ഇന്നലെ അന്തരിച്ച യുവ സംവിധായകൻ ദീപന്റെ (46) സംസ്കാരം നടന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദീപൻ ഇന്നലെ രാവിലെ 10.47നാണ് അന്തരിച്ചത്. ഇന്ന് രാവിലെ 10.30ന് നേമം മെരിലാൻഡ് സ്റ്റുഡിയോയ്ക്ക് സമീപമുള്ള ദീപന്റെ വീടായ ദീപാ നിവാസിലായിരുന്നു സംസ്കാരം.
ഇന്നലെ ഉച്ചയ്ക്ക് 1.30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപം ദീപൻ താമസിച്ചിരുന്ന ഫ്ളാറ്റിൽ പൊതുദർശനത്തിന് വച്ചു. അവിടെ മമ്മൂട്ടി, സംവിധായകൻ സിദ്ദിഖ് തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. രാത്രി ഒൻപതു മണിയോടെ തിരുവനന്തപുരത്തെ വീട്ടില്‍ ദീപന്റെ മൃതദേഹം എത്തിച്ചു. തിരുവനന്തപുത്തെ വീട്ടിൽ നടന്മാരായ ജയറാം, സിദ്ദിഖ്, രഞ്ജി പണിക്കർ, സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ, ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങി സിനിമാ മേഖലയിലെയും മറ്റും നിരവധി പേർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.
പരേതനായ വെളിയം ചന്ദ്രശേഖരന്റെയും ഡബ്ബിംഗ് ആർട്ടിസ്റ്റ് ആനന്ദവല്ലിയുടെയും മകനാണ് ദീപന്. ഷാജി കൈലാസ് ഉൾപ്പെടെ ഒട്ടേറെ പ്രമുഖരുടെ സഹസംവിധായകനായി പ്രവർത്തിച്ച ദീപൻ 2003ൽ സായികുമാറിനെ നായകനാക്കി ‘ദ കിംഗ് മേക്കർ ലീഡർ’ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. 2009ല്‍ പൃഥിരാജ് നായകനായ പുതിയമുഖം എന്ന സൂപ്പർഹിറ്റ് ചിത്രത്തോടെ മുന്‍ നിര സംവിധായകനായി. ഹീറോ, സിം, ഗാംഗ്സ് ഒഫ് വടക്കുംനാഥൻ, ഡോൾഫിൻസ് എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. സുരേഷ് ഗോപി നായകനായ ഡോൾഫിൻ ബാറാണ് ദീപന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജയറാം നായകനായ സത്യയുടെ മിക്സിംഗ് ജോലികൾ പുരോഗമിക്കുന്നതിനിടയിലാണ് ദീപന് അസുഖം മൂർച്ഛിച്ചതും മരണത്തിനു കീഴടങ്ങിയതും
Post Your Comments