22 വര്‍ഷങ്ങള്‍ക്ക് മുന്പ് മിമിക്രിയെന്ന കലയുടെ ചുവടുപിടിച്ചു സിനിമയില്‍ എത്തിയ നടനാണ് ഷാജു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധ്യമായതിന്റെ സന്തോഷത്തിലാണ് ഇന്ന് ഈ കലാകാരന്‍. മിമിക്രി കലാകാരന്മാരുടെ കൂട്ടായ്മയായി നിന്നിരുന്ന സിനിമാ മേഖലയില്‍ മോഹന്‍ലാലിന്റെ ശബ്ദം അതുപോലെ അനുകരിക്കുന്നതില്‍ അഗ്രഗണ്യനായ വ്യക്തിയാണ് ഷാജു. തങ്ങളുടെ ശബ്ദത്തെയും രീതികളെയും മോശമാക്കി അവതരിപ്പിക്കുന്നവെന്ന ധാരണയില്‍ പല താരങ്ങളും മിമിക്രി കലാകാരന്മാരോട് ചെറുതല്ലാത്ത രീതിയില്‍ അകല്‍ച്ച കാണിക്കുമ്പോള്‍ തന്നെ സിനിമയില്‍ തിരക്കേറിയ താരമായി മാറിയ മോഹന്‍ലാല്‍ തന്റെ ശബ്ദം അനുകരിച്ച് കാണികളുടെ കയ്യടി വാങ്ങുന്ന ആ നടനെ ആയിടയ്ക്കുതന്നെ പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. ഷാജു നാട്ടിലും വിദേശത്തുമായി പല സ്റ്റേജുകളിലും മോഹന്‍ലാലിന്റെ ശബ്ദം അനുകരിച്ച് പ്രശംസനേടി. മോഹന്‍ലാലിന്റെ സാന്നിദ്ധ്യമുള്ള വേദിയിലും ഷാജു ലാലിനെ അനുകരിച്ചിരുന്നു. പല സന്ദര്‍ഭങ്ങളിലും മോഹന്‍ലാലും ഷാജുവും തമ്മില്‍ കണ്ടുമുട്ടിയിട്ടുണ്ട്. എന്നാല്‍ ഒരുമിച്ച് ഒരു സിനിമയിലും അഭിനയിക്കാന്‍ ഷാജുവിന് കഴിഞ്ഞിട്ടില്ല. എന്നെങ്കിലും എപ്പോഴെങ്കിലും അതിനുള്ള അവസരം വന്നുചേരുമെന്ന പ്രതീക്ഷയിലായിരുന്നു ഷാജു.
പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന സിനിമയില്‍ ഷാജുവിന് അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നു. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമെന്ന നിലയില്‍ ഏറെ സന്തോഷപൂര്‍വ്വമാണ് ആ ഓഫര്‍ ഷാജു സ്വീകരിച്ചതെങ്കിലും ഇരുവരും തമ്മിലുള്ള ഒരു സീനും ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. മോഹന്‍ലാല്‍ അഭിനയിച്ച സിനിമയില്‍ ഷാജു അഭിനയിച്ചുവെന്നുമാത്രം. അങ്ങനെ മോഹന്‍ലാലിനൊപ്പം ഒരു ചിത്രമെന്ന ആഗ്രഹവുമായി ഷാജു പിന്നെയും കാത്തിരിക്കുകയായിരുന്നു.
മേജര്‍രവി സംവിധാനം ചെയ്യുകയും മോഹന്‍ലാല്‍ നായകനാകുകയും ചെയ്യുന്ന 1971 ബിയോണ്‍ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തില്‍ ഷാജു അഭിനയിക്കുന്നു. അതും മോഹന്‍ലാലിന്‍റെ ഒരു സുഹൃത്ത് വേഷത്തില്‍. അതിന്‍റെ സന്തോഷം മറച്ചു വയ്ക്കാതെ ഷാജു ഇതേക്കുറിച്ച് പറയുന്നതിങ്ങനെ…
“22 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ എന്റെ സ്വപ്നമായിരുന്നു മേജര്‍രവി സാര്‍ ഈ സിനിമയില്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഇന്ന് ആ മഹാപ്രതിഭയുടെ കൂടെ അദ്ദേഹത്തിന്റെ ഒരു സുഹൃത്തായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഈ സിനിമയുടെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഷാജു മോഹന്‍ലാലിനോട് പറഞ്ഞു. ലാലേട്ടാ…, നമ്മള്‍ തമ്മില്‍ ഇതാദ്യമായിട്ടാണ് ഒരുമിച്ചഭിനയിക്കുന്നത്. അതുകേട്ടപ്പോള്‍ മോഹന്‍ലാലിനും ഒരത്ഭുതം. ഇതുവരെ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു ലാലിന്റെയും സംശയഭാവം.”
എന്തായാലും ചിരകാല സ്വപ്നം പൂവണിഞ്ഞതിലുള്ള സന്തോഷത്തിലാണിപ്പോള്‍ ഷാജു.
Post Your Comments