പ്രവീണ്‍.പി നായര്‍
എഡിറ്റര്‍ എന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് മഹേഷ് നാരായണന്‍. രാജേഷ് പിള്ള സംവിധാനം ചെയ്ത ‘മിലി’ എന്ന സിനിമയുടെ രചയിതാവായും മഹേഷ് നാരായണന്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്കിടെയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.ടേക്ക് ഓഫ് എന്ന തന്‍റെ ആദ്യ സംവിധാന സംഭരംഭവുമായിട്ടാണ് മഹേഷ് നാരായണന്‍ ഈ വേനലവധിക്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറാഖില്‍ ഐ.എസ്. ഭീകരരുടെ പിടിയിലായ മലയാളി നഴ്സ്മാരുടെ സംഭവത്തെ മുന്‍നിര്‍ത്തിയാണ് മഹേഷ് നാരായണന്‍ ടേക്ക് ഓഫ് എന്ന ചലച്ചിത്രമൊരുക്കിയിരിക്കുന്നത്.
ടേക്ക് ഓഫ് എന്ന ചിത്രത്തെ പ്രേക്ഷകരിലേക്ക് ആകര്‍ഷിച്ച് നിര്‍ത്തുന്നതിലുള്ള പ്രധാന കാരണം ഇതിന്‍റെ സബ്ജക്റ്റാണ്. യാഥാര്‍ത്ഥ ജീവിത കഥകളെ ആസ്പദമാക്കി പറയുന്ന സിനിമകളോട് മലയാളി പ്രേക്ഷകര്‍ വേഗത്തില്‍ അടുക്കാറുണ്ട്. 2014-ല്‍ എല്ലാ ഇന്ത്യക്കാരെയും ഭീതിയിലാഴ്ത്തിയ ഈ സംഭവം സിനിമയാകുമ്പോള്‍ അത് കാണാനുള്ള പ്രേക്ഷകന്‍റെ വികാരവും വലിയ തോതില്‍ വര്‍ദ്ധിക്കും. അന്തരിച്ച മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ രാജേഷ് പിള്ളയുടെ സ്വപ്ന സിനിമയെന്ന നിലയിലും ടേക്ക് ഓഫ് പ്രേക്ഷകര്‍ക്കിടെയില്‍ സ്വീകാര്യത നേടിയിരുന്നു. ചെറുകഥാകൃത്തായ പി.വി ഷാജികുമാറാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
‘കന്യക ടാക്കീസ്’ എന്ന സിനിമയ്ക്ക് വേണ്ടിയും ഷാജികുമാര്‍ തൂലിക ചലിപ്പിച്ചിട്ടുണ്ട്. ഈ വിഷയം ചര്‍ച്ച ചെയ്യാനെടുത്തത് എക്സിപീരിയന്‍സുള്ള സംവിധായകനോ എഴുത്തുകാരനോ അല്ല.അതിന്‍റെ പരിമിതികള്‍ ഉള്‍ക്കൊണ്ടുവേണം സിനിമാ ആസ്വാദിക്കാന്‍ ഇരിക്കേണ്ടതെന്ന് ആദ്യമേ തീരുമാനമെടുത്തിരുന്നു.
വിവാഹമോചനം നേടി നില്‍ക്കുന്ന നഴ്സ് സമീറയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് സിനിമ ആരംഭിക്കുന്നത്. കുടുംബ പ്രാരാബ്ദങ്ങള്‍ തീര്‍ക്കാന്‍ നെട്ടോട്ടമോടുന്ന മുപ്പത്തൊന്നുകാരി പെണ്ണാണ് സമീറ. ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇറാഖിലേക്ക് ജോലി തേടുന്ന സമീറയുടെ ജീവിതത്തിലേക്ക് സഹപ്രവര്‍ത്തകനായ ഷഹീദ് കടന്നു വരുന്നു. സമീറ ഷഹീദിനെ ആദ്യം അവഗണിക്കുന്നെങ്കിലും, പിന്നീടു ഷഹീദിന്റെ ഇഷ്ടം മനസിലാക്കുന്ന സമീറ അയാളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നു. പിന്നീടു ഇരുവരും ഒന്നിച്ച് ഇറാഖിലേക്ക് പറക്കുന്നു തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സമീറയ്ക്കൊപ്പം തന്‍റെ ആദ്യ ഭര്‍ത്താവിലുണ്ടായ മകന്‍ ഇബ്രാഹിം എന്ന ‘ഇബ്രു’ കൂടി ഇറാഖില്‍ എത്തുന്നതോടെ കഥ അതിന്‍റെ സങ്കീര്‍ണ്ണ തലങ്ങളിലേക്ക് കടക്കുന്നു.
