CinemaFilm ArticlesIndian Cinema

മലയാള സിനിമയില്‍ വില്ലത്തികളായി വിലസിയ നായികമാരും അവരുടെ കഥാപാത്രങ്ങളും- ഒരവലോകനം

 

സിനിമ എപ്പോഴും നായക പ്രധാന്യത്തോടെ നില്‍ക്കുന്ന കലയാണ്‌. അതുകൊണ്ട് തന്നെ സര്‍വ്വഗുണ സമ്പന്നനായ, അതിമാനുഷിക ശക്തിയുള്ള നായകന്മാര്‍ക്ക് ശക്തരായ പ്രതിനായകന്മാര്‍ ചിത്രത്തില്‍ ഉണ്ടാകും. മലയാള സിനിമ ചരിത്രം പരിശോധിച്ചാല്‍ വളരെക്കുറച്ചു പ്രതിനായികാ കഥാപാത്രങ്ങള്‍ വന്നിട്ടുള്ളുവെന്ന് മനസിലാക്കാം. ചട്ടമ്പിയായ ചട്ടമ്പികല്യാണിയും ബീഡിക്കുഞ്ഞമ്മയുമെല്ലാം അരങ്ങുതകര്‍ത്ത മലയാള സിനിനിമയില്‍ പ്രതിനായികമാര്‍ വിരളമാണ്.

ഇപ്പോള്‍ തിയേറ്ററില്‍ ഒരു പ്രതിനായികാ പരിവേഷമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് തമിഴ് നടി അമ്മു രാമചന്ദ്രന്‍. വെള്ളിയാഴ്ച തീയേറ്ററിലെത്തിയ ഒരു മലയാളം കളര്‍പടം എന്ന സിനിമയിലാണ് വില്ലത്തിയായി അമ്മു രാമചന്ദ്രന്‍ ശ്രദ്ധേയയാകുന്നത്. ഒരു ഗുണ്ടാ സംഘത്തിന്റെ നേതാവായ സേതു അക്ക എന്ന കഥാപാത്രത്തെയാണ് അമ്മു രാമചന്ദ്രന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗുണ്ടാത്തലവനായ ഭര്‍ത്താവിനെ കൊന്നവരോട് പകരം ചോദിക്കുന്ന കഥാപാത്രമാണ് സേതു അക്ക.

പുതുമുഖം മനു ഭദ്രന്‍ നായകനായ ചിത്രത്തില്‍ മികച്ച സഹനടിക്കുള്ള അവാര്‍ഡ് നേടിയ അഞ്ജലി, ശില്‍പ്പ എന്നിവര്‍ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമ്മു രാമചന്ദ്രന്‍, നിര്‍മല്‍ പാലാഴി, മുരുകന്‍, ലിന്‍സ്, യുവന്‍, ടീന, പഴയകാല നടന്‍ ജോസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അജിത് നമ്പ്യാരാണ് ഒരു മലയാളം കളര്‍പടം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബീമാ പ്രൊഡക്ഷന്റെ ബാനറില്‍ സഞ്ജു എസ് സാഹിബാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സിനിമകളില്‍ ഇപ്പോഴും രണ്ടു സ്ത്രീരൂപങ്ങള്‍ കാണും. ഒന്ന് സര്‍വ്വഗുണ സമ്പന്നയായ, പതിവ്രതയായ ഭാര്യ/ കാമുകി, മാറ്റൊന്നു അസൂയയും കുശുമ്പും പിടിച്ചതും അവിഹിതങ്ങളെ സ്നേഹിക്കുന്നതുമായ കുലടതയുള്ള ഒരു സ്ത്രീയും. ഇടത്തരം സ്ത്രീകള്‍ക്കിടയില്‍ മലയാള സിനിമയില്‍ വന്ന ശ്രേദ്ധേയമായ വില്ലത്തികളില്‍ ചിലരെ പരിചയപ്പെടാം.

വില്ലത്തികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരുമ്പോള്‍ ആദ്യം മുന്നില്‍ വരുന്നത് തന്നില്‍ നിന്നും തട്ടിപ്പറിച്ച സ്നേഹത്തെ എന്തുവിലകൊടുത്തും സ്വന്തമാക്കുന്ന സ്ത്രീകളാണ്. അതിനു ഉദാഹരണങ്ങളാണ് പ്രിയാമണി ഇരട്ടവേഷത്തില്‍ എത്തിയ ചാരുലതയും കാവ്യാ മാധവന്‍ ഇരട്ട വേഷത്തിലെത്തിയ നാദിയ കൊല്ലപ്പെട്ട രാത്രിയും കീര്‍ത്തി സുരേഷ് ഇരട്ട വേഷം ചെയ്ത ഗീതാഞ്ജലിയും.

