മലയാളത്തിന്റെ പ്രിയ കഥാകാരി മാധവികുട്ടിയുടെ ജീവചരിത്രം ആമി എന്ന പേരില്‍ സംവിധായകന്‍ കമല്‍ മഞ്ജുവിനെ നായികയാക്കി ഒരുക്കുകയാണ്. ചിത്രം അനൌണ്സ് ചെയ്തത് മുതല്‍ വിവാദങ്ങളും പിന്തുടരുന്നുണ്ടായിരുന്നു. ചിത്രത്തില്‍ ആദ്യം ആമിയായി നിശ്ചയിച്ചത് ബോളിവുഡ് നടി വിദ്യാ ബാലനെ ആയിരുന്നു. എന്നാല്‍ ചില പ്രശ്നങ്ങള്‍ കാരണം ഷൂട്ടിംഗ് ആരംഭിക്കുന്നതിനും അഞ്ചു ദിവസം മുന്പ് ആമിയാകുന്നതില്‍ നിന്നും വിദ്യ പിന്മാറി. ആ ഒഴിവിലേക്ക് പല പുതുമുഖ നായികമാരെയും പരിഗണിച്ച സംവിധായകന്‍ ഒടുവില്‍ അമിയായി മഞ്ജുവിനെ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സിനിമാ ലോകം മറന്ന ഒരു കാര്യം ഉണ്ടായിരുന്നു.
‘ആമി’യായി ആദ്യം തിരഞ്ഞെടുക്കപ്പെട്ട കലാകാരി മറ്റൊരാള്‍ ആയിരുന്നു. അതും മാധവികുട്ടി ജീവിച്ചിരുന്ന കാലത്ത് തന്നെ. അന്ന് ഈ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. അതില്‍ ആമിയാവാന്‍ തയ്യാറെടുത്തിരുന്നത് ദുബായിൽ ജീവിക്കുന്ന ചിത്രകാരി കൂടിയായ റുക്സീനയായിരുന്നു.
കമല്‍ ദുബായിൽ ചെന്ന് റുക്സീനയുമായി കൂടിക്കാഴ്ച നടത്തുകയും ചിത്രീകരണം ഉടന്‍ ആരംഭിക്കുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ മാധവികുട്ടിയുടെ മരണ വാര്‍ത്ത നല്‍കിയ ചില പത്രങ്ങള്‍ ആമിയെ കാണാന്‍ കാത്തിരിക്കാതെ എഴുത്തുകാരി യാത്രയായെന്ന തലക്കെട്ടില്‍ റുക്സീനയുടെ ചിത്രവും ചേര്‍ത്ത് കൊടുത്തിരുന്നു. എന്തുകൊണ്ടാണ് തന്നെ ചിത്രത്തില്‍ നിന്നും മാറ്റിയത് എന്നറിയില്ലായെന്നും പുതിയ വാര്‍ത്തകള്‍ എല്ലാം താന്‍ അറിയുന്നുണ്ടെന്നും മനോരമയോട് പ്രതികരിച്ച റുക്സീന എല്ലാം കാത്തിരുന്നു കാണാമെന്ന് പറയുന്നു.
Post Your Comments