ആദ്യപകുതിയില്‍ നിരവധി നല്ല മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം കടന്നു പോകുന്നത്. സമീറയുടെ പ്രാരാബ്ദ ജീവിതവും, സമീറയോട് ഇഷ്ടം തുറന്നു പറയുന്ന ഷാഹിദിന്റെ പ്രണയ വികാരവുമൊക്കെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന തരത്തില്‍ അടയാളപ്പെടുന്നുണ്ട്. സമീറയുടെ ജീവിത ചുറ്റുപാട് മനോഹരമായ രീതിയില്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്. സമീറ ഷാഹിദിന്റെ ഇഷ്ടം അംഗീരിക്കുന്ന രംഗ ചിത്രീകരണവും ഏറെ മികവു പുലര്‍ത്തി. ആദ്യ പകുതിയുടെ അവസാനത്തോടടുക്കുമ്പോള്‍ പാര്‍വതി ചെയ്ത സമീറയുടെ കഥാപാത്രം മനസ്സില്‍ തെളിഞ്ഞു കിടക്കും.
ഐ.എസ് ഭീകരരുടെ ആക്രമണമാണ് രണ്ടാം പകുതിയില്‍ സിനിമ പങ്കുവെയ്ക്കുന്നത്. ത്രില്ലിംഗ് എന്ന നിലയില്‍ സിനിമ കൂടുതല്‍ മികവ് പുലര്‍ത്തുന്നില്ലെങ്കിലും പറയുന്ന വിഷയത്തോട് ചിത്രം പൂര്‍ണ്ണമായി യോജിച്ചു നില്‍ക്കുന്നു. ആസ്വാദനത്തിനു മങ്ങലേല്‍ക്കാത്ത വിധമാണ് മഹേഷും കൂട്ടരും ചിത്രത്തെ അണിയിച്ചൊരുക്കിയത്. ഒരു നവഗാത സംവിധായകന്‍റെ പോരായ്മകള്‍ പല സീനുകളിലും നിഴലിക്കുന്നുണ്ട് . സമീറയെന്ന കഥാപാത്രത്തെ മാത്രം സിനിമ കൂടെ കൂട്ടുമ്പോള്‍ കൂടെയുള്ള നഴ്സുമാരുടെ കഥാപാത്രങ്ങളിലൂടെയൊന്നും സിനിമ കാര്യമായി കടന്നു പോയിട്ടില്ല . ഭീകരരുടെ പിടിയിലാകുന്ന അവരുടെ മാനസിക നിലയെ ഭീതിയോടെ അവതരിപ്പിക്കാതെ കൂളായി ചിത്രീകരിച്ചത് മുഴച്ചു നില്‍ക്കുന്ന പോരായ്മയായി തോന്നി. എന്ത് പ്രശ്നമുണ്ടായാലും ശമ്പളം കിട്ടാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് നഴ്സ്മാരില്‍ ചിലര്‍ വാശി വാശി പിടിക്കുന്നതൊക്കെ കൃത്രിമമായ രംഗ ചിത്രീകരണം പോലെ അനുഭവപ്പെട്ടു. എഡിറ്റര്‍ എന്ന നിലയില്‍ പരിചയസമ്പന്നനായ മഹേഷ് നാരായണന്‍ ഒരു സ്വന്തന്ത്ര സംവിധായകനെന്ന നിലയില്‍ കാലെടുത്തു വെയ്ക്കുമ്പോള്‍ ചില പോരായ്മകള്‍ സംഭവിച്ചിട്ടുണ്ട്, എന്നിരുന്നാലും സിനിമയില്‍ പങ്കുവെച്ച ആഴമുള്ള വിഷയത്തെ മാനിച്ച് മഹേഷ് നാരായണന് ആയിരം കയ്യടി നല്‍കുന്നു.
വിഷയത്തിന് യോജ്യമാംവിധം നല്ല തിരക്കഥ തയ്യാറാക്കിയ പി.വി ഷാജികുമാറും അഭിനന്ദന പട്ടികയില്‍ ഇടം പിടിക്കുന്നുണ്ട്. സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും ഇന്ത്യയെന്ന വികാരത്തെ കൂടെ ചേര്‍ത്താണ് തിയേറ്റര്‍ വിടുന്നത്. മോചിപ്പിക്കപ്പെട്ട ദൈവത്തിന്‍റെ മാലാഖമാരെ ഓരോ പ്രേക്ഷകനും ഹൃദയം കൊണ്ട് തൊടുന്നിടത്ത് ടേക്ക് ഓഫ് ടോപ് ആകുന്നു. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം ഇവിടെ നിന്ന് എണ്ണിത്തുടങ്ങാം. ഇത് നമ്മുടെ സിനിമയാണ്, ഒന്നിച്ചിരുന്ന്‍ കയ്യടികളോടെ വിജയിപ്പിക്കേണ്ട ഒന്നാംതരം സിനിമയാണ് ടേക്ക് ഓഫ്.