സയാമീസ് ഇരട്ടകളായി പ്രിയാമണി എത്തുന്ന ചാരുലതയില്‍ സയാമീസ്‌ ഇരട്ടകളില്‍ ഒരാള്‍ പാവമെങ്കില്‍ തികച്ചും വിപരീത സ്വഭാവമുള്ളയാളാണ്‌ രണ്ടാമത്തെ കഥാപാത്രം. സയാമീസ്‌ ഇരട്ടകളായ പെണ്‍കുട്ടികള്‍ ഒരു യുവാവിനെ പ്രണയിക്കുന്നു. എന്നാല്‍ ഈ യുവാവിന്‌ ഇവരില്‍ ഒരാളോട്‌ മാത്രമേ പ്രണയമുള്ളൂ. ഇതില്‍ അസൂയാലുവായ രണ്ടാമത്തെ കഥാപാത്രം ചില അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുന്നു. പരസ്പരം മനസ്സുകൊണ്ട്‌ അകലുന്ന ഇവര്‍ ഒടുവില്‍ രണ്ടാകാന്‍ തീരുമാനിക്കുന്നു. സയാമീസ്‌ ഇരട്ടകളെ വിഭജിക്കാനുള്ള ശസ്ത്രക്രിയക്കിടെ ഇതില്‍ ഒരാള്‍ കൊല്ലപ്പെടുന്നു. എന്നാല്‍ മരിച്ചത് ആരാണെന്നു വെളിപ്പെടുത്താതെ കാമുകനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. പൊന്‍ കുമാരനാണ്‌ ചിത്രം സംവിധാനം ചെയ്തത്.

കെ മധു സംവിധാനം ചെയ്തത ചിത്രമാണ് നാദിയ കൊല്ലപ്പെട്ട രാത്രി . നാദിയയും നാദിറയും ഇരട്ട സഹോദരിമാരാണ്. നാദിയ അന്താരാഷ്‍ട്ര ഷൂട്ടിംഗ് താരമാണ്. നാദിറ നര്‍ത്തകിയും. ഒരു ട്രെയിന്‍‌ യാത്രയില്‍ നാദിയ അപകടത്തില്‍ പെടുന്നു. മറ്റു ചിലരും ട്രെയിനില്‍ കൊല്ലപ്പെടുന്നു. കേസ് അന്വേഷിക്കാന്‍ എത്തുന്നത് ഷറഫുദ്ദീന്‍‌ ഐപിഎസ് ആണ്. മറ്റു കൊലപാതകങ്ങള്‍ തെളിയിക്കപ്പെട്ടുവെങ്കിലും വളരെ ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞാകുന്നു നാദിയയ്‍ക്കെതിരെയുള്ള കൊലപാതക ശ്രമം. കേസ് അന്വേഷണത്തിന്‍ ഒടുവില്‍ ആ സത്യം ഷറഫുദ്ദീന്‍‌ ഐപിഎസ് തിരിച്ചറിയുന്നു. നാദിയയല്ല. നാദിറയാണ് അപകടത്തില്‍ പെട്ടത്. മലയാളികളുടെ ഇഷ്ട നായിക കാവ്യാ മാധവനാണ് ക്രിമിനല്‍ സ്വഭാവമുള്ള നാദിയയായും നാദിറയായും വേഷമിട്ടത്.

ഇതിനു സമാനയായ മറ്റൊരു കഥാപാത്രമാണ് ഗീതാഞ്ജലിയിലെ ഗീത. മണിച്ചിത്രത്താഴിലെ ഡോ സണ്ണിയായി മോഹന്‍ലാല്‍ വീണ്ടും എത്തിയ ചിത്രമാണ് ഗീതാഞ്ജലി. ചിത്രത്തിലെ ഇരട്ടസഹോദരിമാരാണ് അഞ്ജലിയും ഗീതയും. ഇതില്‍ ഗീത മരിക്കുന്നു. ഗീതയുടെ പ്രേതബാധയേറ്റ അഞ്ജലിയെ ചികിത്സിക്കാന്‍ ഡോ സണ്ണിയെത്തുന്നു. ക്രിമിനല്‍ സ്വഭാവമുള്ള ഗീത ഒരു വാഗ്വാദത്തിനിടയ്‍ക്ക് അഞ്ജലിയെ കൊല്ലുകയാണ് ചെയ്‍തതെന്നും ശരിക്കും ജീവിച്ചിരിക്കുന്നത് ഗീതയാണെന്നും ഡോ സണ്ണി കണ്ടെത്തുന്നു. മറഞ്ഞിരുന്ന വില്ലത്തിയായ ഗീതയെയും അഞ്ജലിയെയും അവതരിപ്പിച്ചിരിക്കുന്നത് കീര്‍ത്തി സുരേഷ് ആണ്. 2013ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്‍തത് പ്രിയദര്‍ശന്‍ ആണ്.

