CinemaInterviews

ആദ്യഗാനം പാടിയ ആത്മസംതൃപ്തിയോടെ … ഉണ്ണി മുകുന്ദന്‍ ഈസ്റ്റ്‌ കോസ്റ്റ് ഡെയ്ലിയോട് സംസാരിക്കുന്നു

നിനച്ചിരിക്കാതെ മലയാള സിനിമയ്ക്ക് കിട്ടിയ നായകനാണ് ഉണ്ണി മുകുന്ദന്‍. കാരണം മറ്റൊന്നും അല്ല, തന്‍റെ കഥാപാത്രങ്ങള്‍ സാധാരണക്കാരോട് അടുത്ത് നില്‍ക്കുന്നതാക്കാന്‍ എന്നും ഉണ്ണി ശ്രദ്ധിച്ചിരുന്നു. നാട്ടിന്‍ പുറത്തെ പയ്യനായി പ്രണയിച്ചു നടക്കാനും മെട്രോ നഗരത്തിലെ പ്രൊഫഷണല്‍ കില്ലറായി അഭിനയിച്ച് തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളില്‍ കയ്യടി നേടാനും ഉണ്ണി മുകുന്ദന് കഴിഞ്ഞു.

തെന്നിന്ത്യയില്‍ തിരക്കുള്ള നടനായി മാറിയ ഉണ്ണി മുകുന്ദന്‍ നായകനില്‍ നിന്നും തികച്ചും വേറിട്ടു നില്‍ക്കുന്ന പിന്നണി ഗായകന്‍ എന്ന മേഖലയിലേക്ക് കടന്നിരിക്കുകയാണ്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത അച്ചായന്‍സ് എന്ന ചിത്രത്തിലെ അനുരാഗം പുതുമഴപോലെ എന്ന പാട്ട് ഇതിനോടകം യുട്യൂബില്‍ ഹിറ്റായി കഴിഞ്ഞിരിക്കുകയാണ് . 24 മണിക്കൂര്‍ കൊണ്ട് 2 ലക്ഷത്തില്‍പരം വിസിറ്റ് കിട്ടിയ ആദ്യത്തെ മേക്കിംഗ് സോംഗ് വീഡിയോ എന്ന സ്ഥാനം ഇനി അച്ചായന്സിലെ ഈ ഗാനത്തിന് സ്വന്തം.

രതീഷ് വേഗയുടെ സംഗീത സംവിധാനത്തിലാണ് ഉണ്ണിമുകുന്ദന്‍ തന്‍റെ ആദ്യ സിനിമാഗാനം ആലപിച്ചിരിക്കുന്നത്. രതീഷ് വേഗയും ഉണ്ണിമുകുന്ദനും ചേര്‍ന്നാണ് വരികള്‍ എഴുതിയതും. പാടിയ പാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആസ്വാദകര്‍ ഏറ്റെടുത്തു. ഈ സന്തോഷ നിമിഷത്തില്‍ ഉണ്ണി മുകുന്ദന്‍ ഈസ്റ്റ്‌ കോസ്റ്റ് ഡെയിലിയോട് സംസാരിക്കുന്നു

* അനുരാഗം പുതുമഴ പോലെ എന്ന പാട്ട് പാടാനുണ്ടായ സാഹചര്യം എന്തായിരുന്നു?

തുടക്കത്തില്‍ സിനിമയില്‍ പാടണമെന്ന തീരുമാനം ഉണ്ടായിരുന്നില്ല. എന്നാല്‍ അച്ചായന്സിന്റെ പായ്ക്ക് അപ്പ്‌ ആയപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാവ് സി കെ പദ്മ കുമാറിന്റെ വക നടത്തിയ ഒരു പാര്‍ട്ടിയില്‍ ഞാന്‍ ഒരുപാട്ട് പാടി. അത് കേട്ട സിനിമയുടെ ഫുള്‍ ടീം അംഗങ്ങള്‍ അച്ചായന്‍സ് എന്ന സിനിമയിലേക്ക് ഒരു പാട്ട് പാടാനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതിനു ശേഷമാണ് ഞാനും സംഗീതസംവിധായകന്‍ രതീഷ് വേഗയും ചേര്‍ന്ന് വരികള്‍ എഴുതിയതും പാട്ട് പാടുകയും ചെയ്തത്.

