മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ‘ദി ഗ്രേറ്റ് ഫാദറിന്റെ ‘ ചില ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കണ്ടെത്തി. ചിത്രത്തിന്റെ ഒരു മിനിറ്റും ഏഴ് സെക്കന്റും നീളുന്ന ഭാഗമാണ് ഇന്റര്‍നെറ്റിലെത്തിയിരിക്കുന്നത്. മമ്മൂട്ടിയും സ്നേഹയും തമ്മിലെ വൈകാരിക രംഗമാണ് യൂട്യൂബിലടക്കം പുറത്തായിട്ടുള്ളത്. മൊബൈല്‍ ഫോണ്‍ വഴിയാണ് സിനിമയിലെ രംഗങ്ങള്‍ ചോര്‍ന്നിരിക്കുന്നത്.
മമ്മൂട്ടി പുതിയ വേഷപകര്‍ച്ചയിലെത്തുന്ന ചിത്രം വെള്ളിയാഴ്ച്ച റിലീസ് ചെയ്യാന്‍ തയ്യാറാവുകയാണ്. നവാഗതനായ ഹനീഫ് അദേനി ഒരുക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസാണ് നിര്‍മ്മാണം നിര്‍വഹിച്ചിട്ടുള്ളത്.
തമിഴ് താരം ആര്യയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം അവതരിപ്പിച്ചിട്ടുള്ളത്. സെന്‍സര്‍ ചെയ്യുന്നതിന് മുന്‍പ് ചിത്രത്തിന്റെ ഭാഗങ്ങള്‍ പുറത്തുവരാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ എഡിറ്റ് ചെയ്തിടത്ത് നിന്ന് ആരെങ്കിലും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണോ എന്ന് സംശയിക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടെന്ന് കരുതുന്നതായി നിര്‍മ്മാതാക്കളിലൊരാളായ ഷാജി നടേശന് ആരോപിച്ചു.
ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. നിര്‍മ്മാതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 30 മുതല്‍ 150ല്‍ അധികം തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുവാനാണ് തീരുമാനിച്ചിരുന്നത്.
Post Your Comments