ഭീകരരുടെ പിടിയില്‍ നിന്ന് മലയാളി നഴ്സുമാരെ മോചിപ്പിക്കാന്‍ കാര്യമായ ഇടപെടല്‍ നടത്തിയ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും, അന്നത്തെ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിക്കും സ്ക്രീനില്‍ നന്ദി എഴുതി കാണിക്കുമ്പോള്‍ അരാഷ്ട്രീയത ഉള്ളില്‍ നിറഞ്ഞവരും അവര്‍ക്ക് വേണ്ടി അറിയാതെ കയ്യടിച്ചു പോകും.
പ്രകടനത്തിന്‍റെ കാര്യത്തില്‍ പാര്‍വതി പക്വമായ അഭിനയത്തോടെ മുന്നില്‍ നില്‍ക്കുന്നുണ്ട്. സമീറയെ അതിശയമെന്നോണം ആസാധ്യമാക്കിയിട്ടുണ്ട് പാര്‍വതിയിലെ നടി.മൊയ്തീനിലെ കാഞ്ചനമാലയില്‍ നിന്ന് ഭര്‍ത്താവിനെ സ്നേഹിക്കുന്ന ഭാര്യയായും, മകനെ സ്നേഹിക്കുന്ന അമ്മയായും പാര്‍വതി എന്ന നടി മലയാള സിനിമയിലേക്ക് ഏകപക്ഷീയമായി മുന്നേറുന്നുണ്ട്. അതിശയിപ്പിക്കുന്ന അഭിനയമില്ലെങ്കിലും പ്രേക്ഷകനെ ഇഷ്ടപ്പെടുത്തുന്ന അഭിനയ രീതിയാണ് കുഞ്ചാക്കോ ബോബന്‍റെത്. തന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന നിലയിലാകും കുഞ്ചാക്കോ ബോബന്‍റെ ടേക്ക് ഓഫിലെ കഥാപാത്രം ശ്രദ്ധിക്കപ്പെടാന്‍ പോകുന്നത്. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥനായി വേഷമിടുന്ന ഫഹദിന്‍റെ കഥാപാത്രം റിയല്‍ സ്റ്റോറിയില്‍ നിന്ന് ഉള്‍ക്കൊണ്ടു ചിത്രീകരിച്ചതാണ്. ഫഹദില്‍ മനോജ് എന്ന കഥാപാത്രം ഭദ്രമായിരുന്നു. ഫാന്‍സിന്റെ മുറവിളികള്‍ ഒന്നും ഇല്ലാതെ സ്ക്രീനില്‍ തരംഗമുണര്‍ത്തുന്ന മിടുക്കനായ നടനാണ് ഫഹദ്. താരത്തിന്‍റെ കുപ്പായം ഉപേക്ഷിച്ചു നല്ല സിനിമകളുടെ ഭാഗമാകുന്ന ഫഹദെന്ന നല്ല നായകന്‍ ഇനിയും മികച്ച അഭിനയത്തോടെ പ്രേക്ഷകരെ വിസ്മയിപ്പിക്കട്ടെ. ചിത്രത്തില്‍ പാര്‍വതിയുടെ മകനായി വേഷമിട്ട ബാല താരത്തിന്‍റെ പ്രകടനം ഭേദപ്പെട്ട നിലവാരം പുലര്‍ത്തി. സ്വാഭാവിക അഭിനയത്തില്‍ നിന്ന് കുട്ടിത്താരം അല്‍പം അകന്നു നിന്നെങ്കിലും തനിക്ക് ലഭിച്ച ഇബ്രുവെന്ന കഥാപാത്രം ഈ കൊച്ചു മിടുക്കന്‍ മികച്ചതാക്കിയിട്ടുണ്ട്. പ്രേം പ്രകാശ്, അലൻസിയർ, പാര്‍വതി, അഞ്ജലി അനീഷ് ഉപാസന, മേരി തോമസ്, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
സാനു ജോൺ വർഗ്ഗീസാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. വളരെ മികച്ച രീതിയില്‍ തന്നെ ഏല്‍പ്പിച്ച ജോലി സാനു ജോൺ വർഗ്ഗീസ് ചെയ്തു തീര്‍ത്തിട്ടുണ്ട്. ഗോപി സുന്ദറും ഷാൻ റഹ്മാനും ചേർന്നൊരുക്കിയ ഗാനങ്ങൾ കേള്‍വി സുഖം പകര്‍ന്നു. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം ഹൃദ്യമായിരുന്നു.
അവസാന വാചകം
സംഭവ കഥയെ സുന്ദരമാക്കിയ ടേക്ക് ഓഫ് ടീമിന് ഇരിക്കട്ടെ ഒരായിരം കുതിര പവന്‍. കാലങ്ങളോളം മനസ്സിലിരിക്കുന്ന ഈ കലാസൃഷ്ടിക്കരികില്‍ കാഴ്ച്ചക്കാരനായില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയാണ്.
Post Your Comments