* ഇന്നുവരെ ഒരു ഗായകന്‍ എന്ന നിലയില്‍ ആരും കേട്ടിട്ടില്ലാത്ത ഉണ്ണിയിലെ ഗായകന്‍ എങ്ങനെയാണ് പുറത്തുവരുന്നത് ?

ഒരു ഗായകന്‍ എന്ന നിലയില്‍ അല്ലാതെ പല അഭിമുഖങ്ങളിലും ഞാന്‍ ഇതിന് മുന്‍പും പാടിയിട്ടുണ്ട്. എന്നാല്‍ സിനിമയ്ക്ക് വേണ്ടി പാടുന്നത് ആദ്യമായിയാണ് എന്ന് മാത്രം. സംഗീതം എന്നും എനിക്ക് പ്രിയമാണ്.

*മമ്മൂട്ടി മുതല്‍ എല്ലാ സൂപ്പര്‍ സ്റ്റാര്സും താങ്കളുടെ ആദ്യ ഗാനത്തെ സ്വീകരിച്ചു. അതുപോലെ തന്നെ പ്രേക്ഷകരും. ഇതില്‍ എന്താണ് പറയാനുള്ളത്?

പാട്ട് കേട്ട് നടന്‍ മമ്മൂട്ടി ,മഞ്ചു വാര്യര്‍ ,ഭാവന ഉള്‍പ്പടെയുള്ളര്‍ അഭിനന്ദനവുമായെത്തി. ആദ്യമായി പാടുകയാണെന്നു പറയില്ലയെന്നാണ് പലരും പറഞ്ഞത്. അതില്‍ വലിയ സന്തോഷം തോന്നി. സോഷ്യല്‍ മീഡിയയിലൂടെയും ധാരാളം പേര്‍ പാട്ട് കേട്ടതിനു ശേഷം അഭിനന്ദന വാക്കുകള്‍ തന്നെ അറിയിച്ചു. പ്രേക്ഷകരുടെ പ്രോത്സാഹനവും അഭിനന്ദനവും തനിക്ക് കിട്ടിയ വിഷുകൈനീട്ടം പോലെയാണ് ഞാന്‍ കരുതുന്നത്.

* ഗായകന്‍ എന്ന പദവി മുന്നോട്ടു കൊണ്ടു പോകാനാണോ താല്പര്യം അതോ നായകന്‍ എന്ന പദവിയില്‍ തന്നെ തുടരാനാണോ താല്പര്യം?

സംഗീതത്തോട്‌ പ്രിയം ഉണ്ട്. എന്നാല്‍ ഗായകന്‍ എന്ന പദവി തുടരാന്‍ താല്പര്യം ഇല്ല. അഭിനയത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടുന്ന മികച്ച വേഷങ്ങള്‍ ധാരാളം ചെയ്യണം. എന്നാല്‍ സിനിമയ്ക്കായി പാടാന്‍ അവസരം കിട്ടിയാല്‍ ഇനിയും പാടും.

Untitled

*അച്ചായന്‍സ് എന്ന സിനിമയിലൂടെ ഗായകന്‍ എന്ന അവസരം ലഭിച്ചതില്‍ എന്താണ് പറയാനുള്ളത്?

