ലോകസിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റായ ചിത്രമാണ് ദ ഗോഡ്ഫാദര്‍. 1972ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ഒരു ക്രൈം ഡ്രാമ സിനിമയായ ദ ഗോഡ്‌ഫാദർ സംവിധാനം ചെയ്തത് ഫ്രാൻസിസ് ഫോർഡ് കൊപ്പോള ആണ്. ഇതേപേരിൽ 1969ൽ മരിയോ പുസോ രചിച്ച നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. മാർലൻ ബ്രാണ്ടോ, അൽ പച്ചീനോ, ജെയിംസ് കാൻ, റിച്ചാർഡ് എസ്. കാസ്റ്റെലാനോ, റോബർട്ട് ഡുവൽ, സ്റ്റെർലിങ്ങ് ഹെയ്ഡൻ, ജോൺ മാർലി, ഡയാന കെയ്റ്റൺ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്.
സിനിമാ ചരിത്രത്തിൽ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിലാണ് ദ ഗോഡ്ഫാദർ എണ്ണപ്പെടുന്നത്. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ “100 വർഷങ്ങൾ…100 ചലച്ചിത്രങ്ങൾ…” എന്ന പട്ടികയുടെ 10-ആം വാർഷികപ്പതിപ്പിൽ മികച്ച ചിത്രങ്ങളിൽ രണ്ടാമതായാണ് ഈ ചലച്ചിത്രം സ്ഥാനംപിടിച്ചിരിക്കുന്നത്. രണ്ട് തുടർചിത്രങ്ങൾ പിന്നീട് നിർമ്മിക്കപ്പെട്ടു. ദ ഗോഡ്ഫാദർ പാർട്ട് II 1974ലും ദ ഗോഡ്ഫാദർ പാർട്ട് III 1990ലും.
ഒരു സാങ്കൽപ്പിക മാഫിയകുടുംബമായ കോർലിയോൺ കുടുംബത്തിന്റെ കഥയാണ് ഈ ചലചിത്രം പറയുന്നത്. ഇറ്റാലിയൻ-അമേരിക്കൻ കുടുംബത്തിലെ കഥ 1945 മുതൽ 1955 വരെയുള്ള ഒരു ദശകത്തിലൂടെ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗോഡ്ഫാദർ എന്ന് അറിയപ്പെടുന്ന ഡോൺ വിറ്റോ കോർലിയോൺ എന്ന മാഫിയാ തലവനെയാണ് മാർലൻ ബ്രാണ്ടോ അവതരിപ്പിക്കുന്നത്. ഇയാളുടെ മകനായ മൈക്കൾ കോർലിയോണിയെ അൽ പച്ചീനോയും അവതരിപ്പിക്കുന്നു. തുടക്കത്തിൽ കുടുംബത്തിന്റെ മാഫിയാ ബിസിനസിൽ താത്പര്യമില്ലാതിരുന്ന മൈക്കൽ പല സാഹചര്യങ്ങൾ മൂലം കഠിനഹൃദയനായ മാഫിയാ നേതാവായി പരിണമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
മികച്ച ചിത്രം, മികച്ച നടൻ, മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേ എന്നീ വിഭാഗങ്ങളിൽ ഈ സിനിമ അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ ഈ ചിത്രം അഞ്ച് ഗോൾഡൻ ഗ്ലോബ് അവാർഡ്, ഒരു ഗ്രാമ്മി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയുണ്ടായി. മണിരത്നം ചിത്രമായ നായകന്‍, രം ഗോപാല്‍ വര്‍മ്മ ഒരുക്കിയ സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗോഡ്ഫാദർ പ്രചോദനമായി.
Post Your Comments