പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ വക്കീല്‍ നോട്ടീസ് അയച്ച പ്രശ്നത്തില്‍ ഇളയരാജയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സഹോദരനും സംഗീത സംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരന്‍ രംഗത്ത്. താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ അനുവാദം കൂടാതെ വിവിധ വേദികളില്‍ ആലപിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. എസ്പി ബാലസുബ്രഹ്മണ്യം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സംഭവം വെളിപ്പെടുത്തിയത്. പകര്‍പ്പാവകാശം ലംഘിച്ചതിനാല്‍ തങ്ങള്‍ വലിയ തുക അടയ്‌ക്കേണ്ടിവരുമെന്നു നോട്ടീസിലുണ്ടെന്നു എസ്പിബി പറയുന്നു.
ഇളയരാജയുടെ അഹങ്കാരവും പണത്തിനോടുള്ള ആര്‍ത്തിയുമാണ് ഇതിന് കാരണമെന്ന് ഗംഗൈ അമരന്‍ പറയുന്നു. ഒരു ടെലിവിഷന്‍ ചാനലിലാണ് ഗംഗൈ അമരന്‍ ഈ പ്രശ്നത്തില്‍ ഇളയരാജയെ രൂക്ഷമായി വിമര്‍ശിച്ചത്. എം.എസ്. വിശ്വനാഥന്റെ ഈണങ്ങളും ത്യാഗരാജ കീര്‍ത്തനങ്ങളും നാം കോപ്പിയടിച്ചിട്ടുണ്ട്. ഇതിന് എന്തെങ്കിലും റോയല്‍റ്റി നല്‍കിയിട്ടുണ്ടോ? വളരെ ബാലിശമാണ് ഇളയരാജയുടെ ആവശ്യമെന്നും ഗംഗൈ അമരന്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗംഗൈ അമരന്‍ രാഷ്ട്രീയ താല്‍പ്പര്യത്തിനു വേണ്ടിയാണ് ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നതെന്നു വിമര്‍ശനം ഉണ്ട്.
Post Your Comments