മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദ് ഫാസില്‍ അഭിനയിച്ച ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇറാഖില്‍ തടവിലാക്കപ്പെട്ട മലയാളി നഴ്സുമാരുടെ കഥ വിവരിക്കുന്ന ചിത്രത്തെ പ്രശംസിച്ച് ഇതിനോടകം നിരവധി പ്രമുഖര്‍ രംഗത്ത് വന്നുകഴിഞ്ഞു. മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ ചിത്രത്തെ പ്രശംസിച്ചു ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. കുഞ്ചാക്കോബോബനും പാര്‍വതിയും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഉദ്യോഗസ്ഥനായ അഭിനയ പ്രാധാന്യമുള്ള വേഷമാണ് ഫഹദ് അവതരിപ്പിച്ചത്.
മഹേഷ് നാരായണന് സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന സിനിമയെക്കുറിച്ച് ഫഹദിന്റെ പ്രതികരണം ഇങ്ങനെ
”ഞാനും മഹേഷ് നാരായണനും മറ്റൊരു ചിത്രമായിരുന്നു നേരത്തെ ചെയ്യാന്‍ വിചാരിച്ചത്. അതിനിടയില്‍ കുഞ്ചാക്കോ ബോബനെയും പാര്‍വതിയെയും പ്രധാന കഥാപാത്രമാക്കി ഒരുക്കാന്‍ പോകുന്ന ഒരു ചെറിയ ചിത്രത്തിന്റെ കഥ മഹേഷ് പറഞ്ഞിരുന്നു. പിന്നീട് മൂന്ന് മാസം കഴിഞ്ഞ് നിര്‍മാതാവ് ആന്റോ ജോസഫിന്റെ വഴങ്ങിയാണ് ഈ ചിത്രത്തിന്റെ കഥ കേട്ടത്. കഥയെക്കുറിച്ചുള്ള അഭിപ്രായം തേടുകയായിരുന്നു ലക്ഷ്യം. ആ കഥ എനിക്കും രസിച്ചു. അതിനുശേഷമാണ് ചിത്രത്തിലെ ഇന്ത്യന്‍ അംബാ സഡര് വേഷം ചെയ്യാന്‍ എന്നോട് പറഞ്ഞത്.
ഇറാഖ് യുദ്ധപശ്ചാത്തലത്തില്‍ തിക്രിത്തില്‍ പെട്ടുപോയ മലയാളികളായ 19 സ്ത്രീകള്‍ക്കുണ്ടായ ദുരനുഭവവും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിന് വിഷയം. ആ മാനുഷിക പരിഗണനയും അവരുടെ കഷ്ടപ്പാടും പോരാട്ടവും സിനിമയെന്ന മീഡിയയിലൂടെ ലോകം അടുത്തറിയണമെന്ന് എനിക്ക് തോന്നി. മാത്രമല്ല രാജേഷ് പിള്ള എന്ന, സിനിമയെ അത്രമാത്രം സ്നേഹിച്ച് വിടപറഞ്ഞ കലാകാരന്റെ സ്വപ്നസാക്ഷാത്കാരത്തിനുകൂടിയായി ഈ ചിത്രം വഴിമാറി. എന്നെത്തേടി എത്തിയ ഈ ചിത്രം എനിക്ക് വിട്ടുകളയാന്‍ തോന്നിയില്ല. ഇത്തരം സിനിമകള്‍ ഉണ്ടാക്കാന്‍ വിചാരിച്ചാല്‍ നടക്കില്ല. ഇനി ഇത്തരമൊരു ചിത്രം എന്റെ ജീവിതത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല”- ഫഹദ് ഫാസില്‍
കടപ്പാട് : മാതൃഭൂമി ഡോട്ട്കോം
Post Your Comments