ഇതിന് മുന്‍പ് പല അഭിമുഖങ്ങളിലും മറ്റും ഞാന്‍ പാട്ടുകള്‍ പാടിയിട്ടുണ്ട്. എന്നാല്‍ അന്നേരം ആരും പാട്ട് കൊള്ളാംഎന്ന് പറഞ്ഞതല്ലാതെ സിനിമയില്‍ പാട്ട് പാടാനുള്ള അവസരം എനിക്ക് നല്‍കിയിട്ടില്ല. എന്നാല്‍ രതീഷ്‌ വേഗ ചിത്രത്തില്‍ ഒരു മെലഡി ഉണ്ടെന്നും അത് ഞാന്‍ പാടണമെന്നും പറഞ്ഞു. കൂടാതെ സിനിമയിലെ ഫുള്‍ ടീം എനിക്ക് സപ്പോര്‍ട്ട് ആയി ഉണ്ടായിരുന്നു. ആദ്യമായി ഒരാള്‍ക്ക് സിനിമയില്‍ പാടാനുള്ള അവസരം നല്‍കുക എന്നതാണ് ഏറ്റവും വലിയ കാര്യമാണ്. അതാണ്‌ അച്ചായന്‍സ് ടീം എനിക്ക് തന്നതും.

* അനുരാഗം പുതുമഴ പോലെ എന്ന പാട്ട് ഹിറ്റായതിനു ശേഷം ഗായകന്‍ എന്ന രീതിയില്‍ ഏതെങ്കിലും പുതിയ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടോ?

പാട്ട് റിലീസ് ആയി മൂന്നു ദിവസമായിട്ടുള്ളൂ. എന്നാല്‍ അതിനുള്ളില്‍ തന്നെ തെലുങ്കിൽ നിന്നും മറ്റും പാടാനുള്ള അവസരം എനിക്ക് കിട്ടി.

* ഒരു പ്രണയ ഗാനത്തില്‍ അഭിനയിച്ചതിന് ശേഷമാണ് സിനിമയില്‍ പാട്ട് പാടിയത്. എന്നാല്‍ പാട്ട് പാടിയതിന് ശേഷം അഭിനയിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ അഭിനയത്തില്‍ മാറ്റം ഉണ്ടാകുമായിരുന്നോ?

സിനിമ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഇങ്ങനെ ഒരു പാട്ട് ഞാനാണ് പാടുന്നത് എന്ന് തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല. ഒരു പക്ഷേ അത് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഇതിലും നന്നാക്കാന്‍ പറ്റുമായിരുന്നുവെന്ന് ഇപ്പോള്‍ തോനുന്നുണ്ട്.

*രതീഷ്‌ വേഗ എന്ന സംഗീത സംവിധായകനെ എങ്ങനെ വിലയിരുത്തുന്നു?

ഒരു ആക്ടറിന്‍റെ ആവശ്യം മുന്‍നിര്‍ത്തി ഉണ്ടാക്കിയ പാട്ടാണ് ഇത്. എന്നിട്ടും അതില്‍ ഒരു ഭംഗി കൊണ്ടുവരാന്‍ രതീഷ്‌ വേഗക്ക് സാധിച്ചു. ഇത് ഉണ്ണി മുകുന്ദന്‍ വേണ്ടിയുള്ള പാട്ട് ആയതുകൊണ്ട് തന്നെ രതീഷ്‌ വേഗ തന്‍റെ എഴുത്തിനെയും എനിക്കു പറ്റുന്ന രീതിയില്‍ കൊണ്ട് വരാന്‍ നല്ലരീതിയില്‍ കഷ്ടപെട്ടിട്ടുണ്ട്. ആ കഷ്ടപാട് ഇത്രയും ഹിറ്റ് ആയതില്‍ സന്തോഷം ഉണ്ട്.

* പാട്ട് ഹിറ്റായ സാഹചര്യത്തില്‍ പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?

പാട്ട് സ്വീകരിച്ചതില്‍ സന്തോഷം. സിനിമ തീയറ്ററില്‍ തന്നെ പോയി കണ്ടുതന്നെ പ്രോത്സാഹിപ്പിക്കണം. ഇപ്പോള്‍ കിട്ടിയ പ്രോത്സാഹനവും അഭിനന്ദനവും എന്നും കൂടെ ഉണ്ടാകണം.

shortlink

Related Articles

Post Your Comments


Back to top button