കാമുകിയും വില്ലത്തിയും അമ്മയും അമ്മുമ്മയും അമ്മായിയമ്മയുമൊക്കെയായി അനേകമനേകം വേഷപ്പകര്‍ച്ചകളിലൂടെ പ്രേക്ഷകമനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന അമ്മ രൂപം അതാണ് സുകുമാരി. മലയാളത്തിന്‍റെ മനോരമയെന്നു വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭയാണ് സുകുമാരി. ഹാസ്യത്തെയും ഗൌരവതരമായ കഥാപാത്രങ്ങളെയും മികച്ച കൈയടക്കത്തോടെ അവതരിപ്പിച്ച സുകുമാരി ആയിരംവട്ടം അഭിനയിച്ചു തേഞ്ഞ കഥാപാത്രവും കഥാസന്ദര്‍ഭവുമാണെങ്കിലും അതിനെയെല്ലാം തന്റെതായ ഒരു ശൈലിയിലൂടെ മികച്ചതാക്കുന്നു. മലയാള സിനിമയില്‍ നസീര്‍ മുതല്‍ കുഞ്ചാക്കോ ബോബന്‍ വരെ എത്രയോ തലമുറയുടെ സ്വന്തം “സുകുമാരി ചേച്ചി’!
സെറ്റു മുണ്ടുമുടുത്ത്, നെറ്റിയില്‍ ചന്ദനക്കുറിയും അണിഞ്ഞ് ഐശ്വര്യമുള്ള അമ്മയായും സ്ലീവ് ലെസ് ബ്ലൌസും സില്‍ക്ക് സാരിയും ധരിച്ച് അഹങ്കാരിയായ സൊസൈറ്റി ലേഡിയായും ജീന്‍സും ടോപും ഇട്ട മദാമ വേഷത്തിലും പകര്‍ന്നാട്ടം നടത്തി വിസ്മയങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ സുകുമാരി അരങ്ങൊഴിഞ്ഞിട്ട് ഇന്ന് നാല് വര്‍ഷം തികയുകയാണ്.
1940 ഒക്ടോബര്‍ 6-ന് തമിഴ്നാട് നാഗര്‍കോവിലില്‍ മാധവന്‍ നായരുടേയും സത്യഭാമയുടേയും മകളായാണ് സുകുമാരി ജനിച്ചത്. തിരുവിതാംകൂര്‍ സഹോദരിമാരായ നടിയ ലളിത, പദ്മിനി , രാഗിണിമാരുടെ അടുത്ത ബന്ധുവായിരുന്ന സുകുമാരി കുഞ്ഞു നാള്‍ മുതല്‍ നൃത്തം അഭ്യസിച്ചിരുന്നു. നൃത്തവേദികളിലെ പ്രകടനം കണ്ടാണ് സംവിധായകന്‍ പി. നീലകണ്ഠന്‍ ഒരറിവ് എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. പത്താമത്തെ വയസിലായിരുന്നു സുകുമാരിയുടെ സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് 2000ത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു സുകുമാരി.
