എന്ന് പറഞ്ഞാണ് പ്രേക്ഷകര്‍ക്ക് ശീലം. ഫാന്‍സുകാര്‍ തമ്മില്‍ എത്ര പോരടിച്ചാലും മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും സിനിമാ ഇന്ഡസ്ട്രിയില്‍ ഒന്നിച്ചു നില്‍ക്കുന്നത് കാണാനാണ് ഇരുകൂട്ടരുടെയും ആരാധകര്‍ ആഗ്രഹിക്കുന്നത്.
മമ്മൂട്ടിയിലെ നടനെ കേന്ദ്രീകരിച്ചായിരുന്നു ഗ്രേറ്റ് ഫാദര്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ തരംഗമുണര്‍ത്തിയത്. മോഹന്‍ലാല്‍ ചിത്രം മലയാള സിനിമയിലേക്ക് നൂറു കോടി എത്തിച്ചത് മമ്മൂട്ടി ചിത്രത്തിന്‍റെ ചര്‍ച്ച ഇരട്ടിയാക്കി. കോടി ക്ലബിലേക്ക് കുതിക്കാന്‍ അണിയറയില്‍ ഒരു ആഡാര്‍ മമ്മൂട്ടി ചിത്രം ഒരുങ്ങുന്നുവെന്ന തരത്തിലാണ് ഗ്രേറ്റ് ഫാദറിന്റെ മാര്‍ക്കറ്റിംഗ് തന്ത്രം പുരോഗമിച്ചത്.
മമ്മൂട്ടിയെന്ന താരത്തെയും നടനെയും ഒരു പോലെ തിരികെ ലഭിക്കണമെന്ന ആഗ്രഹവുമായിട്ടാണ് ഓരോ പ്രേക്ഷകനും തിയേറ്ററിലെത്തിയത്. ചിത്രത്തിന്‍റെ സൂത്രധാരനായ ഹനീഷ് അദേനി മമ്മൂട്ടിയിലെ താരത്തെ മാത്രം കേന്ദ്രീകരിക്കാതെ സിനിമയിലെ സബ്ജക്റ്റിനെയാണ് കാര്യമായി പരിഗണിച്ചത്. ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ് ചിത്രത്തിലേത്. കൂടുതല്‍ ജനസ്വാധീനമുള്ള സിനിമയെന്ന മാധ്യമത്തിലൂടെ അവതരിപ്പിക്കാന്‍ യോഗ്യമായ പ്രമേയം. ബാലപീഡനത്തെ ഒരു ത്രില്ലര്‍ പരുവത്തിലാക്കി അവതരിപ്പിച്ച ഹനീഷ് അദേനിയുടെ ആദ്യ ശ്രമം പാളിയില്ല എന്ന് തന്നെ പറയാം. ക്ലീഷേ സംഭവങ്ങളെ ഒന്നാംതരം അവതരണമിടുക്കോടെ പ്രേക്ഷകരിലേക്ക് വിളമ്പിയ ഹനീഷ് അദേനി മികച്ച കൊമേഴ്സിയല്‍ ഫിലിം മേക്കറാണെന്ന് തന്‍റെ ആദ്യ സിനിമയിലൂടെ തെളിയിച്ചിരിക്കുന്നു. ത്രില്ലര്‍ സ്വഭാവം പുലര്‍ത്തുന്ന ഒട്ടേറെ വിഷയം അടുത്തിടെയായി നമുക്കരികിലേക്ക് എത്തുന്നുണ്ടെങ്കിലും ബാലപീഡനം മലയാള പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ചയാകുന്നത് ആദ്യമാണ്.
