മലയാള സിനിമയിൽ ശക്തമായ സാന്നിദ്ധ്യമാണ് ടൊവിനോ തോമസിന് . എന്നാല്‍ ടൊവിനോ തോമസിന്‍റെ അഭിനയത്തെ കുറിച്ചുള്ള കാഴ്ചപാട് എന്തെന്ന് അറിയണ്ടേ ? ഞാൻ വന്നിരിക്കുന്നത് മത്സരിക്കാനല്ല. ആരെയെങ്കിലും വെട്ടിച്ച് മുന്നിലെത്തണമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. ബാക്കിയെല്ലാവരും നല്ല രീതിയിൽ നിന്നാലും എന്റെ സ്പേസ് ഇവിടെത്തന്നെയുണ്ടാകും.
സ്വന്തം ജോലി വൃത്തിയായി ചെയ്യുകയാണ് പ്രധാനം.ഓരോ കഥാപാത്രവും അതിന് അനുയോജ്യരായവർ ചെയ്യുമ്പോൾ നന്നായിരിക്കും. നല്ലതെല്ലാം എനിക്ക് വേണമെന്ന് പറയുന്നത് ശരിയല്ലല്ലോ. എല്ലാവരും ചേർന്ന് ഇൻഡസ്ട്രിയെ വളർത്തിക്കൊണ്ടു വരുന്നതായിട്ടാണ് തോന്നുന്നത്. ആർക്കും ഒറ്റയ്ക്ക് നിലനില്പില്ല.
അപ്രതീക്ഷിതമായി എന്നെ സഹായിച്ച അപരിചിതർ പോലുമുണ്ട്. നായകറോൾ മാത്രമേ ചെയ്യുകയുള്ളൂവെന്നൊന്നുമില്ല. നായകനായിട്ട് അഭിനയിക്കുന്ന സിനിമ നാട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്ത് ചെയ്യും?എനിക്ക് വേറെ തൊഴിലൊന്നും അറിയുകയുമില്ല. അതുകൊണ്ട് നായക വേഷമാണോയെന്നു നോക്കിയല്ല സിനിമകളെ വേർതിരിക്കുന്നത്.
നല്ല സിനിമയാണോ മോശം സിനിമയാണോ എന്നതാണ് പ്രധാനം. ഓരോ അഭിനേതാക്കൾക്കും ഓരോ രീതിയാണ്. ജന്മവാസന ഉണ്ടെങ്കിൽ നല്ലതാണ്. കഠിനാദ്ധ്വാനം ഉണ്ടെങ്കിലും നല്ലതാണ്. ഇത് കൂടിയും കുറഞ്ഞും നിൽക്കും. അടിസ്ഥാനപരമായി അഭിനയിക്കാൻ അറിയണം. എന്നാലേ വിജയം നേടാൻ കഴിയൂ.
കടപ്പാട് ഒരുപാട് പേരോടുണ്ട്. ഉദാഹരണത്തിന് എന്റെ ചേട്ടൻ. ജോലിയിൽ നിന്ന് രാജിവച്ച സമയത്ത് സാമ്പത്തികമായും മാനസികമായും ഏറ്റവും പിന്തുണച്ചത് ചേട്ടനാണ്. എങ്ങനെയാണ് സിനിമയിൽ ചാൻസ് ചോദിക്കേണ്ടതെന്ന് പറഞ്ഞു തന്നത് ജിജോയ് പി.ആർ എന്ന നാടക പ്രവർത്തകനാണ്. അദ്ദേഹം പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ അദ്ധ്യാപകനാണ്.
പൗലോ കൊയ്ലോ ആൽക്കമിസ്റ്റിൽ പറഞ്ഞതു പോലെ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് യാഥാർത്ഥ്യമാക്കാൻ പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കും. അതെന്റെ കാര്യത്തിൽ സത്യമാണ്.
Post Your Comments