1957ല്‍ ആറുഭാഷകളില്‍ പുറത്തിറങ്ങിയ തസ്കരവീരനിലാണ് സുകുമാരി ആദ്യമായി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതേ വര്‍ഷം തന്നെ മലയാള സിനിമയായ കൂടപ്പിറപ്പിലും അഭിനയിച്ചു. ചേട്ടത്തി, കുസൃതിക്കുട്ടന്‍, കുഞ്ഞാലിമരക്കാര്‍, തച്ചോളി ഒതേനന്‍, യക്ഷി, കരിനിഴല്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ സുകുമാരിയെ പ്രേക്ഷകരുടെ ഇഷ്ടനടിയാക്കി. ഹാസ്യം കൈകാര്യം ചെയ്ത അപൂര്‍വ്വം നടിമാരില്‍ ഒരാളായിരുന്നു സുകുമാരി. സംവിധായകന്‍ പ്രിയദര്‍ശനായിരുന്നു സുകുമാരിയിലെ ഹാസ്യ കലാകാരിയെ കൂടുതല്‍ ഉപയോഗപ്പെടുത്തിയത്. പൂച്ചക്കൊരു മുക്കൂത്തി, വന്ദനം, ബോയിംഗ് ബോയിംഗ്, ഓടരുതമ്മാവാ ആളറിയാം എന്നീ ചിത്രങ്ങളില്‍ സുകുമാരി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇപ്പോഴും ചിരിയുണര്‍ത്തുന്നവയാണ്. മിഡിയും ടോപ്പുമിട്ട് മദ്യപിക്കുന്ന മോഡേണ്‍ ആന്റിയായി ഒരു ചിത്രത്തില്‍ തകര്‍ത്തഭിനയിക്കുമ്ബോഴായിരിക്കും തൊട്ടടുത്ത ചിത്രത്തില്‍ മുഷിഞ്ഞ വസ്ത്രവും മുടിയുമൊക്കെയുള്ള ദരിദ്ര കഥാപാത്രമായി സുകുമാരി എത്തുന്നത്. രണ്ടിലും വിദൂര സാമ്യം പോലും തോന്നാത്തത് സുകുമാരിയുടെ മാത്രം കഴിവാണ്. തേന്‍മാവിന്‍ കൊമ്ബത്തിലെ ഗിഞ്ചിമൂട് ഗാന്ധാരി, അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ മാളുവമ്മ, ബോയിംഗ് ബോയിംഗിലെ ഡിക്ക് അമ്മായി, തലയണ മന്ത്രത്തിലെ സുലോചന തങ്കപ്പന്‍ തുടങ്ങിയവ സുകുമാരി അനശ്വരമാക്കിയ കഥാപാത്രങ്ങളില്‍ ചിലതാണ്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടേയും അമ്മ വേഷത്തില്‍ സുകുമാരി അഭിനയിച്ചിട്ടുണ്ട്.
2013 ഫെബ്രുവരി 27ന് ചെന്നൈയിലുള്ള വീട്ടിലെ പൂജാമുറിയില്‍ നിലവിളക്ക് കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ സുകുമാരിക്ക് പൊള്ളലേറ്റു. നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ സുകുമാരി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന്
ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയെങ്കിലും മാര്‍ച്ച് 26ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു,
1974ല്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് സുകുമാരിക്കു ലഭിച്ചു.1978 ല്‍ വീണ്ടും വിവിധ ചിത്രങ്ങളിലെ മികച്ച ചിത്രങ്ങളിലെ പ്രകടനം വിലയിരുത്തി മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സുകുമാരിയെ തേടിയെത്തി.1985ല്‍ പത്മരാജന്‍റെ “അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ എന്ന ചിത്രത്തിലെ വേശ്യാലയം നടത്തിപ്പുകാരിയുടെ വേഷപ്പകര്‍ച്ചയ്ക്ക് വീണ്ടും സഹനടിക്കുള്ള ബഹുമതി.1979ല്‍ ഐ.വിശശിയുടെ “ഏഴുനിറങ്ങളിലെ’ പ്രകടനത്തിന് സഹനടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ് നേടിയ അവര്‍ തുടര്‍ന്ന് 1982(ചിരിയോ ചിരി), 85(അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍), എന്നീ വര്‍ഷങ്ങളിലും അവാര്‍ഡ് നേടി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഈ അതുല്യ പ്രതിഭയുടെ ആജീവനാന്ത സംഭാവനകളെ മാനിച്ച് 2002ല്‍ സൂര്യ ജൂബിലിയോടനുബന്ധിച്ചു നടത്തിയ ഗുരുപൂജയില്‍ ആദരവും ഫിലിം ക്രിട്ടിക്സിന്‍റെ ചലച്ചിത്രരത്നം പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Post Your Comments