ഡേവിഡ് നൈനാന്‍ എന്ന മമ്മൂട്ടി കഥാപാത്രത്തിന് അധോലോക പട്ടം നല്‍കിയ മാര്‍ക്കറ്റിംഗ് മിടുക്കിനെ കയ്യടികളോടെ സ്വീകരിക്കുന്നു. അങ്ങനെയൊരു ആവരണം ചിത്രത്തിന് ഇല്ലായിരുന്നുവെങ്കില്‍ ഈ സാമൂഹിക പ്രസക്തിയുള്ള വിഷയത്തിനരികില്‍ അധികം ആളിരിക്കില്ലായിരുന്നു.പറഞ്ഞ വിഷയത്തിലൂന്നി മാത്രമല്ല സിനിമ നീങ്ങിയത് മമ്മൂട്ടിയിലെ താരത്തെയും പല അവസരത്തിലും ഹനീഷ് അദേനി കൂടെ നിര്‍ത്തുന്നുണ്ട്. മമ്മൂട്ടിയിലെ നടനും താരവും മാറി മാറി വരുന്നിടത്ത് ഗ്രേറ്റ് ഫാദര്‍ ലോ ഫാദറാകാതെ മെച്ചപ്പെടുന്നുണ്ട്.
ബേബി അനിഘ അവതരിപ്പിച്ച സാറ ഡേവിഡില്‍ നിന്നാണ് ഗ്രേറ്റ് ഫാദര്‍ ആരംഭിക്കുന്നത്. ഡേവിഡ് നൈനാന്‍ എന്ന മമ്മൂട്ടി കഥാപാത്രത്തിലേക്ക് സിനിമ വേഗത്തില്‍ എത്തുന്നുണ്ട്. പപ്പയുടെ അധോലക വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന സാറയില്‍ നിന്നാണ് പ്രേക്ഷകര്‍ ഡേവിഡ് നൈനാനെ പരിചയപ്പെടുന്നത്. ഫാമിലി ആയതിനു ശേഷം അധോലോക ഫീല്‍ഡ് വിട്ടു നാട്ടില്‍ സെറ്റില്‍ ചെയ്യുന്ന ഡാഡിയുടെ കഥ സാറ തന്‍റെ കൂട്ടുകാരോട് വിവരിക്കുന്നത് തുടക്കത്തില്‍ ഒരു കോമിക് രീതി പോലെ ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു. പിന്നീടു ഉടനടി ഗതിമാറുന്ന ചിത്രം കാര്യമായ വിഷയത്തിലേക്ക് ക്ഷിപ്ര വേഗം സഞ്ചരിക്കുന്നുണ്ട്.
സമൂഹത്തിനു ചുറ്റുമുള്ള വൃത്തികെട്ട കണ്ണുകളില്‍ നിന്ന് മകളെ സംരക്ഷിച്ചു നിര്‍ത്താന്‍ അച്ഛന്‍ നടത്തുന്ന ധീരമായ ശ്രമത്തെ അരോചകമാകാത്ത വിധം അടയാളപ്പെടുത്തിയിട്ടുണ്ട് ഹനീഷ് അദേനി. വിഷയത്തിന്റെ ഗൗരവം ചോര്‍ന്നുപോകാത്ത വിധം ഇടയ്ക്കിടെ മമ്മൂട്ടിയിലെ നടനെ പരിപോഷിപ്പിച്ച് നിര്‍ത്തുന്ന ചിത്രം പ്രേക്ഷകനെ ഒരവസരത്തിലും മടുപ്പിക്കുന്നില്ല. രചനാപരമായി ഗ്രേറ്റ് ഫാദര്‍ ഗ്രേറ്റ് ആകുന്നില്ലെങ്കിലും അവതരണ മിടുക്കില്‍ തൃപ്തികരമാകുന്നുണ്ട് ചിത്രം. ത്രില്ലര്‍ സിനിമകളുടെ സ്ഥിരം രീതിയെന്ന പോലെ ആദ്യ പകുതിയേക്കാള്‍ പ്രേക്ഷകനെ ഇഷ്ടപ്പെടുത്തുന്നത് രണ്ടാം പകുതിയാണ്. കുറ്റാന്വേഷണ സിനിമകളിലെ ക്ലീഷേകള്‍ കാര്യമായി സമ്മേളിക്കുന്നെങ്കിലും സംവിധാനത്തിലെ കയ്യടക്കം ചിത്രത്തെ രക്ഷിച്ചെടുത്തിട്ടുണ്ട്.