സ്‍നേഹം നടിച്ച് സ്വത്തിനും പണത്തിനും വേണ്ടി കൊല്ലാന്‍ ശ്രമിക്കുന്ന സുന്ദരിയായ സ്ത്രീകള്‍ സിനിമയില്‍ ധാരാളമുണ്ട്. പ്രേക്ഷകര്‍ മറക്കാത്ത ഒരു കഥാപാത്രമാണ് ബ്യൂട്ടിഫുള്‍ എന്നാ ചിത്രത്തില്‍ തളര്‍ച്ച മൂലം പൂര്‍ണ്ണമായി കിടപ്പിലായ സ്റ്റീഫന്‍ ലൂയിസിനെ പരിചരിക്കാനെത്തുന്ന സുന്ദരിയായ ഹോം നേഴ്‍സ്. തന്റെ കാമുകന്റെ നിര്‍ദ്ദേശ പ്രകാരം സ്റ്റീഫന്‍ ലൂയിസിനോട് സ്‍നേഹം നടിച്ച് അയാളെ കൊല്ലാന്‍ ശ്രമിക്കുകയാണ് ഹോം നേഴ്‍സ്. കഥാന്ത്യത്തില്‍ മാത്രമാണ് ഹോം നേഴ്‍സിന്റെ വില്ലത്തരം വെളിവാകുന്നത്. മേഘ്‍നാ രാജാണ് ഹോം നഴ്‍സിനെ അവതരിപ്പിച്ചിരിക്കുന്നത്. അനൂപ് മേനോന്റെ തിരക്കഥയില്‍ വി കെ പ്രകാശ് സംവിധാനം ചെയ്‍ത ചിത്രം 2011ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇത്തരം കഥാപാത്രങ്ങള്‍ മംമ്ത മോഹന്‍ദാസിന്റെ ലങ്ക തുടങ്ങിയ ചിത്രങ്ങളില്‍ കാണാവുന്നതാണ്.

ഇത്തരം വില്ലത്തികളില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഇഞ്ചിമ്മൂട് ഗാന്ധാരി. മലയാളത്തിലെ എവര്‍ഗ്രീന്‍ ചിത്രം തേന്‍മാവിന്‍ കൊമ്പത്തെ ഇഞ്ചിമ്മൂട് ഗാന്ധാരി ശ്രീകൃഷ്‍ണനെന്ന നാട്ടുപ്രമാണിയെയും കുടുംബത്തെയും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ്. പക്ഷേ എന്നും പരാജയപ്പെടാനാണ് ഇഞ്ചിമ്മൂട് ഗാന്ധാരിയുടെ വിധിയെന്ന് മാത്രം. സുകുമാരിയാണ് ഇഞ്ചിമ്മൂട് ഗാന്ധാരിയെ അവതരിപ്പിച്ചിരിക്കുന്നത്. 1994ല്‍ പ്രദര്‍ശനത്തിനെത്തിയ തേന്‍മാവിന്‍ കൊമ്പത്ത് സംവിധാനം ചെയ്‍തിരിക്കുന്നത് പ്രിയദര്‍ശന്‍ ആണ്.

സ്ത്രീ കഥാപാത്രങ്ങള്‍ മാത്രമായി വന്ന രാക്കിളിപ്പാട്ട്, ഗേള്‍സ്‌ എന്നീ ചിത്രങ്ങള്‍ വിജയമായിരുന്നില്ല. ഒരുപക്ഷേ ഹാസ്യ, നായികാ പദവികളില്‍ വിലസുന്ന നായികമാര്‍ വില്ലത്തിയാകുന്നത് ഇഷ്ടമല്ലാത്തത് കൊണ്ടാകും അത്തരം ചിത്രങ്ങളും ജനപ്രിയ ചിത്രങ്ങളും സ്ത്രീയെ മികച്ച വില്ലന്‍ വേഷത്തില്‍ ആവിഷ്കരിക്കാത്തത്.

shortlink

Related Articles

Post Your Comments


Back to top button