CinemaGeneralIndian CinemaMollywoodNEWS

കോൺഗ്രസിൽ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയുമെല്ലാം തീരുമാനിക്കുന്നത് ജാതി അടിസ്ഥാനത്തില്‍; പാര്‍ട്ടിയെ നിശിതമായി വിമര്‍ശിച്ച് രഞ്ജി പണിക്കര്‍

 

മലയാളത്തില്‍ ശക്തമായ രാഷ്ട്രീയ കഥാപാത്രങ്ങള്‍ സൃഷ്ടിച്ച കൂട്ടുകെട്ടാണ് രഞ്ജി പണിക്കര്‍- ഷാജികൈലാസ് ടീം. ഇത് വഴി നിരവധി വിമര്‍ശനങ്ങളും ഭീഷണികളും ഏറ്റുവാങ്ങിയ തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍ ഇപ്പോള്‍ മികച്ച അഭിനേതാവും പാട്ടുകാരനുമാണെന്ന പേര് സ്വന്തമാക്കി. വ്യക്തമായ ഒരു രാഷ്ട്രീയ ബോധമുള്ള രഞ്ജി പണിക്കര്‍ കേരളത്തിലെ,ദേശീയ തലത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കേരളത്തില്‍ കോൺഗ്രസിൽ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയുമെല്ലാം തീരുമാനിക്കുന്നത് ജാതി അടിസ്ഥാനത്തിലാണെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരു നേതാവിന്റെ ജാതിയെ ബാലൻസ് ചെയ്യാൻ വേറൊരു ജാതിയിലുള്ള ആളിനെ മറ്റൊരു അധികാര സ്ഥാനത്ത് നിയമിക്കുന്ന രീതിയാണ് ഇപ്പോള്‍ പാര്‍ട്ടി പിന്തുടരുന്നതെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ ..

പ്രതിപക്ഷനേതാവ് ഇന്ന ജാതിക്കാരൻ. അല്ലെങ്കിൽ കെപിസിസി പ്രസിഡന്റ് ഇന്ന ജാതിക്കാരൻ–ഇത്തരം വരട്ടുവാദങ്ങൾ മാറണം. ഇത്തവണയെങ്കിലും ജാതി സമ്പ്രദായത്തിൽ കാര്യങ്ങളെ നോക്കിക്കാണരുത്. സുധീരൻ ഒഴിഞ്ഞ സാഹചര്യത്തിൽ ജാതി അടിസ്ഥാനത്തിൽ നേതാവിനെ കണ്ടെത്തുന്നത് ആത്മഹത്യാപരമായിരിക്കും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കഴിയുന്ന,ഊർജസ്വലനായ യുവനേതാവാകണം പാർട്ടി തലപ്പത്തേക്ക് എത്തേണ്ടത്. കോൺഗ്രസിൽ കഴിവുള്ള ധാരാളം നേതാക്കളുണ്ട്. വി.ഡി.സതീശൻ,കെ.മുരളീധരൻ,പി.സി.വിഷ്ണുനാഥ് തുടങ്ങി നിരവധി പേർ. എന്നാല്‍ ഇത്തരം നേതാക്കൾക്കുപകരം പെട്ടി എടുക്കുന്ന നേതാക്കളാണ് കോൺഗ്രസിന്റെ ദുരന്തം. സംഘടനാപാടവം ഉള്ള ആളുകൾ കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് വരണമെന്നാണ് അഭിപ്രായം. ഇതൊക്കെ മുൻകൂട്ടി കാണാൻ നേതൃത്വത്തിന് കഴിയണം. പാർട്ടിയെ ശക്തിപ്പെടുത്താൻ നേതൃനിരയിലേക്ക് പുതിയ ആളുകൾ വരണമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി തന്നെ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ഒരു മുന്നറിയിപ്പായി കാണാൻ കേരളത്തിലെ പാർട്ടി നേതൃത്വം തയ്യാറാവണം.

കോൺഗ്രസിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് അവർ ഇപ്പോള്‍ യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ നേരിട്ടുന്നത്. ഫലപ്രഖ്യാപനം ഉണ്ടായപ്പോൾ ഏറ്റവും വേദന തോന്നിയത് ഇറോം ശർമ്മിളയുടെ തോൽവിയിലാണ്. ഒരു ജനതയ്ക്കുവേണ്ടി പോരാടിയിട്ടും അവർക്ക് കിട്ടിയത് നൂറിൽ താഴെ വോട്ടാണ്. മണിപ്പൂരിലെ ജനതയ്ക്കു വേണ്ടി മരിക്കാൻ തയ്യാറായ നേതാവായിരുന്നു ഇറോം. മഹാത്മാ ഗാന്ധിക്ക് ശേഷം ഇത്രയും ത്യാഗം സഹിച്ച നേതാവ് രാജ്യത്തുണ്ടാകില്ല. എന്നാല്‍ അവരോട് ജനങ്ങളുടെ നന്ദികേട് കാണുമ്പോൾ ഭയം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിൽ ഒരു പ്രതിപക്ഷമായി പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഈ വീഴ്ചയിൽ നേട്ടമുണ്ടാക്കുന്നത് ബിജെപിയാണ്. യുവാക്കളെ കൂടെ നിർത്താൻ കോൺഗ്രസിന് കഴിയണം. അല്ലെങ്കില്‍ പാർട്ടി കൂടുതൽ തകർച്ചയിലേക്ക് പോകും. കോൺഗ്രസിന്റെ നിലനിൽപ്പു പോലും ചോദ്യം ചെയ്യപ്പെടാം.

ഇനിയും താന്‍ രാഷ്ട്രീയ സിനിമകളെഴുതും. മകൻ നിതിനു വേണ്ടി എഴുതുന്ന സിനിമയുടെ പണിപ്പുരയിലാണ് താനെന്നും രഞ്ജി പണിക്കര്‍ മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button