നിമയങ്ങളെയും, അന്വേഷണ ഉദ്യോഗസ്ഥ വിഭാഗത്തെയുമൊക്കെ നെഗറ്റിവ് ആയി ചിത്രീകരിച്ചിരിക്കുന്ന ഗ്രേറ്റ് ഫാദര്‍ അച്ഛന്‍റെ നിയമമാണ് മുന്നില്‍ നിര്‍ത്തേണ്ടത് എന്ന് ഓര്‍മിപ്പിക്കുന്നു. മികച്ചൊരു സിനിമയുടെ മുദ്രയൊന്നും നല്‍കേണ്ടതില്ലെങ്കിലും അംഗീകരിക്കപ്പെടണ്ടേ മാന്യമായ സൃഷ്ടിയാണ് ഗ്രേറ്റ് ഫാദര്‍. കാലിക പ്രസക്തിയുള്ള വിഷയത്തിന് മുന്നിലേക്ക് ആളെ എത്തിക്കാന്‍ കാണിച്ച കിടിലന്‍ മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഗ്രേറ്റ് ഫാദറിനെ ഗ്രേറ്റാക്കി മാറ്റുന്നത്.
നെഗറ്റിവ് ടച്ച് നല്‍കിയ കഥാപാത്രങ്ങള്‍ക്ക് മുന്നില്‍ ഡേവിഡ് നൈനാന്‍ എത്തുന്നതും അവരോടുള്ള നൈനാന്റെ പ്രതികാര രീതിയുമൊക്കെ നന്നായി ദൃശ്യവത്കരിച്ച ചിത്രത്തില്‍ ഒട്ടേറെ നല്ല രംഗങ്ങളുണ്ടായിരുന്നു. സാറ ഡേവിഡ് പീഡനത്തിനിരയായ തന്‍റെ അനുഭവം വിവരിക്കുന്നതും, ഭര്‍ത്താവിന്‍റെ നെഞ്ചില്‍ തല ചായ്ച്ചു മകളെ പിച്ചി ചീന്തിയവനെ കൊല്ലണമെന്ന് ആവശ്യപ്പെടുന്ന ഡേവിഡ് നൈനാന്‍റെ ഭാര്യയുടെ മാനസിക വേദനയുമൊക്കെ മികവാര്‍ന്ന രീതിയില്‍ ചെയ്തെടുത്തിട്ടുണ്ട് ഹനീഷ് അദേനി.
തിരക്കഥ ശരാശരിയിലേക്ക് ഒതുങ്ങിയത് പല അവസരത്തിലും ചിത്രത്തിന് തിരച്ചടിയായിട്ടുണ്ട്. ഇത്തരമൊരു വിഷയം പ്രമേയമാക്കുമ്പോള്‍ എഴുത്തിലെ ശ്രദ്ധ കാര്യമായി പരിഗണിക്കേണ്ടതുണ്ട്.
നല്ലൊരു ആശയം നല്ലൊരു തിരക്കഥയാക്കുന്നതില്‍ ഹനീഷ് അദേനി പരാജയപ്പെട്ടിട്ടുണ്ട്. സിനിമയിലെ പല സീനുകളും ഇതിലും മികച്ച രീതിയില്‍ എഴുതിയെടുത്തൂടെ എന്നൊരു തോന്നല്‍ കാഴ്ചക്കാരെ ഓരോ സീനിലും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഭൂരിഭാഗം പ്രേക്ഷകരെയും ഹരം കൊള്ളിക്കാനാകാത്ത രീതിയിലാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ് ഒരുക്കിയതെന്നതും പോരായ്മയായി തോന്നി. മോശമല്ലാത്ത രീതിയില്‍ സംഭാഷണം എഴുതിയത് മാത്രമാണ് ഹനീഷ് അദേനിയെ രചിയതാവ് എന്ന നിലയില്‍ ശ്രദ്ധേയനാക്കുന്നത്.
വെറുതെ ലുക്ക് കാണിച്ചു പ്രേക്ഷകരെ ഹരം കൊള്ളിക്കുക എന്നതായിരുന്നില്ല ഡേവിഡ് നൈനാനുണ്ടായിരുന്ന ദൗത്യം. മമ്മൂട്ടിക്ക് ലഭിച്ചത് അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു.തന്‍റെ ജോലി വളരെ നന്നായി മമ്മൂട്ടി നിര്‍വഹിച്ചിട്ടുണ്ട്. നടനില്‍ നിന്ന് താരത്തിലേക്കും താരത്തില്‍ നിന്ന് നടനിലേക്കും മമ്മൂട്ടി അനായാസം സഞ്ചരിച്ചത് പ്രേക്ഷകരും കയ്യടികളോടെ സ്വീകരിച്ചു. മമ്മൂട്ടിയിലെ ശരീര ഭാഷയെ കാര്യമായി ഉപയോഗപ്പെടുത്തിയ ചിത്രം മമ്മൂട്ടിയുടെ വര്‍ക്ക് കൊണ്ടും ലുക്ക് കൊണ്ടും മികച്ചു നിന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്പൂസിന്‍റെ പപ്പയായി പ്രേക്ഷകരുടെ കണ്ണ് നിറച്ച അതേ മമ്മൂട്ടി ഇന്ന് സാറയുടെ പപ്പയായി ക്യാമറയ്ക്ക് മുന്നില്‍ ഇരിക്കുന്നത് അത്ഭുതത്തോടെ നോക്കികാണുന്നു.
ബേബി അനിഘയ്ക്ക് വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ചിത്രത്തിലേത്. തുടക്കത്തില്‍ അനിഘയുടെ അഭിനയത്തില്‍ നാടകീയത തോന്നിയെങ്കിലും ഗൗരവപരമായ വിഷയത്തിലേക്ക് സിനിമ ഇറങ്ങി വന്നപ്പോള്‍ ഈ കുട്ടിമുഖം അഭിനയത്തില്‍ സ്വഭാവികത കൈവരിച്ചു. കോളിവുഡിലെ കച്ചവട സിനിമകളില്‍ അരങ്ങു തകര്‍ത്തിട്ടുള്ള ആര്യ തന്‍റെ വേഷം മോശമാക്കാതെ ചെയ്തിട്ടുണ്ട്. കലാഭവന്‍ ഷാജോണ്‍,മാളവിക മോഹന്‍,സ്നേഹ, മിയ, സുനില്‍ സുഖദ ഐഎം വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഗോപി സുന്ദറിന്റെ ഗാനങ്ങള്‍ മികവ് പുലര്‍ത്തിയില്ല . സുശിന്‍ ശ്യാം ചെയ്ത ബിജിഎം ഗംഭീരമായിരുന്നു, ചിത്രത്തിന്‍റെ എഡിറ്റിംഗ് പല അവസരത്തിലും പോരായ്മയായി തോന്നി.
അവസാന വാചകം
കാലിക പ്രസക്തിയുള്ള വിഷയം പ്രമേയമാക്കി നല്ല സംവിധനാ ശൈലിയില്‍ ഒരുക്കിയെടുത്ത ഹനീഷ് അദേനിയുടെ ആദ്യ പരിശ്രമത്തെ നമുക്ക് ഇരുകൈയും നീട്ടി ധൈര്യപൂര്‍വ്വം സ്വാഗതം ചെയ്യാം.
Post Your Comments